ബംഗളൂരു: താൻ നടത്തുന്ന മോഷണങ്ങൾ പൊലീസിനെ അറിയിക്കുമെന്ന് ഭയന്ന് ഭർത്താവിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ 44 കാരിയെ പൊലീസ് അറസ്റ്റുചെയ്തു. ബന്നാർഗട്ടയിൽ താമസിക്കുന്ന മഞ്ജുളയാണ് ഭർത്താവ് ശങ്കറിനെ കൊല്ലാൻ സുഹൃത്തുമായി ചേർന്ന് ഒരു ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ നൽകിയത്. നഗരത്തിൽ ടാക്സി ഡ്രൈവറായി ജോലിചെയ്യുന്ന ശങ്കർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
ജോലികഴിഞ്ഞ് ഇരു ചക്രവാഹനത്തിൽ വീട്ടിലേക്ക് വരികയായിരുന്ന ശങ്കറിനെ കാറിൽ പിന്തുടർന്ന ക്വട്ടേഷൻ സംഘം വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു. സുഹൃത്തും അകന്ന ബന്ധുവുമായ ചലുവസ്വാമിയുമായി ചേർന്നാണ് മഞ്ജുള പദ്ധതി ആസൂത്രണം ചെയ്തത്.ഇരുവരും ചേർന്ന് കുറച്ചുകാലങ്ങളായി നഗരത്തിന്റെ പല ഭാഗങ്ങളിലായി കവർച്ചകൾ നടത്തിവരുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.