sthalam

കല്ലമ്പലം: അസൗകര്യങ്ങൾക്ക് നടുവിലുള്ള പഞ്ചായത്തോഫീസ് പോലും വികസിപ്പിക്കാൻ കഴിയാത്തവർ നാട്ടിലെങ്ങനെ വികസനം കൊണ്ടുവരുമെന്നാണ് പള്ളിക്കൽ പഞ്ചായത്തധികൃതരോട് നാട്ടുകാരുടെ ചോദ്യം . പഞ്ചായത്തിനായി സൗകര്യപ്രദമായ കെട്ടിടം പോലും നിർമ്മിക്കാനാകാതെ പഞ്ചായത്തിന്റെ മെല്ലെ പോക്ക് നയത്തിൽ വ്യാപക പ്രതിഷേധം. പഞ്ചായത്തോഫീസിലെ സ്ഥലപരിമിതിയെ അതിജീവിക്കാൻ ആസൂത്രണം ചെയ്ത വികസന പദ്ധതികൾ ഒന്നും തന്നെ നടപ്പാക്കിയില്ല. പള്ളിക്കൽ ജംഗ്ഷനിൽ 50 സെന്റ്‌ ഭൂമിയിലാണ് ഓഫീസ് മന്ദിരമടക്കമുള്ള കെട്ടിടങ്ങളുള്ളത്. ഒന്നാം നിലയിലാണ് പഞ്ചായത്ത്‌ ഓഫീസ് പ്രവർത്തിക്കുന്നത്. താഴത്തെ നിലയിൽ വാടകയ്ക്ക് പ്രവർത്തിക്കുന്ന കട മുറികളാണ്.

കഴിഞ്ഞ കാലങ്ങളിലും ഓഫീസ് വികസനം ആലോചിച്ചെങ്കിലും ഒന്നും നടപ്പാക്കാനായില്ല. നിലവിലെ ഭരണസമിതി വികസനം യാഥാർത്ഥ്യമാക്കാൻ നടത്തിയ നടപടികളിലൂടെ 2017 - 18 വർഷത്തിൽ ലോകബാങ്ക് വായ്പാ ഫണ്ടിൽനിന്ന് 22 ലക്ഷം രൂപ കെട്ടിടനിർമ്മാണത്തിന് അനുവദിച്ചു. നിർമ്മാണകരാർ നൽകുകയും ചെയ്തു. എന്നാൽ നിർമ്മാണ പ്രവർത്തനങ്ങൾ അൽപ്പവും മുന്നോട്ട് പോയില്ല. നിർമ്മാണ നടപടികൾ നടക്കാതായതോടെ അനുവദിച്ച തുകയും നഷ്ടമായി. കരാറുകാരൻ പണി തുടങ്ങിയപ്പോൾ സ്ഥലവും വഴിയും സംബന്ധിച്ച് ചിലർ ഉയർത്തിയ അവകാശവാദങ്ങളും എതിർപ്പുമാണ് നിർമ്മാണം നടത്താൻ കഴിയാതെ പോയതിന് പ്രധാനകാരണമായി പറയുന്നത്. പഞ്ചായത്തോഫീസ് നവീകരണമെങ്കിലും നടപ്പാക്കാനാവുമോയെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. പഞ്ചായത്ത് ക്ഷേമ പദ്ധതികളും, പല വികസന പദ്ധതികളും കാര്യക്ഷമമായി നടക്കുന്നില്ലെന്നും ആക്ഷേപം ഉണ്ട്.