നെയ്യാറ്റിൻകര: നഗരസഭയിലെ അമരവിള വാർഡിൽ സ്ഥിതി ചെയ്യുന്ന കൊല്ലയിൽ വില്ലേജ് ഓഫീസിലെ ജീവനക്കാർ പേടിച്ചരണ്ടാണ് ജോലി ചെയ്യുന്നത്.കാറ്റോ മഴയോ വന്നാൽ പിന്നെയവർക്ക് ഇരിക്കപ്പൊറുതിയില്ല. വില്ലേജ് ഓഫീസ് കെട്ടിടത്തിലേക്ക് ഏതു നേരവും കടപുഴകി വീഴാൻ പാകത്തിൽ ചുറ്റിലും വളർന്നു പന്തലിച്ച മരങ്ങളാണ്. അടുത്തിടെ ഒരു മരം കെട്ടിടത്തിന്റെ മേൽക്കൂരയിലേക്ക് പാതി മറിഞ്ഞ് വീണ നിലയിലാണ്. വില്ലേജ് ഓഫീസറും മറ്റ് ജീവനക്കാരും ചേർന്ന് ഉയർന്ന ഉദ്യോഗസ്ഥരോട് പലതവണ പരാതിപ്പെട്ടിട്ടും ഇതു വരെ പരിസരം ശുചിയാക്കുവാനോ ജീർണിച്ച മരങ്ങൾ വെട്ടിമാറ്റുവാനോ തയ്യാറായിട്ടില്ല. ഇവിടെ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരും മരം വീഴുമോയെന്ന ഭീതിയിൽ കെട്ടിടത്തിനുള്ളിൽ കയറാൻ മടിക്കുകയാണെന്ന് പരിസരവാസികൾ പറയുന്നു.