nagarasbha

തിരുവനന്തപുരം: പൊട്ടക്കുഴിയിലെ ഹോട്ടൽ നഗരസഭാ ഹെൽത്ത് വിഭാഗം ജീവനക്കാർ അടച്ചുപൂട്ടിയത് ഭക്ഷണം നൽകാത്തതിന്റെ വിരോധത്താലാണെന്ന് കാട്ടി ഹോട്ടലുടമയുടെ ഭർത്താവായ അഭിഭാഷകൻ പൊലീസിൽ പരാതി നൽകി. ഭാര്യയെ അസഭ്യം പറയുകയും അപമാനിക്കുകയും ഹോട്ടൽ പൂട്ടുകയും ചെയ്തതിനെതിരെ അഡ്വ. ബി.എസ് വിജയകുമാറാണ് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

കഴിഞ്ഞ ഒരു വർഷമായി പട്ടം പൊട്ടക്കുഴിയിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽ ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 11.30 ഓടെ നഗരസഭാ ജീവനക്കാരെന്ന് പറഞ്ഞ് യൂണിഫോമിട്ട രണ്ടുപേരും നാല് സുഹൃത്തുക്കളും ഭക്ഷണം കഴിക്കാനെത്തി. കച്ചവടം കഴിഞ്ഞ് കട കഴുകി വൃത്തിയാക്കുമ്പോഴാണ് ഇവരെത്തിയത്. പത്തരമണിയോടെ ഭക്ഷണമെല്ലാം തീർന്നതായും ഉണ്ടാക്കി തരാൻ കഴിയില്ലെന്നും അറിയിച്ചതിൽ അരിശം പൂണ്ട ജീവനക്കാർ കട പൂട്ടിക്കുമെന്നും നാളെ മുതൽ കച്ചവടം ചെയ്യുന്നത് കാണിച്ചുതരാമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. രാത്രിയിൽ ഹോട്ടലെന്ന പേരിൽ നടക്കുന്നതെന്തെന്ന് അറിയാമെന്നും കൂടുതൽ ശീലാവതി ചമയേണ്ടെന്നും പറഞ്ഞ് മകന്റെ മുന്നിൽ വച്ച് അപമാനിച്ചു.

ഫോൺ ചെയ്ത് അറിയിച്ചതനുസരിച്ച് കടയിലെത്തിയ ഭർത്താവായ അഭിഭാഷകന് നേരെയും ജീവനക്കാർ തട്ടിക്കയറി. സംഭവ സമയത്ത് തന്നെ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലും വനിതാ ഹെൽപ്പ് ലൈനിലുംഅറിയിച്ചു. പുലർച്ചെ ഒന്നരയോടെ മെഡിക്കൽ കോളേജ് പൊലീസും നോർത്ത് സി.ഐയെന്ന് പരിചയപ്പെടുത്തിയ മറ്രൊരാളും ഫോണിൽ വിളിച്ച് ഹെൽത്ത് സ്ക്വാഡുകാരുടെ വയർലസ് കടയ്ക്കുള്ളിൽ വീണുപോയതായും അത് തിരികെ കൊടുക്കണമെന്നും അറിയിച്ചു. അടുത്തദിവസം രാവിലെ സംഭവം സംബന്ധിച്ച പരാതിക്കൊപ്പം വയർലസ് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചതായും വിജയകുമാർ വെളിപ്പെടുത്തുന്നു. പരാതിയിൽ അന്വേഷണം ആരംഭിച്ചതായി മെഡിക്കൽ കോളേജ് പൊലീസ് വെളിപ്പെടുത്തി.