തിരുവനന്തപുരം: തിരഞ്ഞെടുപ്പിനു മുമ്പു തന്നെ തോമസ് ചാണ്ടി കുട്ടനാട്ടുകാരോടു പറഞ്ഞിരുന്നു- 'ഞാൻ കൊടി വച്ച കാറിൽ വരും'. തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് അധികാരത്തിൽ വരുമെന്നും താൻ മന്ത്രിയാകുമെന്നും സാരം. കുറച്ചു കാലത്തേക്കാണെങ്കിലും അത് സാധിച്ചെടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.
ബി.ഡി.ജെ.എസിന്റെ ശക്തമായ വെല്ലുവിളി ഉള്ളതുകൊണ്ടുതന്നെ മുമ്പൊരു തിരഞ്ഞെടുപ്പിലും കാണാത്ത ത്രികോണപ്പോരു കടന്നാണ് തോമസ് ചാണ്ടി 2016 ൽ വിജയിച്ചത്. പക്ഷെ, ചാണ്ടിയുടെ മന്ത്രി മോഹത്തിനിടയിലേക്ക് എ.കെ.ശശീന്ദ്രനും ജയിച്ചു വന്നതോടെ കാര്യങ്ങൾ മാറി. ശശീന്ദ്രൻ മന്ത്രിയായി. വിവാദശബ്ദരേഖ ശശീന്ദ്രന്റെ മന്ത്രി സ്ഥാനം തെറിപ്പിച്ചു. എൻ.സി.പി യുടെ മന്ത്രി തോമസ് ചാണ്ടിയായി. മന്ത്രിമാർ വാഴാത്ത ഗതാഗത വകുപ്പിന്റെ മന്ത്രിയായി ചുമതയേറ്റെടുക്കുന്നത് 2017 ഏപ്രിൽ ഒന്നിന്. കൃത്യം ഏഴരമാസത്തിനു ശേഷം മന്ത്രി പദവി നഷ്ടമായി. പാതിവഴിയിൽ മന്ത്രിസ്ഥാനം വിട്ടിറങ്ങേണ്ടി വന്ന ഒൻപതാമത്തെ ഗതാഗമന്ത്രിയായി തോമസ് ചാണ്ടി.
കെ.എസ്.ആർ.ടി.സിയിലെ സാമ്പത്തിക പ്രതിസന്ധിയായിരുന്നു മന്ത്രിയായിരുന്ന നാളുകളിൽ തോമസ് ചാണ്ടിയുടെ തലവേദന. എം.ഡിയായിരുന്ന രാജമാണിക്യവുമായി തെറ്റി. രാജമാണിക്യം പുറത്തേക്കു പോയി. കോർപ്പറേഷനെ നഷ്ടത്തിൽ നിന്ന് കരകയറ്റാൻ പദ്ധതികൾ ആവിഷ്കരിക്കുന്നതിനിടയിലുണ്ടായ അപ്രതീക്ഷിത വിവാദത്തിൽപ്പെട്ടാണ് മന്ത്രിപദവി നഷ്ടമായത്.
വ്യക്തി ജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും തിരിച്ചടികളിൽ തളരുന്ന ആളായിരുന്നില്ല ചാണ്ടി.
യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ ബ്ലോക്ക് സെക്രട്ടറിയായിരിക്കേയാണ് ഗൾഫിലേക്കു പോകാനുള്ള തീരുമാനം. 1991ൽ കുവൈത്തിൽ യുദ്ധം തുടങ്ങിയതോടെ കൂട്ടുകാരെല്ലാം മടങ്ങി. അവസാനം വരെ അവിടെ പിടിച്ചുനിന്ന തോമസ് ചാണ്ടി യുദ്ധം കഴിഞ്ഞയുടൻ കുവൈത്തിൽ തിരിച്ചെത്തി. തോക്കിനു മുന്നിലും ഒപ്പം നിന്ന തോമസ് ചാണ്ടി കുവൈത്തുകാരുടെ വിശ്വസ്തനായി. കുവൈത്തിന്റെ പുനരുജ്ജീവനത്തിൽ ചാണ്ടിയും പങ്കുവഹിച്ചു. അതോടെ പേര് 'കുവൈത്ത് ചാണ്ടി'യെന്നായി .നാട്ടിൽ തിരിച്ചെത്തിയപ്പോൾ പഴയ കോൺഗ്രസുകാരനായി . ലീഡർ കെ.കരുണാകരന്റെ വിശ്വസ്തൻ.
ജീവകാരുണ്യ പ്രവർത്തനത്തിനു പിശുക്കില്ലാതെ പണം ചെലവഴിക്കുന്നതു തോമസ് ചാണ്ടിയുടെ സ്വഭാവമാണ്. ഇങ്ങനെ നേടിയ ജനപിന്തുണ മനസ്സിൽ കണ്ടാണു 'കുട്ടനാട്ടിൽ 15,000 വോട്ട് എന്റെ പോക്കറ്റിലുണ്ട്' എന്ന് യു.ഡി.എഫിലും എൽ.ഡി.എഫിലും സ്ഥാനാർഥിയായപ്പോൾ തോമസ് ചാണ്ടി പറഞ്ഞത്. 2016ൽ നാമനിർദേശ പത്രികയ്‌ക്കൊപ്പം സമർപ്പിച്ച രേഖകൾ പ്രകാരം തോമസ് ചാണ്ടിയുടെ സമ്പാദ്യം 68.8 കോടി. കേരള നിയമസഭയിലെ ഏറ്റവും ധനികനായ മന്ത്രി എന്ന റെക്കാഡും സ്വന്തമാക്കി.