തിരുവനന്തപുരം: 'കേരളരാഷ്ട്രീയത്തിൽ സമീപകാലത്തെ ഏറ്റവും സംഭവബഹുലമായ രാജി' ഗതാഗതമന്ത്രിസ്ഥാനത്ത് നിന്നുള്ള തോമസ് ചാണ്ടിയുടെ രാജിയെ അങ്ങനെയേ വിശേഷിപ്പിക്കാനാവൂ.
ചാണ്ടിയുടെ രാജിക്കായി സി.പി.ഐയുടെ നാല് മന്ത്രിമാർ മന്ത്രിസഭായോഗം ബഹിഷ്കരിച്ചത് രാഷ്ട്രീയകേരളത്തെ ഞെട്ടിച്ചുകളഞ്ഞു. ഒരു മന്ത്രിയുടെ രാജിക്കായി അതേ മന്ത്രിസഭയിലെ അംഗങ്ങൾ ക്യാബിനറ്റ് ബഹിഷ്കരിക്കുന്നത് ചരിത്രത്തിലെ അപൂർവ അദ്ധ്യായമായി. 1964ലെ കമ്മ്യൂണിസ്റ്റ്പാർട്ടിയുടെ പിളർപ്പിന് ശേഷം 67കാലത്തുണ്ടായ സി.പി.എം- സി.പി.ഐ പോരിലേക്ക് നീങ്ങുന്നുവെന്ന് തോന്നിപ്പിച്ച സംഭവഗതികളായിരുന്നെങ്കിലും പിന്നീട് ഇരുപാർട്ടി നേതൃത്വങ്ങളും പരസ്പരം സംസാരിച്ച് മഞ്ഞുരുക്കുകയായിരുന്നു.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നേ സ്വയം ജലവിഭവമന്ത്രിയായി പ്രഖ്യാപിച്ച് വിവാദമുണ്ടാക്കിയ തോമസ് ചാണ്ടിക്ക് പക്ഷേ മന്ത്രിക്കസേര പ്രാപ്യമാകാൻ പിണറായി സർക്കാർ അധികാരമേറ്റ ശേഷം ഒരു വർഷം കാത്തിരിക്കേണ്ടി വന്നു. മന്ത്രിയായിട്ടും നിർഭാഗ്യത്തിന്റെ തോഴനായി തുടരാനായിരുന്നു ചാണ്ടിയുടെ നിയോഗം. അസുഖബാധയ്ക്കൊപ്പം ആരോപണവിവാദങ്ങളും തോമസ് ചാണ്ടിയെ നിരന്തരം ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. മന്ത്രിക്കസേരയിൽ ഏഴ് മാസത്തെ ആയുസ് മാത്രമായിരുന്നു അദ്ദേഹത്തിന്. 2017 മാർച്ച് 31ന് അധികാരമേറ്റ അദ്ദേഹത്തിന് രാജി വയ്ക്കേണ്ടി വന്നത് അതേ വർഷം നവംബർ 15നാണ്.
പിണറായി മന്ത്രിസഭ അധികാരമേറ്റ വേളയിൽ ഘടകകക്ഷിയായ എൻ.സി.പിയുടെ പ്രതിനിധിയായി മന്ത്രിക്കസേരയിലെത്താൻ നിയോഗം എ.കെ. ശശീന്ദ്രനായിരുന്നു. എന്നാൽ മന്ത്രിസഭ ഒരു വർഷം തികയ്ക്കുന്നതിന് മുമ്പ് തന്നെ ഫോൺകെണി വിവാദത്തിൽ ശശീന്ദ്രന് രാജി വച്ചൊഴിയേണ്ടി വന്നു. അങ്ങനെയാണ് തോമസ് ചാണ്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ഏപ്രിൽ ഒന്നിന് മന്ത്രിയായി പ്രവർത്തിച്ചുതുടങ്ങിയ തോമസ് ചാണ്ടിയെ പിന്നീട് പിന്തുടർന്നത് വിവാദങ്ങളുടെ വേലിയേറ്റങ്ങളായിരുന്നു. കുട്ടനാട്ടിലെ റിസോർട്ടിനെ ചുറ്റിപ്പറ്റിയുണ്ടായ വിവാദത്തിന്റെ ക്ലൈമാക്സിലായിരുന്നു രാജി.
കായൽ കൈയേറ്റ ആരോപണത്തിൽ ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോർട്ടിനെതിരെ ചാണ്ടി ഹൈക്കോടതിയെ സമീപിച്ചത് സ്വയം കുഴിച്ച കുഴിയായി. മന്ത്രി എന്ന പദവി വച്ചുതന്നെയാണ് സ്വന്തം സർക്കാരിലെ റവന്യുവകുപ്പിനെതിരെ അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. സ്വന്തം സർക്കാരിനെതിരെ കോടതിയെ സമീപിച്ച മന്ത്രിയെന്ന വൈരുദ്ധ്യത്തിൽ കയറിപ്പിടിച്ചാണ് തോമസ് ചാണ്ടിക്കെതിരെ കോടതി തിരിഞ്ഞത്. ദന്തഗോപുരത്തിൽ നിന്നിറങ്ങിവന്ന് സാധാരണക്കാരനായി നിയമത്തെ നേരിടണമെന്ന് പറഞ്ഞ കോടതി, മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വമുണ്ടോയെന്നും ചോദിച്ചു. സി.പി.ഐയും എൻ.സി.പിയിലെ തന്നെ ഒരു വിഭാഗവുമടക്കം എതിരു നിന്നപ്പോൾ കടുത്ത സമ്മർദ്ദത്തിന് നടുവിൽ നിന്ന തോമസ് ചാണ്ടിയുടെ തലയ്ക്ക് മുകളിൽ 'രാജി' ഡമോക്ലിസിന്റെ വാൾ പോലെ ആടിനിന്നു.
മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ആ നവംബർ 15ന്റെ മന്ത്രിസഭായോഗത്തിലേക്ക് തോമസ് ചാണ്ടി കടന്നുചെന്നത്. അതിന് മുമ്പേ പ്രതിഷേധം കടുപ്പിച്ചുനിന്ന സി.പി.ഐക്ക് അതൊട്ടും ഉൾക്കൊള്ളാനായില്ല. പാർട്ടി നേതൃത്വത്തിന്റെ തീരുമാനപ്രകാരമാണ് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്റെ ഓഫീസിൽ സി.പി.ഐയുടെ നാല് മന്ത്രിമാരും മന്ത്രിസഭായോഗം അവസാനിക്കുന്നത് വരെയും ഇരുന്നത്. മന്ത്രിസഭായോഗത്തിനില്ലെന്ന കക്ഷിനേതാവ് കൂടിയായ ചന്ദ്രശേഖരന്റെ കത്ത് മുഖ്യമന്ത്രിക്ക് അതിന് മുമ്പായി എത്തിച്ചു. ഇത് മുഖ്യമന്ത്രിയെയും സി.പി.എമ്മിനെയും അമ്പരപ്പിക്കുകയും രോഷം കൊള്ളിക്കുകയും ചെയ്തു. അന്നുച്ചയ്ക്ക് ചാണ്ടിയുടെ രാജിയും സംഭവിച്ചു. സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചുവെന്നായിരുന്നു സി.പി.ഐയുടെ മന്ത്രിസഭാ ബഹിഷ്കരണത്തെപ്പറ്റി പിറ്റേന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത്. എന്നാൽ, പാർട്ടി തീരുമാനം കേരളം പ്രതീക്ഷിച്ച ഫലപ്രാപ്തിയിലേക്ക് നയിച്ചുവെന്ന് പാർട്ടി മുഖപത്രത്തിൽ സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രൻ പേരുവച്ചെഴുതിയ മുഖപ്രസംഗത്തിൽ പറഞ്ഞു. എൻ.സി.പി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തിരിക്കെയാണ് ചാണ്ടിയുടെ വിയോഗം. ഇടതുസർക്കാർ വന്നശേഷം എൻ.സി.പി സംസ്ഥാന പ്രസിഡന്റായിരിക്കെ അന്തരിക്കുന്ന രണ്ടാമത്തെ നേതാവായി തോമസ് ചാണ്ടി. ഉഴവൂർ വിജയനായിരുന്നു ആദ്യം.