തിരുവനന്തപുരം: പൗരത്വഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭങ്ങൾക്കിടെ ഇന്നലെ മംഗളൂരൂവിലുണ്ടായ വെടിവയ്‌പിൽ രണ്ടുപേർ മരിച്ചതിൽ പ്രതിഷേധിച്ച് അർദ്ധരാത്രിയിൽ കെ.എസ്.യു പ്രവർത്തകർ റെയിൽവേ ട്രാക്കിൽ പ്രതിഷേധിച്ചു. ഇന്നലെ രാത്രി 11.30ഓടെയാണ് പ്രവർത്തകർ റെയിൽവേ സ്റ്റേഷനിലേക്ക് എത്തിയത്. ട്രാക്കിൽ സർവീസ് കഴിഞ്ഞ് നിറുത്തിയിട്ടിരുന്ന ട്രെയിനുമുന്നിൽ കുത്തിയിരുന്ന് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. റെയിൽവേ പൊലീസ് ആദ്യം ഇവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പൊലീസുമായി പ്രവർത്തകർ തട്ടിക്കയറാൻ ശ്രമിച്ചു. ഒടുവിൽ ഗുരുവായൂർ എക്‌സ്‌പ്രസ് എത്തുന്നതിന് മുമ്പ് കൂടുതൽ പൊലീസ് സ്ഥലത്തെത്തി ബലംപ്രയോഗിച്ച് പ്രവർത്തകരെ ട്രാക്കിൽ നിന്നും മാറ്റി. സ്റ്റേഷന് പുറത്തിറങ്ങിയവർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. 12.15ഓടെ ഇവരെ അറസ്റ്റുചെയ്തു നീക്കി.