തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്ക് കുമ്മനം രാജശേഖരൻ വീണ്ടുമെത്താൻ സാധ്യത. പാർട്ടിയിലെ ഗ്രൂപ്പ് യുദ്ധം മൂർച്ഛിച്ചതോടെയാണ് കുമ്മനത്തിന് സാധ്യതയേറുന്നത്. എം.ടി രമേശിന് വേണ്ടി കൃഷ്ണദാസ് പക്ഷവും കെ.സുരേന്ദ്രനായി മുരളീധരപക്ഷവും വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി മുന്നോട്ടുപോകുന്നതിനാലാണിത്. സമവായത്തിന് ശ്രമിക്കേണ്ടതില്ലെന്ന് ആർ.എസ്.എസ് നിലപാടെടുത്തതായാണ് വിവരം. തീരുമാനം ബി.ജെ.പി ദേശീയ നേതൃത്വം എടുക്കട്ടെയെന്ന നിലപാടിലാണ് ആർ.എസ്.എസ്. കുമ്മനത്തെ വീണ്ടും പാർട്ടി തലപ്പത്തേക്ക് കൊണ്ടുവരണമെന്നാണ് ബി.ജെ.പിയിലെയും ആർ.എസ്.എസിലെയും മുതിർന്ന നേതാക്കളുടെ വാദം. ലോക്‌സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി മിസോറാമിലെ ഗവർണർ സ്ഥാനമൊഴിഞ്ഞ കുമ്മനത്തിന് ഇപ്പോൾ ഒൗദ്യോഗിക പദവികളൊന്നുമില്ല. സംഘടന തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബൂത്തുതല തിരഞ്ഞെടുപ്പിനുശേഷം മണ്ഡലംസമിതി രൂപീകരണമാണ് ഇപ്പോൾ പാർട്ടിയിൽ പൂർത്തിയായിവരുന്നത്. മണ്ഡലം പ്രസിഡന്റുമാരെ 23 ന് പ്രഖ്യാപിക്കും. ഇതിന് മുന്നോടിയായി ജില്ലകളുടെയും മണ്ഡലങ്ങളുടെയും ചുമതലയുള്ള നേതാക്കളുടെ യോഗം ചേരും.
മണ്ഡലംസമിതികളിൽ മേൽക്കൈയുണ്ടെന്നാണ് മുരളീധര പക്ഷത്തിന്റെയും കൃഷ്ണദാസ് പക്ഷത്തിന്റെയും വാദം. സംഘടനാ സെക്രട്ടറി ബി.എൽ. സന്തോഷ് ബി.ജെ.പി നേതാക്കളുമായി ആശയവിനിമയം നടത്തിയെങ്കിലും സംസ്ഥാന അദ്ധ്യക്ഷൻ ആരാകണമെന്നതുസംബന്ധിച്ച് ധാരണയായില്ല.