ക്യോട്ടോ ഉടമ്പടി അവസാനിക്കുകയും പാരീസ് ഉടമ്പടി പ്രാബല്യത്തിൽ വരികയും ചെയ്യുന്ന 2020 ന്റെ ഉദയ മുഹൂർത്തത്തിൽ പരിസ്ഥിതിക്കുവേണ്ടി ലോക മനസ്സാക്ഷിയെ ഉണർത്താനെത്തിയ ശുക്ര നക്ഷത്രത്തിന്റെ പേരാണ് ഗ്രെറ്റാ ട്യൂൻബെർഗ്.. 2019 സെപ്തംബറിൽ ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത് വച്ചുനടന്ന ക്ളൈമറ്റ് ആക്ഷൻ ഉച്ചകോടിയിൽ വികാരാധീനയായി ഗ്രെറ്റാ പങ്കുവച്ച സന്ദേശങ്ങൾ ലോകത്തിന്റെ മുഴുവൻ ശ്രദ്ധ പിടിച്ചുപറ്റി. 'എന്റെ തലമുറയുടെ നാളെകളെ കശക്കിയെറിയുകയാണ് നിങ്ങൾ" അതായിരുന്നു അവൾ പറഞ്ഞതിന്റെ വ്യംഗ്യം. ലോക മനസ്സാക്ഷിക്കുനേരെ ശരംകണക്കെ പാഞ്ഞുചെല്ലുകയായിരുന്നു അവളുടെ വാക്കുകൾ. രാഷ്ട്രത്തലവന്മാരും പരിസ്ഥിതി എന്റെ വിഷയമല്ലെന്ന്, വഴിമാറിനടന്ന മഹാഭൂരിപക്ഷം ജനങ്ങളും ഒരു നിമിഷം ശ്വാസമടക്കി കേട്ടുനിന്നു. പിന്നെ ആ വാക്കുകളുടെ അർത്ഥതലങ്ങൾ തേടി. സ്വീഡനിൽ നിന്നുവന്ന ആ പതിനാറുകാരിക്ക് ഇനിയും ബാല്യം കടന്നിട്ടില്ല. സങ്കടംകൊണ്ട് ചുവന്നുപോയിരുന്നു അവളുടെ കവിളുകൾ. വാക്കുകളിൽ കണ്ണീരിന്റെ നനവുപടർന്നിരുന്നു. വിതുമ്പുകയായിരുന്നു അവൾ.
'ഞങ്ങൾ നിങ്ങളെ നിരീക്ഷിക്കുകയാണ്. ഇതെല്ലാം തെറ്റാണ്. പൊള്ളയായ വാചകങ്ങൾകൊണ്ട് നിങ്ങൾ എന്റെ സ്വപ്നങ്ങളും ബാല്യവും കവർന്നെടുത്തു. എത്രമാത്രം ജനങ്ങളാണ് ദുരിതമനുഭവിക്കുന്നത്. ജനങ്ങൾ മരിച്ചുകൊണ്ടിരിക്കുന്നു. ഭൂമിയിലെ ആവാസവ്യവസ്ഥകളെല്ലാം തകർന്നടിയുകയാണ്. കൂട്ടവംശനാശത്തിന്റെ തുടക്കത്തിലാണ് നമ്മൾ. ഇപ്പോഴും സാമ്പത്തിക വളർച്ചയുടെ അഭൗമമായ അത്ഭുത കഥകൾ പറയാൻ നിങ്ങൾക്ക് കഴിയുന്നു. കഴിഞ്ഞ 30 വർഷമായി ശാസ്ത്രസമൂഹം എല്ലാം വ്യക്തമായി ബോദ്ധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അതൊന്നും ഗൗരവമായെടുക്കാതെ, ഞങ്ങളെല്ലാം ചെയ്യുന്നുണ്ടെന്ന് പറയാൻ നിങ്ങളെങ്ങനെ ധൈര്യപ്പെടുന്നു. ഇതാണെന്റെ സന്ദേശം. ഞങ്ങൾ നിങ്ങളെ നിരീക്ഷിക്കുകയാണ്."
ഗ്രേറ്റയ്ക്ക് 11 വയസുള്ളപ്പോൾ സ്കൂളിൽ ടീച്ചർ കാണിച്ചുകൊടുത്ത കാലാവസ്ഥ വ്യതിയാനത്തിന്റെ കെടുതികളെപ്പറ്റിയുള്ള ഒരു വീഡിയോ ചിത്രം അവളുടെ ജീവിതത്തിന്റെ വഴിത്തിരിവിന് കാരണമായി. വീട്ടിൽ നിന്ന് അവൾ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചത്. അച്ഛനമ്മമാരെക്കൊണ്ട് ജീവിതശൈലിയിൽ മാറ്റം വരുത്തിച്ചുകൊണ്ട്. ജീവികൾക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന വംശനാശത്തെക്കുറിച്ച് കാർബൺ ബഡ്ജറ്റിനെക്കുറിച്ചും സോഷ്യൽ മിഡിയ ഗ്രൂപ്പുകൾവഴി അവൾ വിദ്യാർത്ഥികളെ ബോധവത്കരിച്ചുകൊണ്ടിരുന്നു. സ്വീഡിഷ് ദിനപ്പത്രത്തിൽ ലേഖനമെഴുതി. 2018 ആഗസ്റ്റ് 20ന് പാർലമെന്റിനുമുന്നിൽ തനിച്ച് സമരം തുടങ്ങി. ദിനംപ്രതി സമരക്കാരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരുന്നു. പിന്നീട് വെള്ളിയാഴ്ചകളിൽ മാത്രം സമരം എന്ന തീരുമാനത്തിൽ അവർ ക്ളാസുകളിലേക്ക് മടങ്ങിപ്പോയി. ഫ്രൈഡേ ഫോർ ഫ്യൂച്ചർ എന്ന പ്രസ്ഥാനത്തിന് തുടക്കം കുറിക്കുകയായിരുന്നു.
വ്യവസായ വിപ്ളവത്തിന് മുൻപുണ്ടായിരുന്ന അന്തരീക്ഷ താപത്തെക്കാൾ 1.5 ഡ്രിഗ്രി സെൽഷ്യസിലധികം താപ വർദ്ധനവുണ്ടാകുന്നത് തടയാനുള്ള സത്വര നടപടികൾക്ക് വേണ്ടിയാണവൾ മുറവിളിക്കൂട്ടുന്നത്. 1.5 ഡ്രിഗ്രി സെൽഷ്യസ് ആകുമ്പോൾ തന്നെ സമുദ്രനിരപ്പുയരുകയും പട്ടണങ്ങൾ വെള്ളത്തിനടിയിലാകുകയും 350 ദശലക്ഷത്തിലധികം ജനങ്ങൾ വരൾച്ചയുടെ പിടിയിലമരും. ജനങ്ങൾ കൊടിയ ദാരിദ്ര്യം നേരിടേണ്ടിവരും."
2018 അവസാനമായപ്പോഴേക്കും യൂറോപ്പിന്റെ പലഭാഗങ്ങളിലും പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ സ്കൂളുകൾ ബഹിഷ്കരിച്ചുകൊണ്ട് വെള്ളിയാഴ്ച സമരത്തിൽ പങ്കാളികളായി. 2018 അവസാനിച്ചപ്പോഴേക്കും വടക്കൻ യൂറോപ്പിന് പുറത്തേക്ക് സമരം വ്യാപിച്ചുകഴിഞ്ഞിരുന്നു. ന്യൂയോർക്കിൽ 250,000 വും ലണ്ടനിൽ 100,000 വിദ്യാർത്ഥികൾ പ്രതിഷേധവുമായി തെരുവുകളിലേക്കിരമ്പിയെത്തി. ജർമ്മനിയിൽ 1.4 ദശലക്ഷം പേരാണ് പ്രായഭേദമന്യേ സമരത്തിനായി തെരുവിലിറങ്ങിയത്. 'ക്ളൈമറ്റ് സ്ട്രൈക്ക് "എന്ന വാക്ക് (ഗ്രെറ്റ തന്റെ സമരത്തിന് നൽകിയ പേര്) ഇൗവർഷം ഏറ്റവുംകൂടുതൽ തവണ ഉപയോഗിക്കപ്പെട്ട വാക്കെന്ന നിലയിൽ കോളിൻസ് ഡിക്‌ഷ്ണറി" ഇൗവർഷത്തെ വാക്ക്" ആയി തിരഞ്ഞെടുത്തപ്പോൾ ടൈം മാഗസിൻ ഗ്രെറ്റയെ 'ടൈം പേഴ്സൺ ഒഫ് ദ ഇയർ ആയി തിരഞ്ഞെടുത്തിരിക്കുന്നു.
അവൾ മുഴക്കിയ ശംഖനാദം ദിഗന്തങ്ങളിൽ മാറ്റൊലികൊള്ളുകയാണ്. ആ മന്ദ്രധ്വനി കേട്ടുകൊണ്ട് ആഗോളതാപനം തടയാനുള്ള പുതിയ പ്രതിജ്ഞയുമായി നമുക്ക് 2020 നെ വരവേൽക്കാം.