തിരുവനന്തപുരം: തലസ്ഥാനത്തു നിന്ന് നാലു മണിക്കൂറിൽ കാസർകോട്ടെത്തുന്ന സെമി- ഹൈസ്‌പീഡ് റെയിലിന് പണം നൽകാൻ അന്താരാഷ്ട്ര ഏജൻസികൾ റെഡി. ജപ്പാൻ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ ഏജൻസി (ജൈക്ക), കൊറിയയിലെ ഹ്യുണ്ടായി, ചൈനയിലെ ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്ക്, ബ്രിക്സ് രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച് ചൈനയിൽ പ്രവർത്തിക്കുന്ന ന്യൂ ഡെവലപ്മെന്റ് ബാങ്ക്, ഫ്രഞ്ച് വികസന ബാങ്ക്, ഏഷ്യൻ വികസനബാങ്ക്, ജർമ്മൻ ബാങ്ക്, ലോകബാങ്ക് എന്നിവയാണ് പണം വാഗ്ദാനം ചെയ്തത്.
ഇതിൽ ജൈക്കയ്ക്ക് മാത്രമാണ് ഒരു ബില്യൺ ഡോളറിനു മുകളിൽ (7100 കോടി രൂപ) ഒറ്റവായ്പ നൽകാനാവുന്നത്. പക്ഷേ, റെയിൽ പാതയ്ക്കു വേണ്ട ഉപകരണങ്ങളും സിഗ്നലിംഗ് സംവിധാനവും ജപ്പാൻ കമ്പനികളിൽ നിന്ന് വാങ്ങണമെന്ന് വ്യവസ്ഥ വരും. 0.2മുതൽ 0.5ശതമാനം വരെയാണ് ജൈക്കയുടെ പലിശ നിരക്ക്. ഡോളർ നിരക്കിലെ വ്യതിയാനം കണക്കാക്കുമ്പോൾ ഇത് 6 ശതമാനം വരെയാവും. 20- 30 വർഷം വരെ തിരിച്ചടവ് കാലാവധിയും 10 വർഷം വരെ മോറട്ടോറിയവും ലഭിക്കാം.
മറ്റ് ഏജൻസികൾക്ക് ഒരു ബില്യൺ ഡോളർ വരെയേ വായ്പ നൽകാനാവൂ. പക്ഷേ റെയിൽ കോച്ചുകളും സിഗ്നലുകളുമടക്കം എവിടെ നിന്നും വാങ്ങാം. കുറഞ്ഞ പലിശ നിരക്കിൽ പല ഏജൻസികളിൽ നിന്ന് വായ്പയെടുക്കാനാണ് റെയിൽവേ വികസന കോർപറേഷൻ (കെ.ആർ.ഡി.സി.എൽ) ശ്രമിക്കുന്നത്.
സെമി-ഹൈസ്‌പീഡ് റെയിലിന് 35000 കോടിയിലേറെ വിദേശ വായ‌്‌പ വേണ്ടിവരും. 5 വർഷം കൊണ്ട് പൂർത്തിയാക്കേണ്ട പദ്ധതിക്ക് 7720 കോടിയുടെ ഓഹരിയും സാങ്കേതിക സഹായവും റെയിൽവേ വാഗ്ദാനം ചെയ്തിരുന്നു. ഓഹരിവിഹിതം കുറച്ച് വിദേശവായ്പ കൂട്ടണമെന്ന നിർദ്ദേശം റെയിൽവേ ബോർഡ് ഇപ്പോൾ മുന്നോട്ടുവച്ചിട്ടുണ്ട്. പ്രവാസി നിക്ഷേപം ആകർഷിക്കാനാണ് സർക്കാർ ശ്രമം.
ഇതിനായി ഗൾഫ് രാജ്യങ്ങളിൽ നിക്ഷേപക സമ്മേളനങ്ങൾ നടത്തും.
പ്രവാസികൾക്ക് ഓഹരി
കണ്ണൂർ, നെടുമ്പാശേരി വിമാനത്താവള കമ്പനി മാതൃകയിൽ സെമി-ഹൈസ്‌പീഡ് റെയിലിൽ പ്രവാസികൾക്ക് ഓഹരിയെടുക്കാം
സർക്കാർ ഗാരന്റിയിൽ നിക്ഷേപം നടത്തിയാൽ ലാഭവിഹിതം കൃത്യമായി നൽകും. കിഫ്ബിയിലും നിക്ഷേപിക്കാം
സംസ്ഥാനത്തെ ബാങ്കുകളിൽ 1.54 ലക്ഷം കോടിയുടെ പ്രവാസി നിക്ഷേപമുണ്ട്
66,405കോടി
സെമി-ഹൈസ്‌പീഡ് റെയിലിന്റെ ചെലവ്, 2024ൽ പൂർത്തായാവുമ്പോൾ 70,000 കോടിയാവും
100 കോടി
പ്രാരംഭ പ്രവർത്തനത്തിന് കൈയിലുള്ളത്. സംസ്ഥാന വിഹിതം 51കോടിയും, റെയിൽവേയുടെ 49കോടിയും
ലാഭം ഇങ്ങനെ
മുടക്കുമുതലിന്റെ 8.1ശതമാനം പ്രതിവർഷം തിരിച്ചുകിട്ടും
നഗരവികസനം കൂടിയാവുമ്പോൾ ഇത് 16ശതമാനമാവും
''റെയിൽവേയുമായി കരാറൊപ്പിട്ടശേഷമാവും വിദേശ വായ്പയിൽ തീരുമാനമെടുക്കുക. കുറഞ്ഞ പലിശയ്ക്കാവും കടമെടുക്കുക.''
വി.അജിത്കുമാർ
എം.ഡി, റെയിൽ വികസന കോർപറേഷൻ