കോവളം : തിരുവല്ലത്ത് ആൾക്കൂട്ട ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികളിൽ ഏഴാമനും പിടിയിലായി. നെടുമങ്ങാട് സ്വദേശിയയും തിരുവല്ലം പ്ലാംകോണം ചരുവിളാകത്ത് പുത്തൻവീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അസീം (25) ആണ് പിടിയിലായത്. അസീമിനെ കൂടാതെ മറ്റു ആറു പേരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.മർദ്ദനമേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അജേഷ് മരിച്ചെന്ന് അറിഞ്ഞതോടെ അസീം ഒളിവിൽ പോകുകയായിരുന്നു. ഇയാളുടെ ഓട്ടോറിക്ഷ മുട്ടത്തറ സ്വദേശിക്ക് വിറ്റു കിട്ടിയ പണവുമായാണ് ഒളിവിൽ പോയത്. എറണാകുളത്തേക്ക് കടന്ന പ്രതി ഒരു സ്വകാര്യസ്ഥാപനത്തിൽ ഡ്രൈവറായി ജോലി തരപ്പെടുത്തി. തുടർന്ന് തിരുവനന്തപുരം ജില്ലാ കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം തേടിയെത്തുന്നതിനിടെയാണ് പിടിയിലായത്. തിരുവല്ലം എസ്.എച്ച്.ഒ. വി.സജികുമാർ, എസ്.ഐ സമ്പത്ത് എന്നിവരുടെ നേത്യത്വത്തിലുള്ള അന്വേഷണ സംഘത്തിന് ലഭിച്ച രഹസ്യവിരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ പുലർച്ചയോടെ നഗരത്തിൽ നിന്ന് അസീമിനെ പിടികൂടിയത്. പ്രതികളിലൊരാളായ സജിമോന്റെ പണവും മൊബൈലും മോഷ്ടിച്ചെന്ന് ആരോപിച്ചാണ് പ്രതികൾ സംഘടിച്ചെത്തി അജേഷിനെ ക്രൂരമായി മർദ്ദിച്ചും വെട്ടുകത്തി പഴുപ്പിച്ച് ശരീരമാസകലം പൊള്ളലേൽപ്പിച്ചും ഗുരുതരാവസ്ഥയിലാക്കി കടന്നുകളഞ്ഞത്. അജേഷിനെ മറ്റുള്ളവർക്ക് കാണിച്ചുകൊടുത്തത് പിടിയിലായ അസീമാണെന്ന് എസ്.ഐ പറഞ്ഞു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. മറ്റ് പ്രതികളെ കസ്റ്റഡിയിൽ വിട്ട് കിട്ടുന്നതിനായ പൊലീസ് അപേക്ഷ നൽകി.