തിരുവനന്തപുരം: ജി.എസ്.ടിയിൽ ലോട്ടറി നികുതി 28 ശതമാനമായി ഏകീകരിച്ചതിന്റെ ഫലമായി സംസ്ഥാനത്തേക്ക് ഉണ്ടായേക്കാവുന്ന അന്യസംസ്ഥാന ലോട്ടറികളുടെ കുത്തൊഴുക്ക് തടയാൻ, ഇവയെ നിയന്ത്രിക്കാനുള്ള അധികാരം കേന്ദ്രത്തിൽ നിന്ന് കേരളം നേടിയെടുക്കേണ്ടി വരും. അന്യ സംസ്ഥാന ലോട്ടറികളെ ഇപ്പോൾ നിയന്ത്രിക്കുന്നത് കേന്ദ്രമാണ്. അതിനാൽ, ഇവയെ നിയന്ത്രികുക സംസ്ഥാനത്തിന് എളുപ്പമല്ല.
അന്യസംസ്ഥാന ലോട്ടറികൾക്ക് 28 ശതമാനവും കേരള ലോട്ടറിക്ക് 12 ശതമാനവുമായിരുന്നു നേരത്തേ നികുതി. ഇതാണ്, ഇപ്പോൾ ജി.എസ്.ടി കൗൺസിൽ 28 ശതമാനമായി ഏകീകരിച്ചത്. നികുതി കുറഞ്ഞ കേരള ലോട്ടറിയുമായി മത്സരിക്കാനാവാതെ പുറത്തുനിന്ന അന്യസംസ്ഥാന ലോട്ടറികൾ ഇനി സംസ്ഥാനത്തേക്ക് തിരിച്ചെത്തിയേക്കും. നാഗാലാൻഡ്, സിക്കിം ലോട്ടറികളുടെ തിരിച്ചുവരവാണ് ഉണ്ടാവുക.
കേരള ലോട്ടറിയെ ആകർഷകമാക്കാൻ കൂടുതൽ തുക സമ്മാനം നൽകാനും കമ്മിഷൻ ഉയർത്താനും സർക്കാർ ആലോചിക്കുന്നുണ്ട്. എന്നാൽ, അന്യ സംസ്ഥാന ലോട്ടറിയെ നിയന്ത്രിക്കുക കൂടി ചെയ്‌താലേ വില്പനയും വരുമാനവും ഇടിയാതെ പിടിച്ചുനിറുത്താൻ കഴിയൂ. ഇതിന്, കേന്ദ്രത്തിൽ നിന്ന് നിയന്ത്രണാധികാരം നേടുകയാണ് പോംവഴി.
കേരളത്തിന്റെ
വരുമാന സ്രോതസ്
സംസ്ഥാനത്തിന്റെ പ്രധാന നികുതിയേതര വരുമാന സ്രോതസാണ് ലോട്ടറി. കഴിഞ്ഞവർഷം വരുമാനം 9,276 കോടി രൂപയായിരുന്നു. ലാഭം 1,673 കോടി രൂപ. നടപ്പുവർഷം ലോട്ടറിയിൽ നിന്നുള്ള റെവന്യൂ വരുമാന പ്രതീക്ഷ 11,800 കോടി രൂപയാണ്. കേരളത്തിന്റെ നികുതിയേതര വരുമാനത്തിൽ 80 ശതമാനമാണ് ലോട്ടറിയുടെ സംഭാവന.
കാരുണ്യയ്ക്ക്
തിരിച്ചടി?
ലോട്ടറി വരുമാനം കുറയുന്നത് കാരുണ്യ പദ്ധതികളെ ബാധിക്കുമെന്ന ആശങ്കയുണ്ട്. ഏജന്റുമാർ മാത്രം കേരള ലോട്ടറിക്ക് 75,000 പേരുണ്ട്. ലോട്ടറിയുമായി ബന്ധപ്പെട്ട് ലക്ഷങ്ങളും ജീവിക്കുന്നു. കേരള ലോട്ടറിയുടെ തകർച്ച ഇവരുടെ ജീവിതത്തിന്റെ താളവും തെറ്റിക്കും.