soos

തിരുവനന്തപുരം: ആരവങ്ങളും ആഘോഷങ്ങളുമില്ലാത്ത ദിനങ്ങളോടാണ് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം എന്നും താത്പര്യം പ്രകടിപ്പിച്ചത്. സ്വതവേ ശാന്തനായ പിതാവ് പലപ്പോഴും ദേഷ്യം പ്രകടിപ്പിച്ചതും ആഡംബര ഭ്രമത്തിന് നേരെയായിരുന്നു. ആഘോഷങ്ങളില്ലാതെയായിരുന്നു അദ്ദേഹത്തിന്റെ പൗരോഹിത്യ സുവർണ ജൂബിലിയും.. ഇന്നലെ പാളയം സെന്റ്.ജോസഫ് കത്തീഡ്രലിൽ നടന്ന പ്രത്യേക പ്രാർത്ഥനയിലും ദിവ്യബലിയിലും ആയിരങ്ങൾ പങ്കെടുത്തു.

1969 ഡിസംബർ 20ന് പൗരോഹിത്യം സ്വീകരിച്ച നാൾ മുതൽ പ്രാർത്ഥനാനിർഭരവും അർപ്പണ ചൈതന്യവും പണ്ഡിതോചിതവുമായ ജീവിതമാണ് ഡോ. എം. സൂസപാക്യത്തിന്റെത്. രൂപതയിലെ ശ്രദ്ധേയമായ വികസന, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ,​ മത്സ്യത്തൊഴിലാളി ക്ഷേമ പദ്ധതികൾ,​ പരിസ്ഥിതി സംരക്ഷണ പോരാട്ടങ്ങൾ..തന്റെ ആദർശങ്ങളും വിശ്വാസങ്ങളും കൈവിടാതെ യാത്ര തുടരുകയാണ് ഈ നല്ലിടയൻ.

കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡം തുറയിൽ മത്സ്യത്തൊഴിലാളിയായ മരിയ കലിസ്റ്റസിന്റെയും ത്രേസ്യാമ്മയുടെയും മകനായി 1946 മാർച്ച് 11നാണ് സൂസപാക്യം ജനിച്ചത്. മാർത്താണ്ഡം തുറ സെന്റ്. അലോഷ്യസ് സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. 1958ൽ ആലുവ കർമൽഗിരി സെമിനാരിയിൽ ചേർന്ന അദ്ദേഹം, തത്ത്വശാസ്ത്രവും മംഗലപ്പുഴ സെമിനാരിയിൽനിന്ന് ദൈവശാസ്ത്രവും പഠിച്ച് വൈദികനായി. പിന്നീട് റോമിൽ ഉപരിപഠനം.

തിരുവനന്തപുരം കാത്തലിക് ഹോസ്റ്റലിൽ അസിസ്റ്റന്റ് വാർഡനായി ആദ്യ നിയമനം. വ്ളാത്താങ്കര, പാളയം, പൂവാർ, കരുംകുളം, കൊച്ചുതുറ, തൈക്കാട്, കിള്ളിപ്പാലം, പൂഴിക്കുന്ന് എന്നീ ഇടവകകളിലും ആലുവ മംഗലപ്പുഴ സെമിനാരി, കഴക്കൂട്ടം സെന്റ് വിൻസെന്റ് മൈനർ സെമിനാരി എന്നിവിടങ്ങളിലും പ്രവർത്തിച്ചു. പാസ്റ്ററൽ ഓറിയന്റേഷൻ സെന്റർ ഡയറക്ടറുമായിരുന്നു. 1989ൽ രൂപതാ കൗൺസിലറും വൈദികപരിശീലന ഡയറക്ടറുമായ ശേഷം 1990ൽ മെത്രാനായി സ്ഥാനമേറ്റു..

രൂപതയുടെ പുരോഗതിക്കായി പ്രയത്നിക്കുന്ന മതമേലദ്ധ്യക്ഷൻ എന്നതിലുപരി കേരളത്തിന്റെ സാംസ്കാരിക,​ സാമൂഹ്യ രംഗത്തെ നിറസാന്നിദ്ധ്യം കൂടിയാണ് ഡോ.എം. സൂസപാക്യം. പൊഴിയൂർ വ്യാജമദ്യത്തിനെതിരായുള്ള പോരാട്ടത്തിലും പൂന്തുറ കലാപമേഖലയിലും ഓഖി,​ പ്രളയ ദുരന്ത സമയത്തും അദ്ദേഹം സ്വീകരിച്ച നിലപാടുകൾ ശ്രദ്ധേയമാണ്. അടുത്തിടെ ഗുരുതരമായ രോഗാവസ്ഥയിൽ നിന്നും മരണത്തെ തോൽപ്പിച്ച് ജീവിതത്തിലേക്ക് മടങ്ങിവന്ന അദ്ദേഹം പറഞ്ഞത് ദൈവം ഏൽപ്പിച്ച ദൗത്യങ്ങൾ താൻ പൂർത്തിയാക്കിയിരിക്കില്ലെന്നാണ്. തന്റെ അജഗണത്തിന്റെ,​ പ്രത്യേകിച്ച് മത്സ്യത്തൊഴിലാളികളുടെ ക്ഷേമമാണ് എന്നും അദ്ദേഹത്തിന്റെ മനസിൽ.