ആറ്റിങ്ങൽ: കേരളകൗമുദി, കൗമുദി ടി.വി, സ്വയംവര സിൽക്‌സ് എന്നിവയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ മാമം മൈതാനത്ത് നടക്കുന്ന ഡിസംബർ ഫെസ്റ്റിന് തിരിതെളിഞ്ഞു. ഇനിയുള്ള 16 ദിവസം ആറ്റിങ്ങലിന് ഉത്സവമേളമാണ് ഡിസംബർ ഫെസ്റ്റ് സമ്മാനിക്കുക. അടൂർ പ്രകാശ് എം.പി നാടമുറിച്ച് പവലിയൻ ഉദ്ഘാടനം ചെയ്‌തു. അഡ്വ.ബി. സത്യൻ എം.എൽ.എ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. പൊതുസമ്മേളനം നഗരസഭാ ചെയർമാൻ എം. പ്രദീപ് ഉദ്ഘാടനം ചെയ്‌തു. കേരളകൗമുദി യൂണിറ്റ് ചീഫ് കെ. അജിത് കുമാർ, സ്വയംവര സിൽക്‌സ് മാനേജർ അഡ്വ. റിയാദി, കൈരളി ജുവലറി ഡയറക്ടർ റിയാസ് സലിം, റിലേഷൻസ് മീഡിയ എം.ഡി നിഖിൽ, നഗരസഭാ വൈസ് ചെയർപേഴ്സൺ ആർ.എസ്. രേഖ, വാർഡ് കൗൺസിലർ പ്രിൻസ് രാജ്, എസ്.എൻ.ഡി.പി യോഗം ആറ്റിങ്ങൽ യൂണിയൻ പ്രസിഡന്റ് എസ്. ഗോകുൽദാസ്, ആറ്റിങ്ങൽ ഡിവൈ.എസ്.പി വി. ബേബി, ബി.ജെ.പി ആറ്റിങ്ങൽ ടൗൺ കമ്മിറ്റി പ്രസിഡന്റ് അജിത് പ്രസാദ് എന്നിവർ സംസാരിച്ചു. കൗമുദി ടി.വി ബ്രോഡ്കാസ്റ്റിംഗ് ഹെഡ് എ.സി. റെജി സ്വാഗതവും താലൂക്ക് ലേഖകൻ വിജയൻ പാലാഴി നന്ദിയും പറഞ്ഞു. ന്യൂ രാജസ്ഥാൻ മാർബിൾസ്, കൈരളി ജുവലേഴ്സ് എന്നിവരാണ് മേളയുടെ കോ സ്‌പോൺസർമാർ. 92.7 ബിഗ് എഫ്.എമ്മാണ് മേളയുടെ റേഡിയോ പാർട്ണർ. വിസ്‌മയ ചാനൽ പാർട്ണറും ഹൃദയപൂർവം ന്യൂസ് ഓൺലൈൻ ന്യൂസ് പാർട്ണറുമാണ്. ഇന്ന് ഉച്ചകഴിഞ്ഞ് 2 മുതൽ മേളയുടെ പ്രവർത്തനം ആരംഭിക്കും. രാത്രി 9 വരെയാണ് പ്രദർശന വില്പന വിനോദ മേള നടക്കുക. ജനുവരി 5ന് സമാപിക്കുന്ന ഡിസംബർ ഫെസ്റ്റിൽ 100 ലധികം സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളത്. കുട്ടികൾക്ക് ഉല്ലസിക്കാനുള്ള അമ്യൂസ്‌മെന്റ് പാർക്ക്, അപൂർവയിനം അലങ്കാര മത്സ്യങ്ങൾ, പെറ്റ്ഷോ, 150 രാജ്യങ്ങളിലെ വിവിധ അലങ്കാരച്ചെടികൾ, ഗൃഹോപകരണങ്ങളുടെ വ്യത്യസ്‌ത കളക്‌ഷനുകൾ, ലേഡീസ് കോസ്‌മറ്റിക് ഫാൻസി സ്റ്റാളുകൾ, കാൺപൂർ ലെതർ ബാഗുകൾ, രാജസ്ഥാൻ ചുരിദാറുകൾ, അപൂർവയിനം സസ്യങ്ങൾ, ഔഷധച്ചെടികൾ തുടങ്ങിയവയും മേളയിലുണ്ട്. സർക്കാർ വക സ്റ്റാളുകളും ഡിസംബർ ഫെസ്റ്റിന്റെ പ്രത്യേകതയാണ്. ഇന്ന് വൈകിട്ട് 6 മുതൽ സ്റ്റേജിൽ ആറ്റിങ്ങൽ കലാഭവൻ സേവന സമിതിയുടെ നാടൻപാട്ട് നടക്കും. എല്ലാ ദിവസവും വൈകിട്ട് കലാപരിപാടികൾ ഉണ്ടായിരിക്കും.