കടയ്ക്കാവൂർ: അഞ്ചുതെങ്ങ് ജലോത്സവവും പ്രൊഫഷണൽ നാടകം നൂറാം വാർഷികവും അഞ്ചുതെങ്ങിൽ മന്ത്രി കടന്നപള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചിറയിൻകീഴ് താലൂക്കിന്റെ സാംസ്കാരിക പൈതൃകം ഉയർത്തി പിടിക്കുന്നതാണ് അഞ്ചുതെങ്ങ് ജലോത്സവമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. കേരള സംഗീത നാടക അക്കാഡമി എക്സിക്യൂട്ടീവ് മെമ്പർ അയിലം ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വക്കം ഷക്കീർ, അശോക് ശശി, വി.ആർ. സുരേന്ദ്രൻ, അനിൽ ആറ്റിങ്ങൽ, അനിൽ ആർ.തമ്പി, വക്കം മാധവൻ, കടയ്ക്കാവൂർ അജയബോസ്, വെട്ടത്ത് വ്യാസൻ എന്നീ നാടക കുലപതികളെ അയിലം ഉണ്ണികൃഷ്ണൻ പൊന്നാട ചാർത്തി ആദരിച്ചു. പ്രൊഫഷണൽ നാടകത്തിന്റെ നൂറാംവാർഷികാഘോഷ കർമ്മപരിപാടികളെ കുറിച്ച് കടയ്ക്കാവൂർ അജയബോസ് വിശദീകരിച്ചു. ജലോത്സവ കമ്മറ്റി കൺവീനർ സൈജുരാജ് സ്വാഗതവും പിറവി ജനറൽ സെക്രട്ടറി ജ്യോതിബാസു നന്ദിയും പറഞ്ഞു.