sabarimala

ശബരിമല: ശബരിമലയിൽ ഇനി ഒരില അനങ്ങിയാൽ അറിയും. അത് കണ്ടറിയാനുള്ള അത്യന്താധുനിക ഉപകരണങ്ങൾ അമേരിക്കയിൽ നിന്നെത്തി. തീവ്രവാദ ഭീഷണിയുടെ പശ്ചാത്തലത്തിൽ സുരക്ഷ കൂടുതൽ ശക്തമാക്കാനാണ് മൂന്നര കോടി രൂപ വില വരുന്ന സുരക്ഷാ ഉപകരണങ്ങൾ സ്ഥാപിച്ചത്.

അത്യാധുനിക യന്ത്രസാമഗ്രികളും ബോംബ് സ്‌ക്വാഡും പരിശീലനം നേടിയ സേനാംഗങ്ങളും ഏതു സാഹചര്യത്തെയും നേരിടാൻ നിതാന്ത ജാഗ്രതയിലാണെന്ന് ഉന്നത പൊലിസ് ഉദ്യോഗസ്ഥർ കേരളകൗമുദി ഫ്ളാഷിനോട് പറഞ്ഞു.

ഡോർ ഫ്രെയിം മെറ്റൽ ഡിറ്റക്ടർ, ഹാൻഡ് ഹെൽഡ് മെറ്റൽ ഡിറ്റക്ടർ, മൈൻ സ്വീപ്പർ, എക്‌സ്‌പ്ലോസീവ് ഡിറ്റക്ടർ, പോർട്ടബിൾ എക്‌സ്റേ മെഷീൻ, തെർമൽ ഇമേജിംഗ് കാമറ, എക്‌സ്റേ ബാഗേജ് സ്‌കാനർ, നോൺ ലീനിയർ ജംഗ്ഷൻ ഡിറ്റക്ടർ, ബോംബ് സ്യൂട്ട്, എക്സ്റ്റഷൻ മിറർ, റിയൽ ടൈം വ്യൂയിംഗ് സിസ്റ്റം, ഒരു കിലോ മീറ്ററോളം വെളിച്ചം പ്രസരിപ്പിക്കുന്ന കമാൻഡോ ടോർച്ചുകൾ തുടങ്ങിയ സംവിധാനങ്ങളാണ് ശബരിമലയുടെ സുരക്ഷിതത്വത്തിന് മാത്രമായി ഉപയോഗിക്കുന്നത്.

മൈൻ സ്വീപ്പർ

എട്ട് മുതൽ പത്തുലക്ഷം രൂപ വരെയാണ് മൈൻ സ്വീപ്പറിന്റെ വില. എവിടെയെങ്കിലും സ്ഫോടനം നടന്നാൽ ഏത് സ്‌ഫോടക വസ്തുവാണെന്ന് കണ്ടെത്തുന്നതിനുള്ള ഉപകരണമാണ് എക്‌സ്‌പ്ലോസീവ് ഡിറ്റക്ടർ. എവിടെയെങ്കിലും സ്‌ഫോടക വസ്തുവിന്റെ സാന്നിദ്ധ്യം അറിഞ്ഞാൽ അതിനെ സ്‌കാൻ ചെയ്ത് ഫ്യൂസ് കണ്ടെത്തി നിർവീര്യമാക്കുന്ന ഉപകരണമാണ് പോർട്ടബിൾ എക്‌സ് റേ മെഷീൻ. ദൂരെയിരുന്ന് വയർ കട്ട് ചെയ്യാവുന്ന റിമോട്ട് വയർ കട്ടറുമുണ്ട്.

തെർമൽ ഇമേജിംഗ് കാമറ

മറഞ്ഞു നിൽക്കുന്ന അക്രമിയുടെ താപം സ്വാംശീകരിച്ച് രാപകലന്യേ ചിത്രമെടുക്കുന്ന കാമറയാണ് തെർമൽ ഇമേജിംഗ് കാമറ. വൈദ്യുതി വിതരണ സംവിധാനത്തിലൂടെ ആസൂത്രണം ചെയ്യപ്പെട്ടേക്കാവുന്ന സ്‌ഫോടനങ്ങൾ മുൻകൂട്ടി കണ്ടുപിടിക്കുന്നതിനാണ് നോൺ ലീനിയർ ജംഗ്ഷൻ ഡിറ്റക്ടർ ഉപയോഗിക്കുന്നത്. സെമി കണ്ടക്ടറുകളുടെ സാന്നിദ്ധ്യം കണ്ടുപിടിക്കാനും ഇതുപയോഗിക്കാം.
ബോംബ് സ്യൂട്ടിന് 110 കിലോഗ്രാം ഭാരം വരും. ഹെൽമെറ്റ്, കമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ എന്നിവ ഇതിനൊപ്പമുണ്ടാകും. ബോംബ് നീക്കം ചെയ്യേണ്ടി വരുമ്പോൾ ബോംബിനടുത്തേക്ക് പോകുന്നയാൾ ധരിക്കാനുള്ളതാണിത്. അത്യന്താധുനിക ഉപകരണങ്ങളുമായി ശബരിമലയുടെ മുക്കിലും മൂലയിലും സേനാംഗങ്ങൾ 24 മണിക്കൂറും റാൻഡം പട്രോളിംഗ് നടത്തുന്നുണ്ട്. എക്‌സ്‌പ്ലോസീവ് രംഗത്ത് പ്രത്യേക പരിശീലനം നേടിയ പൊലീസ് സേനാംഗങ്ങളെയാണ് ഇത്തരം ഉപകരണങ്ങൾ കൈകാര്യം ചെയ്യാനായി നിയോഗിച്ചിരിക്കുന്നത്. കേരളത്തിനകത്തും പുറത്തും പ്രത്യേക പരിശീലനം ലഭിച്ച വിദഗ്ദ്ധരാണിവർ. ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചാൽ റിപ്പയർ ചെയ്യാൻ വൈദഗ്ദ്ധ്യമുള്ള ടെക്‌നിഷ്യൻമാരും സംഘത്തിലുണ്ട്.

തീർത്ഥാടന പാതയിൽ ട്രോളി മിറർ

നിലയ്ക്കൽ, പമ്പ, സന്നിധാനം തുടങ്ങി തീർത്ഥാടന പാതയിലെങ്ങും അതീവ ജാഗരൂകരായി പൊലീസിന്റെ സുരക്ഷാ ഭടന്മാരെ മണ്ഡല കാലാരംഭത്തിൽ തന്നെ വിന്യസിച്ചിട്ടുണ്ട്. പ്ലാപ്പള്ളിയിലും നിലയ്ക്കലിലും ട്രോളി മിറർ പോലുള്ള സാങ്കേതിക സംവിധാനങ്ങളുപയോഗിച്ചാണ് വാഹന പരിശോധന. പമ്പാ ഗണപതി ക്ഷേത്രത്തിന്റെ പടി കയറാൻ തുടങ്ങുന്നിടത്ത് തന്നെ ഭക്തജനങ്ങളെ സുരക്ഷാ പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ട്. ബോഡി ചെക്കിംഗ്, ഗാർഡ് റൂം, ബാഗേജ് സ്‌കാനർ എന്നീ പരിശോധനകൾക്ക് ശേഷമേ ഭക്തർക്ക് കടന്നു പോകാനാവൂ. നീലിമലയിലും മരക്കൂട്ടത്തും വീണ്ടും പരിശോധനയുണ്ടാവും.

നടപ്പന്തലിൽ ബാഗേജ്, ബോഡി പരിശോധന

നടപ്പന്തലിലെത്തിയാൽ അവിടെയും ബാഗേജ്, ബോഡി ചെക്കിംഗ് ഉണ്ട്. പുല്ലുമേട് വഴി വരുന്നവർക്ക് പാണ്ടിത്താവളത്തും വാവരുടെ നടയിലും പരിശോധനയ്ക്ക് വിധേയരാക്കും.
മണ്ഡല ​- മകരവിളക്ക് തീർത്ഥാടന കാലം കഴിഞ്ഞാലും ഈ ഉപകരണങ്ങൾ വരും കാലങ്ങളിലും ശബരിമലയുടെ സുരക്ഷയ്ക്കായി ഉപയോഗിക്കാനാണ് തീരുമാനമെന്നും പത്തനംതിട്ട ജില്ലാ പൊലീസ് ചീഫ് അറിയിച്ചു.