fort-police-station-

തിരുവനന്തപുരം: വർഷങ്ങൾക്ക് മുമ്പ് ഉദയകുമാർ എന്ന യുവാവിനെ ശ്രീകണ്ഠേശ്വരത്തെ പാർക്കിൽ നിന്നും രാത്രി പിടിച്ചുകൊണ്ടു പോയി ഉരുട്ടിക്കൊന്ന് കുപ്രസി​ദ്ധമായ ഫോർട്ട് പൊലീസ് ഇപ്പോൾ മറ്റൊരു ഉരുട്ടൽ നടത്തുകയാണ്. അത് മുടിയിലാണെന്ന് മാത്രം. മുടിയിൽ കളറിട്ട് ചെത്തി നടന്നാൽ ഫോർട്ടുകാർ പൊക്കും. പിന്നെ ഒരു രക്ഷയുമില്ല. മുടിയിലൊരു ഉരുട്ടാണ്. കളർ മുഴുവൻ മാറ്റി മുടിയുടെ കളറിൽ ഡൈ അടിയ്ക്കും. ഫോർട്ട് പാെലീസിന്റെ പ്രധാന ജോലികളിലൊന്ന് 'ഡൈ" അടിക്കലായി മാറിയിരിക്കുകയാണ്. അതുകൊണ്ട് മുടിയിൽ പേടിയുള്ള കളർ ധാരികളൊന്നും ഇപ്പോൾ ഫോർട്ട് പൊലീസ് സ്റ്റേഷന്റെ നാലയലത്തുകൂടി പോകില്ല. പോയാൽ അപ്പോൾ പൊക്കി അകത്തുകൊണ്ടു പോയി മുടിയുടെ നിറം മാറ്റി പഴതുപോലെയാക്കും.

അങ്ങനെ ആരും മുടിയിൽ കളറിട്ട് നടക്കേണ്ട. നേരെ ചൊവ്വേ നടന്നാൽ മതി എന്നാണ് ഫോർട്ട് പൊലീസ് പറയുന്നത്.

ജയിൽ വകുപ്പ് കഴിഞ്ഞ ദിവസം സ്വന്തമായി ബ്യൂട്ടി പാർലർ ആരംഭിച്ചിരുന്നു. എന്നാൽ അതിനും എത്രയോ മുൻപ് മേക്കപ്പ് പണികളുമായി ഫോർട്ട് സ്റ്റേഷനിലെ ചില പൊലീസുകാർ രംഗത്ത് എത്തി കഴിഞ്ഞുവെന്നാണ് മുടി കറുപ്പിച്ച ചിലർ പറയുന്നത്. 'മുടി വളർത്തും, കളർ അടിക്കും,അത് ഞങ്ങളുടെ ഇഷ്ടം" എന്നൊക്കെ പറയാൻ സിനിമയിൽ മാത്രമേ കഴിയൂ എന്നും ഇത്തരം ചെത്ത് പയ്യന്മാരെ എവിടെ കണ്ടാലും അപ്പോൾ തന്നെ സ്റ്റേഷനിലെത്തിച്ചശേഷം വളരെ വൃത്തിയായി ഉത്തരവാദിത്തത്തോടെ ഡൈ ചെയ്തു വിടുകയും ചെയ്യുമെന്നാണ് ചില പൊലീസുകാർ രഹസ്യമായി പറയുന്നത്.

ബൈക്കിൽ പായുന്ന ഫ്രീക്കന്മാരാകും മിക്കവാറും ഇരയാകുന്നത്. സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളും ഇതിൽപെടും. മുടി കറുപ്പിക്കാനുള്ള ഡൈ പിടിയിലാകുന്നവർ തന്നെ വാങ്ങി നൽകണം. ഡൈ അടിച്ചു തരാനായി സുഹൃത്തുക്കളുടെയോ സഹപ്രതികളുടെയോ സഹായം തേടാവുന്നതാണ്. മേൽനോട്ടത്തിന് ഒരു ഉദ്യോഗസ്ഥനും ഉണ്ടാകും. ഡൈ ഉണങ്ങി മുടിയുടെ കളർ മാറി എന്ന് ഏമാന്മാർ പരിശോധിച്ച് ഉറപ്പു വരുത്തിയിട്ടേ സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങാനാകൂ. മുടിയിൽ കളർ അടിക്കുന്നതിനു നിരോധനമുണ്ടോ എന്ന് ചോദിച്ചാൽ രോമാഞ്ചം ഉണ്ടാകുന്ന തരത്തിലുള്ള ഭാഷാ പ്രയോഗം കേൾക്കേണ്ടി വരുമെന്നതിനാൽ കൂടുതൽ പേരും പ്രതിഷേധിക്കാറില്ല. മഞ്ഞ, പച്ച, ഓറഞ്ച് എന്നീ വ്യത്യസ്ത നിറങ്ങളിൽ മുടി കളർ ചെയ്യുന്നവർക്ക് നല്ല കറുത്ത മുടിയുമായി തിരിച്ചു പോകാം.