വിശാഖപട്ടണം : കരിയറിലെ കഷ്ടകാലം കടന്നുകിട്ടാൻ 10 മാസത്തോളം കാത്തിരുന്നുവെന്ന് വിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഹാട്രിക് നേടി സ്റ്റാറായ ഇന്ത്യൻ ചൈനാമാൻ സ്പിന്നർ കുൽദീപ് യാദവ്. യുസ്‌വേന്ദ്ര ചഹലിനൊപ്പം ഷോർട്ട് ഫോർമാറ്റുകളിൽ സ്ഥിര സാന്നിദ്ധ്യമായിരുന്ന കുൽദീപ് ലോകകപ്പിന് ശേഷം ടീമിൽനിന്ന് പൂർണമായും തഴയപ്പെടുകയായിരുന്നു. നാല് മാസത്തിന് ശേഷം വിൻഡീസിനെതിരെ നടന്ന ട്വന്റി 20 യിലൂടെയാണ് കളത്തിലിറങ്ങിയത്.
2 അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ രണ്ട് ഹാട്രിക്കുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് കുൽദീപ്. 2017 ൽകൊൽക്കത്തയിൽ ആസ്ട്രേലിയയ്ക്ക് എതിരെയായിരുന്നു കുൽദീപിന്റെ ആദ്യ ഹാട്രിക്.
ഇൗവർഷം ഹാട്രിക് നേടുന്ന നാലാമത്തെ ഇന്ത്യൻ താരമാണ് കുൽദീപ്. ലോകകപ്പിൽ ഷമിയും വിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ ബുംറയും ബംഗ്ളാദേശിനെതിരായ ട്വന്റി 20 പരമ്പരയിൽ ദീപക് ചഹറും ഹാട്രിക് നേടിയിരുന്നു.
ദീപക് ചഹറിന് പരിക്ക്
കട്ടക്ക് : നടുവിന് പരിക്കേറ്റ ഇന്ത്യൻ യുവ പേസർ ദീപക് ചഹർ കട്ടക്കിൽ ഞായറാഴ്ച വിൻഡീസിനെതിരെ നടക്കുന്ന മൂന്നാം ഏകദിനത്തിൽ കളിക്കാനുണ്ടാവില്ല. പകരം യുവ പേസർ നവ്ദീപ് സെയ്‌നിയെ ടീമിലെടുത്തിട്ടുണ്ട്.