തിരുവനന്തപുരം: മംഗലാപുരത്ത് വാർത്ത റിപ്പോർട്ട് ചെയ്യാൻ പോയ മലയാളി മാദ്ധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്തതിലും അവരെ അക്രമികളായി ചിത്രീകരിച്ച് പ്രചാരണം നടത്തിയതിലും പ്രതിഷേധിച്ച് പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാദ്ധ്യമപ്രവർത്തകർ തലസ്ഥാനത്ത് പ്രകടനം നടത്തി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയോടെ തുടങ്ങിയ പ്രകടനം പുളിമൂട് ജി.പി.ഒയ്ക്ക് മുന്നിൽ സമാപിച്ചു. പ്രതിഷേധ യോഗം പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്. സുഭാഷ് ഉദ്ഘാടനം ചെയ്‌തു. പ്രസിഡന്റ് കെ.പി. റെജി, മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്. ബാബു, മുൻ ചെയർമാൻ എസ്.ആർ. ശക്തിധരൻ, യൂണിയൻ മുൻ സംസ്ഥാന പ്രസിഡന്റ് ജേക്കബ് ജോർജ്, സണ്ണിക്കുട്ടി എബ്രഹാം, യൂണിയൻ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം, സെക്രട്ടറി ബി. അഭിജിത്, പ്രസ് ക്ലബ് സെക്രട്ടറി സാബ്ലു തോമസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആർ. കിരൺ ബാബു, വിജേഷ് ചൂടൽ, ഇയാസ് മുഹമ്മദ്, എ.വി. മുസാഫർ, ജില്ലാ ട്രഷറർ അനുപമ ജി. നായർ, ഗീത നസീർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് പൗരത്വ നിയമത്തിന്റെ കോപ്പി കത്തിച്ചു.