dsa

ന്യൂഡൽഹി: അസമിൽ രണ്ടു ലക്ഷത്തിലധികം അനധികൃത കുടിയേറ്റക്കാരുണ്ടെന്ന് പൗരത്വപട്ടിക. ഇതിൽ കൂടുതലും ബംഗ്ളാദേശിൽ നിന്നും എത്തിയവരാണ്. ഈ കണക്ക് അസമിനെ ഞെട്ടിക്കുകയാണ്. ഇതിൽ പൗരത്വ ഭേഭഗതി നിയമം സംരക്ഷണം നൽകുന്ന അഞ്ച് വർഷത്തിൽ താഴെ കുടിയേറിയവരുമുണ്ട്. വിവിധ മതവിഭാഗങ്ങളിൽപ്പെട്ടവർ ആശങ്കയുടെ നടുവിലാണ്. സ്വന്തം രാജ്യത്തേക്ക് തിരിച്ചുപോകേണ്ടി വരുമോ എന്ന് പേടിച്ച് കഴിയുകയാണ്. അസമിൽ സ്വന്തമായും വാടകയ്ക്കും താമസിക്കുന്ന ഇവരെ മാറ്റി പാർപ്പിക്കാനായി ക്യാമ്പുകൾ ഒരുങ്ങുകയാണ്. ഇവരെ കൂട്ടത്തോടെ ക്യാമ്പുകളിലേക്ക് മാറ്റും. അസമിന്റെ തലസ്ഥാനമായ ഗോഹട്ടിയിൽ നിന്നും 134 കിലോമീറ്റർ മാറിയാണ് പുതിയ ക്യാമ്പുകൾ നിർമ്മിച്ചുകൊണ്ടിരിക്കുന്നത്. നിർമ്മാണ പ്രവർത്തങ്ങൾ അന്തിമഘട്ടത്തിലാണ്. മൂവായിരം പേർക്ക് താമസിക്കാനുള്ള സൗകര്യത്തിലാണ് ഓരോ ക്യാമ്പും ഒരുങ്ങുന്നതെങ്കിലും ഇതിൽ പാർപ്പിക്കുക പതിനായിരങ്ങളെയാകും. ക്യാമ്പിന് ഏഴ് ഫുട്ബാൾ മൈതാനങ്ങളുടെ വലിപ്പമുണ്ടാകും. ഇത്തരത്തിൽ ആറ് ക്യാമ്പുകളാണ് ഒരുങ്ങുന്നത്. പൗരത്വ പട്ടികയിൽ ഉൾപ്പെടാത്തവർക്ക് അപ്പീൽ പോകാമെന്നു പറയുന്നുണ്ടെങ്കിലും അതൊന്നും കാര്യക്ഷമായ നടപടിയായി ഇവരിൽ ഭൂരിഭാഗവും കാണുന്നില്ല. പ്രാദേശിക ട്രിബ്യൂണലിൽ ഇവർക്ക് പൗരത്വത്തെ സംബന്ധിച്ച അപ്പീലുകളും നൽകാം. അഭയാർത്ഥി ക്യാമ്പുകളിൽ ഇപ്പോൾ തന്നെ പലരും അഭയം തേടിയിട്ടുണ്ട്. ക്യാമ്പുകളിൽ പലപ്പോഴും വൈദ്യുതിയില്ല. അരിയും പരിപ്പും ഉപ്പുമാണ് ക്യാമ്പുകൾക്ക് നൽകുന്നത്. എല്ലാം നഷ്ടപ്പെട്ടവരാണ് ഭൂരിഭാഗവും. ഉടുതുണിക്ക് മറുതുണിയില്ലാത്തവർ. ഗർഭിണികൾ ക്യാമ്പിൽ പ്രസവിക്കുന്നു. കുഞ്ഞുങ്ങൾക്ക് നൽകുവാനുള്ള ഭക്ഷണമൊന്നും ഇവിടെയില്ല. തങ്ങൾ ഒത്തൊരുമയോടെയാണ് കഴിയുന്നതെന്ന് ക്യാമ്പുകളിൽ കഴിയുന്ന പലരും പറയുന്നു. പെട്ടെന്ന് ഇങ്ങനെയൊക്കെ സംഭവിക്കാൻ കാരണമെന്തെന്ന് പലർക്കും അറിയില്ല. പ്രക്ഷോഭമായപ്പോൾ താമസിച്ചിരുന്ന വീടുകളിൽ നിന്നും ഇറങ്ങി ഓടിയവരാണ് പലരും. ഇവരുടെ ധൈര്യവും ആത്മവിശ്വാസവുമെല്ലാം ചോർന്നുപോയിരിക്കുകയാണ്.