oommen-chandy-

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഭരണ, പ്രതിപക്ഷങ്ങളുടെ സംയുക്തസമരത്തോട് വിയോജിച്ച കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാടിനെ കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി തള്ളി. രാജ്യത്തെവിടെ നടന്നതിനേക്കാൾ നല്ല സന്ദേശമാണ് സംയുക്ത സമരത്തിലൂടെ കേരളം നൽകിയതെന്ന് വാർത്താസമ്മേളനത്തിൽ ഉമ്മൻ ചാണ്ടി പറഞ്ഞു.

പത്തു ദിവസം മുമ്പായിരുന്നെങ്കിൽ യോജിച്ച പോരാട്ടം വേണമെന്ന നിലപാട് താൻ എടുക്കില്ലായിരുന്നു. യോജിച്ച പോരാട്ട നിലപാടിനെ രാജ്യം മുഴുവൻ സ്വാഗതം ചെയ്തിരുന്നു. തമിഴ്‌നാട്ടിലെ ഡി.എം.കെ നേതാവ് കനിമൊഴി ഇതിനെ പരസ്യമായി സ്വാഗതം ചെയ്തു. ഇപ്പോഴത്തെ ദേശീയ സാഹചര്യം വിലയിരുത്തിയാൽ ബി.ജെ.പി ഇതര കക്ഷികൾ യോജിച്ച പോരാട്ടത്തിന് തയ്യാറാകണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം.

1966- 67 കാലഘട്ടത്തിൽ അരിക്കു വേണ്ടി ഭരണ- പ്രതിപക്ഷ കക്ഷികൾ സംയുക്ത സമരാഹ്വാനം നടത്തിയിരുന്നു. അതിനു ശേഷം യോജിച്ചൊരു പോരാട്ടം ഇപ്പോഴാണ്. കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ കക്ഷി നേതാക്കൾ രാഷ്ട്രപതിയെ കണ്ടത് ബി.ജെ.പി ഇതര കക്ഷികൾ യോജിച്ച പോരാട്ടം നടത്തുമെന്നതിന് സൂചനയാണ്.

ഇനിയങ്ങോട്ടും ഈ വിഷയത്തിൽ കേരളത്തിൽ ഭരണ- പ്രതിപക്ഷങ്ങളുടെ സംയുക്ത പ്രക്ഷോഭം നടക്കുമോ എന്ന ചോദ്യത്തിന് ഇക്കാര്യത്തിൽ കൂട്ടായ ചർച്ചയുണ്ടായിട്ടില്ലെന്ന് ഉമ്മൻ ചാണ്ടി മറുപടി നൽകി. യു.ഡി.എഫ് യോഗം ചർച്ച ചെയ്താണ് മുന്നണി നിലപാട് തീരുമാനിക്കേണ്ടത്. കോൺഗ്രസിന് സംഘടനാ ദൗർബല്യമില്ല. എല്ലാ സമരങ്ങളും ഭംഗിയായി നടക്കുന്നുണ്ട്. കോൺഗ്രസ് പുനഃസംഘടന വൈകാതെ പൂർത്തിയാകും. താനും രമേശും മാത്രം വിചാരിച്ചാൽ പുനഃസംഘടന വേഗത്തിലാക്കാൻ കഴിയില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

ആഭ്യന്തരമന്ത്രി അമിത്ഷായുടെ നിലപാട് ഏകാധിപതികളുടേതാണ്. വിവാദ നിയമം അടിയന്തരമായി പിൻവലിക്കണം. മംഗലുരുവിൽ മാദ്ധ്യമസംഘത്തെ പൊലീസ് അകാരണമായി തടയുകയും തടങ്കലിലാക്കുകയും ചെയ്തത് ഏകാധിപത്യത്തിന്റെ തുടർച്ചയാണ്. പൊലീസിനെയും പട്ടാളത്തെയും ഉപയോഗിച്ച് അഭിപ്രായസ്വാതന്ത്ര്യത്തെ ഇല്ലാതാക്കാൻ നോക്കിയാൽ കനത്ത തിരിച്ചടിയുണ്ടാകുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.