മോട്ടോർ വാഹന വകുപ്പിൽ ഇടനിലക്കാരെ പാടേ ഒഴിവാക്കി നടപടിക്രമങ്ങൾ അങ്ങേയറ്റം സുതാര്യമാക്കിയിട്ടുണ്ടെന്നാണ് ഗതാഗതവകുപ്പിന്റെ അവകാശവാദം. എന്നാൽ ആർ.ടി ഒാഫീസുകളിൽ ഇപ്പോഴും ഇടനിലക്കാർക്കാണ് മേൽക്കൈ എന്ന് വെളിപ്പെടുത്തുന്നതാണ് രണ്ടുദിവസം മുൻപ് വടകര ജോയിന്റ് ആർ.ടി ഒാഫീസിൽ നടന്ന വിജിലൻസ് റെയ്ഡ്. ഉദ്യോഗസ്ഥർക്ക് കൈമണിയായി നൽകാൻ ഇടനിലക്കാർ കൊണ്ടുവന്ന ഇരുപതിനായിരം രൂപ വിജിലൻസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തിരുന്നു. സേവനങ്ങളിൽ പലതും ഒാൺ ലൈനായശേഷവും ആർ.ടി ഒാഫീസുകളിൽ ഇടനിലക്കാർക്കാണ് മേൽക്കൈ. ലൈസൻസ്, രജിസ്ട്രേഷൻ തുടങ്ങി പല സേവനങ്ങൾക്കും നിശ്ചിതനിരക്ക് കോഴയായി നൽകിയാലേ സമയത്തും കാലത്തും സേവനം ലഭിക്കൂ എന്നതാണ് സ്ഥിതി. വടകരയിൽ മിന്നൽപരിശോധന നടക്കുന്നതിന് മുൻപുള്ള തീയതികളിൽ സംസ്ഥാനത്തെ മറ്റ് ഏതാനും ആർ.ടി ഒാഫീസുകളിലും വിജിലൻസ് പരിശോധന നടന്നിരുന്നു. ക്രമക്കേടുകളും കണ്ടെത്തിയിരുന്നു. മാദ്ധ്യമങ്ങളിൽ ഇടയ്ക്കിടെ ഇത്തരത്തിൽ വാർത്തകൾ വരുന്നതല്ലാതെ കൈക്കൂലി കേസിൽ അധികമാരും പിടിക്കപ്പെടാറില്ല. തെളിവുലഭിച്ച കേസുകളുടെ ഗതിയും പിന്നീട് ആരും അറിയാറില്ല.
ആർ.ടി ഒാഫീസുകളിൽ മാത്രമല്ല പൊതുജനങ്ങളുമായി കൂടുതൽ അടുത്ത് ബന്ധപ്പെടുന്ന മറ്റ് സർക്കാർ ഒാഫീസുകളിലും ഇടയ്ക്കിടെ വിജിലൻസ് പരിശോധന നടക്കാറുണ്ട്. പൊതുജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ ഇടനിലക്കാരില്ലാതെ സമയബന്ധിതമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ഇത്തരം പരിശോധനകൾകൊണ്ട് ഉദ്ദേശിക്കുന്നത്. ഒരളവോളം ലക്ഷ്യം പ്രാപ്തമാകുന്നുണ്ടെങ്കിലും കൈക്കൂലിയും ശുപാർശയും ഇല്ലാതായിട്ടില്ല. ആർ.ടി ഒാഫീസുകൾ, റവന്യൂ ഒാഫീസുകൾ, തദ്ദേശസ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിലാണ് ഇൗ സാമൂഹ്യ തിന്മ ശാപമായി തുടരുന്നത്.
ഏത് അവസരത്തിലും പരിശോധനയും ശിക്ഷയും ഉറപ്പാണെന്ന ബോധം ജനിപ്പിച്ചാലേ കൈക്കൂലിയും ക്രമക്കേടുകളും നിയന്ത്രിക്കാനാവൂ.ആണ്ടിലൊരിക്കൽ വിജിലൻസുകാരെ വിട്ടതുകൊണ്ടുമാത്രം ഇല്ലാതാകുന്ന തിന്മയല്ല ഇത്. ചാരക്കണ്ണുകൾ അദൃശ്യമായി തങ്ങൾക്ക് ചുറ്റുമുണ്ടെന്ന ബോദ്ധ്യം മാത്രംമതി നിർവിഘ്നമായ സേവനം ഉറപ്പാക്കാൻ. സേവനത്തിന് കൈമടക്ക് ആവശ്യപ്പെടുന്നതുപോലെ തന്നെ അപലപനീയമാണ് സേവനം അനാവശ്യമായി വച്ചുതാമസിപ്പിക്കുന്നതും.
ഉത്സവകാലവുമായി ബന്ധപ്പെട്ട് ഇവിടെ പരിശോധനകളും പിഴ ചുമത്തലും തകൃതിയായി നടക്കാറുണ്ട്. ക്രിസ്മസ് -പുതുവത്സര ആഘോഷവേളയായതു കൊണ്ടാകാം സംസ്ഥാനത്തൊട്ടാകെ ഇപ്പോൾ പല വകുപ്പുകളുടെയും പരിശോധനകൾ നടക്കുന്നുണ്ട്. അളവു-തൂക്ക വകുപ്പുകാർ ഉൾപ്പെടെ പല വകുപ്പുകളും രംഗത്തുണ്ട്. ഉപഭോക്താക്കൾക്ക് ഇതുവഴി നേട്ടവും ലഭിക്കുന്നുണ്ട്. എന്നാൽ വല്ലപ്പോഴും ഒരിക്കൽ മാത്രം ഇത്തരം പരിശോധനകൾ നടത്തുന്നതുകൊണ്ട് പ്രത്യേകിച്ചു ഗുണമൊന്നും ഇല്ല. സ്ഥിരം സംവിധാനമായാലേ ഉദ്ദേശിച്ച ഫലം ലഭിക്കുകയുള്ളൂ.
വസ്തുഇടപാടുകൾ, കെട്ടിടനിർമ്മാണം തുടങ്ങിയവയുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള അഴിമതിയും ക്രമക്കേടുമാണ് നടക്കുന്നത്. ചട്ടങ്ങൾ നടപ്പാക്കുന്നതിന്റെ മറവിൽ അനുമതി പത്രങ്ങൾ വൈകിപ്പിക്കുമ്പോൾ കോഴയ്ക്കുള്ള അവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്. ഇതിന്റെ പേരിൽ ആത്മഹത്യകൾവരെ നടക്കാറുണ്ട്. ഒച്ചപ്പാടുണ്ടാകുമ്പോൾ സർക്കാർ ഉണരുമെങ്കിലും എല്ലാം ശാന്തമാകുന്നതോടെ കാര്യങ്ങൾ പഴയപടിയിലാകും. സർക്കാർ ഒാഫീസുകളുടെ മുൻവശത്ത് സേവനാവകാശ ബോർഡ് തൂക്കിയതുകൊണ്ടുമാത്രം ജനങ്ങൾക്ക് മുടക്കംകൂടാതെ സേവനം ലഭിക്കുന്നുണ്ടെന്ന് അർത്ഥമാക്കരുത്. കൂടക്കൂടെയുള്ള മിന്നൽ പരിശോധനകൾ വഴി അക്കാര്യം ഉറപ്പാക്കുകയും വേണം.
ഭക്ഷ്യവസ്തുക്കളിലെ മായവും വെട്ടിപ്പും കണ്ടുപിടിക്കാൻ നഗരസഭാ അധികൃതരും ഭക്ഷ്യസുരക്ഷാ വിഭാഗവും സദാ രംഗത്തുണ്ട്. എന്നിട്ടുപോലും മനുഷ്യർക്ക് കഴിക്കാൻ പറ്റാത്ത വിഭവങ്ങളുണ്ടാക്കി വിൽക്കുന്ന കടകൾക്കും ഹോട്ടലുകൾക്കും ഒരു കുറവുമില്ല. ഇത്തരം സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുന്നതും ക്രമക്കേടുകൾ പരിഹരിക്കും വരെ പൂട്ടിയിടുന്നതും പതിവാണ്. എന്നാൽ കുറച്ചുദിവസങ്ങൾ കഴിയുമ്പോൾ എല്ലാം പഴയപടിയാകും. പച്ചക്കറികളിലും പഴവർഗങ്ങളിലും മത്സ്യ-മാംസാദികളിലുമുള്ള മായവും വിഷവും കണ്ടെത്താൻ സ്ഥിരസംവിധാനങ്ങൾ ഇനിയും വന്നിട്ടില്ല. കൂടിയ അളവിൽ മനുഷ്യർ വിഷം തിന്നുകൊണ്ടിരിക്കുകയാണ്.
അയൽസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പച്ചക്കറികളിലെയും പഴങ്ങളിലെയും വിഷാംശം കണ്ടെത്താൻ അതിർത്തി ജില്ലകളിൽ ലാബുകൾ സജ്ജീകരിക്കുമെന്ന സർക്കാർ വാഗ്ദാനത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഇതുവരെ അത്തരത്തിൽ ഒരു ലാബ് പോലും വന്നതുമില്ല. അറിഞ്ഞുകൊണ്ടുതന്നെ ജനങ്ങൾ വിഷം കഴിക്കേണ്ടിവരുന്ന സ്ഥിതി എത്ര കഷ്ടമാണ്.