. 13-ാം സീസൺ ഐ.പി.എൽ താരലേലം പൂർത്തിയായി
.മാർച്ച് 23ന് ടൂർണമെന്റിന് തുടക്കം
കൊൽക്കത്ത : 2020 ലെ ഇന്ത്യൻ പ്രിമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന്റെ താരലേലം കഴിഞ്ഞ രാത്രി കൊൽക്കത്തയിൽ പൂർത്തിയായതോടെ മാർച്ചിൽ തുടങ്ങുന്ന ടൂർണമെന്റിനുള്ള തയ്യാറെടുപ്പുകൾക്ക് തുടക്കമിടുകയാണ് എട്ട് ഫ്രാഞ്ചൈസികളും. കഴിഞ്ഞ സീസണിലെ താരങ്ങളിൽ പലരേയും ടീമുകൾ നിലനിറുത്തിയിരുന്നതിനാൽ താരതമ്യേന കുറച്ചുപേർക്ക് വേണ്ടിയായിരുന്നു ഇത്തവണത്തെ ലേലം.
തങ്ങൾക്കു ആവശ്യമുള്ളവരെ വിളിച്ചെടുത്തതോടെ ടീമുകകളുടെയെല്ലാം അന്തിമരൂപം ആയിട്ടുണ്ട്.
വമ്പൻ സ്രാവുകൾ അധികം കളത്തിലിറങ്ങാതിരുന്ന ലേലത്തിൽ ലോട്ടറിയടിച്ചത് വിദേശ താരങ്ങൾക്കാണ്. സർപ്രൈസ് പാക്കേജെന്നപോലെ ഒരു വിദേശ താരത്തിന് ടൂർണമെന്റിലെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വില നൽകി. ആസ്ട്രേലിയൻ പേസർ പാറ്റ് കമ്മിൻസിനെ (15.5 കോടി) കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്റാഞ്ചിയെടുത്തു. ഗ്ളെൻ മാക്സ്‌വെൽ (10.75 കോടി പഞ്ചാബ് കിംഗ്സ്), ഷെൽഡൻ കോട്ടെറെൽ (8.5 കോടി പഞ്ചാബ് കിംഗ്‌സ്), സാം കറാൻ (5.5 കോടി ചെന്നൈ), ഇയോൻ മോർഗൻ (5.25 കോടി കൊൽക്കത്ത), കൗട്ടർനിലെ (8 കോടി-മുംബയ്) തുടങ്ങിയവരും വിദേശികളിൽ വൻവില സ്വന്തമാക്കി.
വെറ്ററൻ ഇന്ത്യൻ സ്പിന്നർ പിയൂഷ് ചൗളയെ 6.75 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കിയതും അത്ഭുതമായി. ഏറ്റവും വില ലഭിച്ച ഇന്ത്യൻ താരവും ചൗള തന്നെ. റോബിൻ ഉത്തപ്പ മൂന്ന് കോടിക്ക് രാജസ്ഥാൻ റോയൽസിലെത്തി. ഇന്ത്യൻ കൗമാര താരങ്ങളായ യശ്വസി ജയ്സ്വാൾ 2.4 കോടിക്ക് രാജസ്ഥാൻ റോയൽസിലും വിരാട് സിംഗ് 1.9 കോടിക്ക് സൺറൈസേഴ്സ് ഹൈദരാബാദിലും എത്തി. രവി ബിഷ്ണോയ് രണ്ടുകോടിക്ക് പഞ്ചാബിൽ എത്തി.
20 ലക്ഷം രൂപ അടിസ്ഥാന വിലയ്ക്കാണെങ്കിലും 48-ാം വയസിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിൽ കളിക്കാൻ അവസരം ലഭിച്ച പ്രവീൺ താംബെയും ഇൗ ലേലത്തിലെ വിസ്മയമായി.
140.3
കോടിരൂപയാണ് എട്ട് ഫ്രാഞ്ചൈസികളും ചേർന്ന് ലേലത്തിൽ ചെലവഴിച്ചത്.
27.15
കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് ഏറ്റവും കൂടുതൽ തുക ചെലവിട്ടത്. 9 താരങ്ങളാണ് ലേലത്തിലൂടെ കൊൽക്കത്ത സ്വന്തമാക്കിയത്.
6.90
കോടി ചെലവഴിച്ച് സൺറൈസേഴ്സ് ഹൈദരാബാദ് ഏറ്റവും കുറച്ച് തുക ലേലത്തിനിറക്കിയ ടീമായി. ഏഴുപേരെ അവർ സ്വന്തമാക്കി.
0
ലേലത്തിൽ ഒറ്റമലയാളി താരത്തിനും ടീമുകളിൽ ഇടം ലഭിച്ചില്ല.
ഐ.പി.എല്ലിലെ മലയാളികൾ ഇവർ
സഞ്ജു സാംസൺ (രാജസ്ഥാൻ), കെ.എം. ആസിഫ് (ചെന്നൈ), സന്ദീപ് വാര്യർ (കൊൽക്കത്ത), ദേവ്ദത്ത പടിക്കൽ (ബാംഗ്ളൂർ).
അടിച്ചു കസറി മാക്സ്‌വെൽ
ഐ.പി.എല്ലിൽ 10.75 കോടിരൂപയ്ക്ക് പഞ്ചാബ് കിംഗ്സ് സ്വന്തമാക്കിയത് വെടിക്കെട്ട്ബാറ്റിംഗിലൂടെ ആഘോഷിച്ച് ഗ്ളെൻ മാക്‌സ്‌വെൽ. ഇന്നലെ ബിഹ്ബാഷ് ലീഗിൽ മെൽബൺ സ്റ്റാർസിനുവേണ്ടി ബ്രസ്ബേൻ ഹീറ്റ്സിനെതിരെ വെറും 39 പന്തുകളിൽ 89 റൺസടിച്ചുകൂട്ടുകയായിരുന്നു മാക്‌സ്‌വെൽ.
വിലയ്ക്കെടുക്കാനാളില്ലാതെ പുജാര
ഇക്കൊലത്തെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്സ്മാൻ മാരിൽ ഒരാളായ ചേതേശ്വർ പുജാരയെ ലേലത്തിൽ സ്വന്തമാക്കാൻ ആരുമുണ്ടായില്ല.