red-218

''അയ്യോ..."

തറയിൽ കൈ കുത്തി വല്ലവിധേനയും കോൺസ്റ്റബിൾ അശോകൻ ചാടിയെഴുന്നേറ്റു. പിന്നെ ഭീതിയോടെ തിരിഞ്ഞുനോക്കി.

മരത്തിന്റെ നിഴലിൽ നിന്ന് കുരങ്ങുകൾ ചാടുന്നതുപോലെ കുറേ രൂപങ്ങൾ തന്റെ പിന്നാലെ പാഞ്ഞുവരുന്നു.

പത്തിരുപതെണ്ണം ഉണ്ടെന്നു തോന്നി. കടവാതിലുകൾ ചിറകടിക്കുന്നതു പോലെ... അതോ പുതച്ചിരിക്കുന്ന കറുത്ത വസ്ത്രങ്ങളുടെ തുമ്പുകൾ ഇളകുന്നതാണോ?"

അത് ശ്രദ്ധിക്കാനുള്ള നേരം കിട്ടിയില്ല അശോകന്. ധൈര്യവും!

വലതുകാൽ വിരലുകൾ ഒടിഞ്ഞുതൂങ്ങിയ വേദന. അത് കാര്യമാക്കാതെ അയാൾ പ്രാണൻ വാരിപ്പിടിച്ചുകൊണ്ട് ഓടി.

തെക്കുഭാഗത്തെത്തിയപ്പോൾ അവിടെയുണ്ടായിരുന്ന പോലീസുകാരനെ കണ്ടു.

''എന്താടാ?" അയാൾ സംശയത്തോടു തിരക്കി.

''കൊല്ലാൻ വരുന്നെടാ.... ഒത്തിരിയെണ്ണമുണ്ട്..." അശോകൻ കിതച്ചു.

''ആര്?"

''അറിയത്തില്ല. മനുഷ്യരോ മൃഗങ്ങളോ എന്നു വ്യക്തമല്ല..."

''എവിടെ?" വിശ്വാസം വരാതെ അയാൾ അശോകൻ ഓടിവന്ന ഭാഗത്തേക്കു നോക്കി.

ആരുമില്ല!

''നമുക്കൊന്നു പോയി നോക്കിയാലോ?"

''വേണ്ടാ." അശോകൻ പെട്ടെന്ന് ഫോണെടുത്ത് സി.ഐ അലിയാരെ വിളിച്ചു വിവരം പറഞ്ഞു.

ബലഭദ്രൻ തമ്പുരാന്റെ വീട്ടിൽ നിന്നു മടങ്ങിവരുന്ന വഴിയായിരുന്നു സി.ഐ അലിയാരും എസ്.ഐ സുകേശും.

അശോകൻ പറഞ്ഞതുകേട്ട് അലിയാർ ചിരിച്ചു.

''പേടിക്കണ്ട അശോകാ. അത് മൃഗങ്ങളല്ല. ശരിക്കുള്ള മനുഷ്യരു തന്നെയാ. വെറുതെ പേടിപ്പിച്ചെന്നേയുള്ളു. നിങ്ങളെ ആരെയും ഒന്നും ചെയ്യില്ല. കാരണം അവരുടെ ഇരകൾ നിങ്ങളല്ല. ധൈര്യമായിരുന്നോ."

അലിയാർ കോൾ മുറിച്ചു.

''എന്താ സാറേ ഇതൊക്കെ?" സുകേശ് അത്ഭുതപ്പെട്ടു. ''ഒന്നും മനസി​ലാകുന്നില്ലല്ലോ..."

അലിയാർ തലയാട്ടി.

''ചില കാര്യങ്ങൾ മനസി​ലാക്കുവാൻ നമുക്ക് ഒരുപാട് സമയം വേണ്ടിവരും സുകേശേ..."

പിന്നെ ഇരുവരും മിണ്ടിയില്ല...

****

വടക്കേ കോവിലകം.

രാത്രി പതിനൊന്നു മണിയോടെ ഒരു കല്ലറയുടെ മൂടി കൂടി പരുന്ത് റഷീദ് കുത്തിയിളക്കി മറിച്ചു.

എന്നാൽ അതിനുള്ളിലും ഒന്നും ഉണ്ടായിരുന്നില്ല.

''ഛേ.. വെറുതെയായിപ്പോയി."

ശ്രീനിവാസകിടാവ് കൈ ചുരുട്ടി തൊട്ടടുത്ത കല്ലറയ്ക്കു പുറത്തിടിച്ചു.

ശേഖരൻ അയാളെ സമാധാനിപ്പിച്ചു.

''ഇനിയുമുണ്ടല്ലോ ചേട്ടാ തുറക്കാൻ കല്ലറകൾ? നമ്മൾ പ്രതീക്ഷിക്കുന്നത് അവയിൽ ഏതെങ്കിലും ചിലതിൽ കാണും."

അതൃപ്തമായ ഭാവത്തിൽ കിടാവ് ഒന്നു മൂളി.

പരുന്ത് റഷീദ് അറിയിച്ചു.

''ഇന്നിനി കുത്തിപ്പൊളിക്കാൻ പറഞ്ഞേക്കല്ലേ സാറമ്മാരേ... ഇപ്പത്തന്നെ ഞാൻ ഒരു പരുവത്തിലായി. കൈകാലുകളും നടുവും വേദനിച്ചിട്ടു വയ്യ."

കിടാവ് അയാളെ സൂക്ഷിച്ചൊന്നു ശ്രദ്ധിച്ചു. ശേഷം അതൃപ്തിയോടെ സമ്മതിച്ചു.

''എങ്കിലിനി നാളെ മതി. നാളെ പകൽ ബാക്കിയുള്ളതു മുഴുവൻ തുറന്നിരിക്കണം."

പരുന്തു മിണ്ടിയില്ല.

എങ്കിലും മനസി​ൽ ചോദിച്ചു.

''നിനക്കൊക്കെ എന്നെ കൊല്ലാൻ ധൃതിയായി അല്ലേ. കാണിച്ചുതരാം."

അവർ നിലവറയിൽ നിന്നിറങ്ങി.

''ഒന്നു കുളിക്കണമെന്നുണ്ട്. പക്ഷേ വയ്യ. ഞാൻ ഇവിടെങ്ങാനും കിടന്നോളാം." നടുമുറ്റത്തിന്റെ ചുറ്റുമുള്ള വരാന്തയിൽ പരുന്ത് ഇരുന്നു.

''ഇവിടാകുമ്പം കാറ്റെങ്കിലും കിട്ടും."

കിടാക്കന്മാരുടെ മറുപടിക്കു കാക്കാതെ അയാൾ തണുത്ത തറയിൽ നീണ്ടു നിവർന്നു കിടന്നു.

കിടാക്കന്മാർ മുറിയിൽ കയറി വാതിലും അടച്ചു.

കുറേനേരം അങ്ങനെ കിടന്നിട്ട് കിടാക്കന്മാർ ഉറങ്ങിക്കാണും എന്ന് ഉറപ്പാക്കി പരുന്ത് എഴുന്നേറ്റു.

നടുമുറ്റം മുറിച്ചു കടന്ന് അപ്പുറത്തെ വരാന്തയിലെത്തി. തുടർന്ന് പാദപതന ശബ്ദം പോലും കേൾപ്പിക്കാതെ ചന്ദ്രകലയെയും പ്രജീഷിനെയും കിടത്തിയിരുന്ന മുറിക്കു മുന്നിൽ ചെന്നു.

ഓടാമ്പൽ മെല്ലെ നീക്കി വാതിൽ ഇത്തിരി തുറന്നു.

അകത്ത് എഴുന്നേൽക്കുന്നതിന്റെ ചലനം കേട്ടു. പരുന്ത് ശബ്ദം താഴ്‌ത്തി.

''ഞാൻ പരുന്താ. ഉച്ചത്തിൽ സംസാരിക്കുകയോ ലൈറ്റിടുകയോ ചെയ്യരുത്. ഞാൻ നിങ്ങളെ സഹായിക്കാം."

അകത്തുനിന്ന് പുലി മുരളും പോലെ ചന്ദ്രകലയുടെ ശബ്ദം.

''നന്ദികെട്ടവനാണ് നീ. ആ നിന്നെ ഞങ്ങളെങ്ങനെ വിശ്വസിക്കും? കിടാക്കന്മാരുടെ പുതിയ അടവുമായിട്ടല്ല നീ വന്നിരിക്കുന്നതെന്ന് ഞങ്ങളെങ്ങനെ അറിയും?"

''വിശ്വസിക്കണം അതേ പറ്റൂ. ഇപ്പോൾ നിങ്ങളുടേതുപോലെ എന്റെ ജീവനും അപകടത്തിലാണ്."

അകത്തുനിന്ന് മറുപടി കിട്ടിയില്ല.

പരുന്ത് തുടർന്നു:

''ഞാനങ്ങോട്ടു കയറി വരികയാ. എന്നെ കീഴ്‌പ്പെടുത്തിയിട്ട് രക്ഷപെടാമെന്നു കരുതല്ലേ.. കിടാക്കന്മാർ പോലും പുറത്തിറങ്ങാനാവാതെ കഴിയുകയാ... ഇവിടെ നിന്ന് രക്ഷപെടാൻ കഴിയുന്ന ഒരാൾ മാത്രമേയുള്ളൂ. അത് ഞാനാ."

''പിന്നെന്താ നീ പോകാത്തത്?"

ഇരുളിലെ ചോദ്യം പ്രജീഷിന്റെ വകയാണ്.

''വെറും കയ്യോടെ പോകുന്നതെങ്ങനെ? അദ്ധ്വാനിച്ചതിന്റെ വീതം വേണ്ടേ? ഒപ്പം നിങ്ങടെ സഹായവും."

''മനസി​ലായില്ല...."

''പറയാം."

പരുന്ത് മുറിക്കുള്ളിൽ കയറി. വാതിലടച്ച് തപ്പിത്തടഞ്ഞു കുറ്റിയിട്ടു.

ഇരുളിൽ ചന്ദ്രകലയുടെയും പ്രജീഷിന്റെയും നിശ്വാസങ്ങൾ കേട്ടു.

കൈകൊണ്ട് പരതി കിടക്കയുടെ ഒരു കോണിൽ പരുന്തും ഇരുന്നു.

''ഇനി പറ." ചന്ദ്രകല ഒച്ച താഴ്‌ത്തി.

''പറയാം. പക്ഷേ ഒരു കണ്ടീഷൻ. കിട്ടുന്നത് പപ്പാതി. എന്നെ ചതിക്കാൻ നോക്കരുത്. ഞാനും ചതിക്കില്ല. രക്ഷപെടുന്നത് നമ്മൾ മൂന്നുപേർ മാത്രം. അതിനുമുമ്പ് കിടാക്കന്മാർ വധിക്കപ്പെടണം...."

അവർക്കിടയിൽ നിശ്ശബ്ദത!

(തുടരും)