youth-congress

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് എ,ഐ ഗ്രൂപ്പുകൾ അന്തിമധാരണയിലെത്തി. എ ഗ്രൂപ്പിൽ നിന്ന് ഷാഫി പറമ്പിൽ എം.എൽ.എ സംസ്ഥാന പ്രസിഡന്റാകുമെന്ന് ഏതാണ്ട് ഉറപ്പായി. എന്നാൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഐ ഗ്രൂപ്പ് പ്രതിനിധിയായി നേരത്തെ തീരുമാനിച്ചിരുന്ന ശബരീനാഥ് എം.എൽ.എ ഉണ്ടാകില്ലെന്നാണ് അറിയുന്നത്. യൂത്ത് കോൺഗ്രസ് ബൈലോ അനുസരിച്ച് സംഘടനയ്ക്ക് നാല് വൈസ് പ്രസിഡന്റുമാരാണ് വേണ്ടത്. ഇതിൽ രണ്ട് പേർ പൊതുവിഭാഗത്തിൽ നിന്നും വനിത, സംവരണ വിഭാഗങ്ങളിൽ നിന്നായി ഓരോ പേരുമാണ് വൈസ് പ്രസിഡന്റാകേണ്ടത്. ഒരു വൈസ് പ്രസിഡന്റ് ആണെങ്കിൽ മാത്രം തന്നെ ഉൾപ്പെടുത്തിയാൽ മതിയെന്നാണ് ശബരീനാഥിന്റെ നിലപാട്. വൈസ് പ്രസിഡന്റ് സ്ഥാനത്തിനുപകരം ശബരിനാഥിന് ദേശീയ ജനറൽ സെക്രട്ടറി പദവി ലഭിച്ചേക്കും.

ഇരു ഗ്രൂപ്പുകൾക്കും രണ്ട് വൈസ് പ്രസിഡന്റ് സ്ഥാനം വീതം ലഭിക്കും. എ ഗ്രൂപ്പിൽ നിന്ന് റിയാസ് മുക്കോളി, എൻ.എസ് നുസൂർ എന്നിവരിൽ ഒരാൾ വൈസ് പ്രസിഡന്റാകും. എസ്.ജെ. പ്രേംരാജാണ് വൈസ് പ്രസിഡന്റാകുന്ന മറ്റൊരാൾ. ഐ ഗ്രൂപ്പിൽ നിന്ന് റിജിൽ മാക്കുറ്റിയും വിദ്യാ ബാലകൃഷ്ണനുമാകും വൈസ് പ്രസിഡന്റുമാർ. കൊല്ലം, ആലപ്പുഴ, കണ്ണൂർ, എറണാകുളം, വയനാട് , തൃശ്ശൂർ എന്നീ ആറ് ജില്ലകളിൽ ജില്ലാ പ്രസിഡന്റുമാർ ഐ ഗ്രൂപ്പിൽ നിന്നായിരിക്കും. ബാക്കി എട്ട് ജില്ലകളിൽ പ്രസിഡന്റ് സ്ഥാനം എ ഗ്രൂപ്പിനാണ്. കഴിഞ്ഞ കുറേകാലമായി ജില്ലാ പ്രസിഡന്റിന് പകരം പാർലമെന്റ് മണ്ഡലം പ്രസിഡന്റുമാരായിരുന്നു യൂത്ത് കോൺഗ്രസിൽ ഉണ്ടായിരുന്നത്. എന്നാൽ ജില്ലാ പ്രസിഡന്റ് തസ്തിക വീണ്ടും വന്നതോടെ ഇരുപതിൽ നിന്ന് പ്രസിഡന്റുമാരുടെ എണ്ണം പതിനാലായി ചുരുങ്ങിയത് ഇരുഗ്രൂപ്പിനും ജില്ലാ വീതംവയ്പ്പിൽ വലിയ തലവേദനയാണ് സൃഷ്ടിച്ചത്.

തലസ്ഥാനത്തെ ചൊല്ലി തർക്കം

തലസ്ഥാന ജില്ലയായതിനാൽ തന്നെ സംസ്ഥാന പ്രസിഡന്റുമായി മാനസിക ഐക്യമുള്ളവർ ജില്ലാ പ്രസിഡന്റാകുക എന്നതാണ് സംഘടനയിലെ പതിവ് രീതി. എ ഗ്രൂപ്പിലെ ഭിന്നത കാരണം ഐ ഗ്രൂപ്പിലേക്ക് പ്രസിഡന്റ് ചർച്ചകൾ നീങ്ങിയാൽ എം.ജെ. ആനന്ദ് ജില്ലാ പ്രസിഡന്റാകാനാണ് സാധ്യത. ആനന്ദ് പ്രസിഡന്റാകുന്നതിനോട് ഷാഫിക്കും വിയോജിപ്പില്ല. എന്നാൽ എൻ.എസ്. നുസൂറിനെ ജില്ലാ പ്രസിഡന്റാക്കണമെന്ന് എ ഗ്രൂപ്പിലെ ഒരുവിഭാഗം ആവശ്യപ്പെടുന്നു. നേമം നിയോജക മണ്ഡലം പ്രസിഡന്റായ ഷജീറിനെ ജില്ലാ പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ട് എം.വിൻസെന്റ് എം.എൽ.എയുടെ നേതൃത്വത്തിൽ ഒരു വിഭാഗം രംഗത്തുണ്ട്. കെ.എസ്.യു ജില്ലാ പ്രസിഡന്റ് മുസ്ലീം സമുദായത്തിൽ നിന്നുള്ളതായതിനാൽ യൂത്ത് കോൺഗ്രസിലും അതേസമുദായത്തിൽ നിന്ന് ഒരാൾ വേണ്ടെന്ന് എ ഗ്രൂപ്പിലെ ചില നേതാക്കൾ പറയുന്നു. തമ്പാനൂർ രവിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾക്ക് യു.ഡി.എഫ് ജില്ലാ ചെയർമാൻ സോളമൻ അലക്സിനെയും നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി പ്രതിപക്ഷ നേതാവ് ലളിത ടീച്ചറിന്റെ മകൻ നിനോ അലക്സിനെ ജില്ലാ പ്രസിഡന്റാക്കാനാണ് താത്പര്യം.