നെടുമങ്ങാട്: നഗരത്തിൽ നാല് ദിവസമായി നടക്കുന്ന കോയിക്കൽ പുസ്തകോത്സവത്തിന് ഇന്ന് തിരിതെളിയും. 24 വരെ നെടുമങ്ങാട് ടൗൺ എൽ.പി.എസിലാണ് (പൗലോ പൗലിനോ നഗർ) പുസ്തകോത്സവം. ഇതോടനുബന്ധിച്ച് കലാ-സാംസ്കാരിക മേളയും അരങ്ങേറും. ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ അഭിമാനമായ ഐ.എസ്.ആർ.ഒ ഒരുക്കുന്ന എക്സിബിഷൻ മേളയിൽ ശ്രദ്ധേയമാവും. പി.എസ്.എൽ.വി, ജി.എസ്.എൽ.സി, ജി.എസ്.എൽ.വി എം.കെ. III, ക്രയോജനിക് എൻജിൻ -വികാസ് എൻജിൻ മോഡലുകൾ, റോക്കറ്റ് വിക്ഷേപണ വാഹനങ്ങളുടെ മാതൃകകൾ, ചാന്ദ്രയാൻ, ഇൻസാറ്റ് സാറ്റലൈറ്റുകളുടെ മാതൃകകൾ മുതലായവ പുസ്തകനഗരിയിൽ ഐ.എസ്.ആർ.ഒ സജ്ജമാക്കിയിട്ടുണ്ട്. എല്ലാ ദിവസവും വിവിധ വേദികളിലായി കുട്ടികളുടെ മത്സരവും കലാപരിപാടികളും നടക്കും. നെടുമങ്ങാട് ബ്ലോക്കു പഞ്ചായത്തിന്റെ ജൈവഗ്രാമം, നെടുമങ്ങാട് നഗരസഭയുടെ കാർഷിക കർമ്മസേന, കുടുംബശ്രീ സ്റ്റാളുകളും ക്രമീകരിച്ചിട്ടുണ്ട്. ഫുഡ് ഫെസ്റ്റിവലും ഇതോടൊപ്പം നടക്കും. ഇന്ന് വൈകിട്ട് 5ന് പ്രശസ്ത തമിഴ് എഴുത്തുകാരൻ പെരുമാൾ മുരുകൻ ഉദ്ഘാടനം ചെയ്യും. 22 ന് 'മാധ്യമവും സമൂഹവും' എന്ന വിഷയത്തിൽ ഓപ്പൺ ഫോറം. ഷിജൂഖാൻ മോഡറേറ്ററാകും. 23 ന് 'നെടുമങ്ങാടിന്റെ സർഗലാവണ്യം" എന്ന പേരിൽ പ്രാദേശിക എഴുത്തുകൂട്ടായ്മ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. പിരപ്പൻകോട് മുരളി മുഖ്യ പ്രഭാഷണം നടത്തും. 24ന് കുരീപ്പുഴ ശ്രീകുമാറിന്റെ സാംസ്കാരിക പ്രഭാഷണവും സെമിനാറും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു മോഡറേറ്ററാവും .മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യും. പുസ്തകോത്സവവും സാംസ്കാരിക കലാമേളയും വൻ വിജയമാക്കാൻ എല്ലാ സാമൂഹിക, സാംസ്കാരിക പ്രവർത്തകരും പങ്കാളികളാകണമെന്ന് സംഘാടക സമിതി ചെയർമാൻ അഡ്വ.ആർ. ജയദേവൻ അഭ്യർത്ഥിച്ചു.
മേളയിലെ പ്രത്യേകത
250 രൂപ കൂപ്പൺ എടുക്കുന്നവർക്ക് 300 രൂപയ്ക്കും 500 രൂപ കൂപ്പൺ എടുക്കുന്നവർക്ക് 600 രൂപയ്ക്കും
1,000 രൂപ കൂപ്പൺ എടുക്കുന്നവർക്ക് 1,200 രൂപയ്ക്കും 2,500 രൂപ കൂപ്പൺ എടുക്കുന്നവർക്ക് 3,000 രൂപയ്ക്കും പുസ്തകങ്ങൾ ലഭിക്കും. പുസ്തകോത്സവവുമായി ബന്ധപ്പെട്ട് ഫോട്ടോഗ്രാഫി മത്സരവും ഒരുക്കിയിട്ടുണ്ട്. ചിത്രങ്ങൾ ഫെയ്‌സ്ബുക്ക് പ്രൊഫൈലിൽ *#koyikkalbookfest* എന്ന ഹാഷ് ടാഗോടു കൂടി പങ്കുവയ്ക്കണം. തിരഞ്ഞെടുക്കപ്പെടുന്ന മികച്ച ചിത്രത്തിന് സമ്മാനം ലഭിക്കും. 24 ന് വൈകിട്ട് 6 വരെ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാം. ഫോൺ : 9446326095.