ബാലരാമപുരം: സ്വാഭാവിക മരണമെന്ന് കരുതിയ വൃദ്ധയുടെ മരണം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ വളർത്തു മകനുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. അയണിമൂട് റോഡരികത്ത് വീട്ടിൽ കൗസല്യയുടെ (80) മരണവുമായി ബന്ധപ്പെട്ടാണ് ഇവരെ പിടികൂടിയത്. വളർത്തു മകൻ അയണിമൂട് റോഡരികത്ത് വീട്ടിൽ അയ്യപ്പൻ (26), മണ്ണാറമുട്ടം കോളനിയിൽ പിക്കി എന്ന് വിളിക്കുന്ന ദേവകൻ (28), മണ്ണാറമുട്ടം കോളനിയിൽ സുരേഷ് കുമാർ എന്ന് വിളിക്കുന്ന തവക്കള ബാബു (41) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ നവംബർ 10ന് കൗസല്യയെ ബോധരഹിതയായി വീട്ടിൽ കാണപ്പെടുകയും ചികിത്സയിലിരിക്കെ നവംബർ 29 ന് മരണം സംഭവിച്ചു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നെങ്കിലും സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും തലയ്ക്കടിയേറ്റാണ് മരണമെന്ന് സ്ഥിരീകരിച്ചു. ഇതോടെയാണ് അന്വേഷണം ഇവരിലേക്ക് നീണ്ടത്. മകൾ ഇടയ്ക്ക് കാണാൻ വരുമെങ്കിലും വളർത്തുമകനായ അയ്യപ്പനോടൊപ്പമാണ് വൃദ്ധ താമസിച്ചിരുന്നത്. ഇവരുടെ മരണത്തിന് പിന്നാലെ ഇയാൾ ഒളിവിൽ പോയതും സംശയത്തിനിടയാക്കി. ആക്രി സാധനങ്ങൾ ശേഖരിച്ച് ഉപജീവനം നടത്തുകയായിരുന്ന വൃദ്ധയെ സഹായിച്ചിരുന്നതും അയ്യപ്പനും കൂട്ടാളികളുമാണ്. പ്രതികൾ ശേഖരിച്ചു വച്ചിരുന്ന ആക്രി സാധനങ്ങൾ വൃദ്ധ വിറ്റത് വൈരാഗ്യത്തിനിടയാക്കി. വിറ്റ് കിട്ടിയ പണത്തെച്ചൊല്ലിയും പല തവണ വാക്കേറ്റം നടന്നതായും പൊലീസ് കണ്ടെത്തി. 28 ന് രാത്രി പത്ത് മണിയോടെ കമ്പി വിറ്റുകിട്ടിയ പണത്തെച്ചൊലി അയ്യപ്പനുമായി വാക്കേറ്റമായി. ഉന്തിലും തള്ളലിനുമിടെ വൃദ്ധയുടെ തല കട്ടിലിൽ ഇടിക്കുകയായിരുന്നു. അബോധാവസ്ഥയിലായ ഇവരെ അയ്യപ്പനും കൂട്ടാളികളും ചേർന്ന് വലിച്ചിഴച്ച് തറയിലിട്ട ശേഷം ഒളിവിൽ പോവുകയായിരുന്നു. ദൂരെ താമസിക്കുന്ന മകളെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. തുടർന്ന് ബോധം നഷ്ടപ്പെട്ടായിരുന്നു ചികിത്സയിൽ കഴിഞ്ഞത്. റൂറൽ എസ്.പി അശോക് കുമാറിന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകര ഡിവൈ.എസ്.പി അനിൽകുമാർ, സി.ഐ ധനപാലൻ. എ.എസ്.ഐമാരായ ജോയി, അനിൽകുമാർ, എസ്.സി.പി.ഒ പ്രദീപ്കുമാർ, സി.പി.ഒമാരായ ഷിജുലാൽ, സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു.