കല്ലമ്പലം: ഒറ്റൂർ ഗ്രാമപഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്നാക്ഷേപം. പഞ്ചായത്തിലെ പല ക്ഷേമ പദ്ധതികളും സമയ ബന്ധിതമായി പൂർത്തിയാക്കാൻ അധികൃതർക്കാകുന്നില്ലെന്നും ഉദ്യോഗസ്ഥരുടെ അനാസ്ഥയാണിതിന് കാരണമെന്നും നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു. ക്ഷേമ പെൻഷനുകൾക്ക് അപേക്ഷിച്ചാൽ 45 ദിവസത്തിനകം നടപടി എടുക്കണമെന്നിരിക്കെ മാസങ്ങൾ കഴിഞ്ഞാണ് നടപടിയുണ്ടാകുന്നത്.
5 -ാം വാർഡിൽ ഒരു സിദ്ധ ആശുപത്രി തുടങ്ങാൻ വാർഡ് മെമ്പർ ബി. ശ്രീകുമാർ മുൻകൈയെടുത്ത് ഒരു വ്യക്തിയിൽ നിന്നും പത്ത് സെന്റ് സ്ഥലം സൗജന്യമായി വാങ്ങിക്കൊടുത്ത് തുടർ നടപടികളുമായി മുന്നോട്ട് പോയെങ്കിലും സർക്കാർ അനുവദിച്ചില്ല. സി.പി.എമ്മും കോൺഗ്രസും വികസനത്തിന് തടയിടുന്നെന്ന് പഞ്ചായത്തിലെ ബി.ജെ.പി അംഗങ്ങൾ ആരോപിക്കുന്നു. ബി.ജെ.പി അംഗങ്ങളുടെ വാർഡുകളിൽ ബ്ലോക്ക്, ജില്ലാപഞ്ചായത്ത്, എം.എൽ.എ, എം.പി എന്നിവിടങ്ങളിൽ നിന്ന് വികസനത്തിനായി ഫണ്ട് അനുവദിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
ഐ.എസ്.ഒ ലഭിച്ച പഞ്ചായത്തിൽ നിന്ന് പെർമിറ്റ്, ലൈസൻസ്, നമ്പർ, ഓണർഷിപ്പ് ചെയിഞ്ച് എന്നിവ ലഭിക്കുന്നതിന് ജനങ്ങൾ പലതവണ പഞ്ചായത്തിൽ കയറിയിറങ്ങേണ്ടി വരുന്നു. പാഥേയം പദ്ധതിയിൽ അർഹതപ്പെട്ടവരെ പൂർണമായും ഒഴിവാക്കി അനർഹരെ ഉൾപ്പെടുത്തി ഈ പദ്ധതി അട്ടിമറിച്ചതായും, പഞ്ചായത്ത് ഉദ്യോഗസ്ഥരും അനുബന്ധസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും മിക്ക ദിവസങ്ങളിലും പഞ്ചായത്തിൽ വരാറില്ലെന്നും, പല പ്രോജക്ടുകളും കമ്മിറ്റി തീരുമാനിക്കുന്നത് പോലെയല്ല നടപ്പിലാക്കുന്നതെന്നും, ഒറ്റൂർ ഗ്രാമപഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ നാഥനില്ലാക്കളരിപോലെയാണെന്നും ബി.ജെ.പി അംഗങ്ങൾ പറഞ്ഞു. ലൈഫ് ഭവന പദ്ധതി പ്രകാരം ലഭിച്ച വീടുകൾക്കും, കാലിത്തൊഴുത്തുകൾക്കും വൻ നികുതി ചുമത്തുന്നതായും പരാതിയുണ്ട്. ഇതിനെല്ലാം പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ബി.ജെ.പി അംഗങ്ങളായ എൻ.അജി, ബി.ശ്രീകുമാർ, സി. സന്തോഷ് എന്നിവർ അറിയിച്ചു.