കാട്ടാക്കട: കാട്ടാക്കട തിരുവനന്തപുരം റോഡിൽ അപകടം പതിയിരിക്കുന്നു. കാട്ടാക്കട നിന്നും നെയ്യാറ്റിൻകര റോഡ് തിരിയുന്നത് മുതൽ ചപ്പാത്ത്, എട്ടിരുത്തി റോഡ് വരെയാണ് അപകടം പതിവാകുന്നത്. കൊടും വളവുകളും റോഡിനിരു വശവും സ്ലാബ് ഇല്ലാത്ത ഓടയും, അലക്ഷ്യമായുള്ള വാഹന പാർക്കിംഗും കാൽ നടയാത്രക്കാർക്ക് ഭീഷണിയാകുന്നുണ്ട്.
കാട്ടാക്കട തിരുവനന്തപുരം പട്രോൾ ബങ്കിന് സമീപത്തെ റോഡിൽ അടിക്കടി ഉണ്ടാകുന്ന വെള്ളക്കെട്ട് ഏറെ ദുരിതമാകുന്നു. സ്ലാബുകൾ ഇല്ലാത്ത ഓടയിൽ മാലിന്യത്തോടൊപ്പം മഴവെള്ളം കൂടിയെത്തുന്നതാണ് വെള്ളക്കെട്ടിന് കാരണം. ഇവിടെ സ്ലാബുകളും, കലുങ്കും പൊളിച്ച് മാലിന്യവും മണ്ണും നീക്കിയെങ്കിലും പൊട്ടിയ സ്ലാബുകൾ മാറ്റിയില്ല.
കുളത്തുമ്മൽ ഹയർ സെക്കൻഡറി സ്കൂളിലെ ഭൂരിഭാഗം വിദ്യാർത്ഥികളും ആശ്രയിക്കുന്ന റോഡാണിത്. രാവിലെയും വൈകിട്ടും തിരക്കേറുന്ന സമയത്തു കാൽ നടയായും, സൈക്കിളിലും സഞ്ചരിക്കുന്ന വിദ്യാർത്ഥികൾ ഭയന്നാണ് ഇതുവഴി പോകുന്നത്. വെള്ളക്കെട്ട് കാരണം യാത്രാക്കാർക്ക് മാറി സഞ്ചരിക്കാൻ പോലും ഇടമില്ല. പൊട്ടിയ സ്ലാബിന് മുകളിലും ഓടയുടെ വശത്തുമായി നിൽക്കുന്നതും അപകടങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഈ റോഡിലെ അലക്ഷ്യമായി പാർക്കിങ്ങും വഴിയാത്രക്കാർക്ക് പലവിധ ദുരിതങ്ങൾ സമ്മാനിക്കുന്നു. തലങ്ങും വിലങ്ങുമുളള പാർക്കിംഗ് കാരണവും കാൽനട യാത്രക്കാർക്ക് റോഡിലേക്ക് കയറിയേ സഞ്ചരിക്കാൻ കഴിയൂ. മഴ മാറി നിൽക്കുന്ന ഈ സമയത്തെങ്കിലും കാട്ടാക്കട തിരുവനന്തപുരം റോഡിനെ അപകട രഹിത റോഡ് ആക്കാൻ നടപടി ഉണ്ടാകണം എന്ന ആവശ്യം ശക്തമാണ്.