തിരുവനന്തപുരം: പൗരത്വബില്ലിനെതിരായ പ്രക്ഷോഭം തലസ്ഥാനത്ത് ശക്തമാകുന്നു. കേന്ദ്രസർക്കാരിന്റെ നിലപാടിനെതിരെ വി.എസ്.എസ്.സിയുടെ ബസും മംഗളൂരുവിൽ മാദ്ധ്യമപ്രവർത്തകരെ അറസ്റ്റുചെയ്‌തതിൽ കർണാടക ആർ.ടി.സി ബസും കെ.എസ്.യു പ്രവർത്തകർ തടഞ്ഞു. ഇന്നലെ വൈകിട്ട് നാലോടെ തമ്പാനൂർ കെ.എസ്.ആർ.ടി.സി ടെർമിനലിൽ നിന്നും പുറപ്പെടാനൊരുങ്ങിയ കർണാടക ബസിന് മുന്നിൽ കെ.എസ്.യു പ്രവർത്തകർ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. പൊലീസ് സ്ഥലത്തെത്തി ഇവരെ മാറ്റാൻ ശ്രമിച്ചതോ പ്രവർത്തകർ പ്രകോപിതരായി. ഇവർ പൊലീസിന് നേരെ തട്ടിക്കയറി. തുടർന്ന് പ്രവർത്തകരെ ബലം പ്രയോഗിച്ച് മാറ്റി. അഞ്ചോടെ പാളയം യൂണിവേഴ്സിറ്റി ആസ്ഥാനത്ത് മുന്നിലെത്തിയ വി.എസ്.എസ്.സിയുടെ അ‌ഞ്ച് ബസുകൾക്ക് നേരെയും കെ.എസ്.യു പ്രവർത്തകർ പ്രതിഷേധവുമായെത്തി. ഇവിടെയും പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റമായി. അരമണിക്കൂറോളം നഗരത്തിൽ ഗതാഗതം താറുമാറായി. തുടർന്ന് പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്തു നീക്കി. കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി നബീൽ കല്ലമ്പലം, ജഷീർ പള്ളിവേൽ, പീറ്റർ സോളമൻ, സുഹൈൽ കഴക്കൂട്ടം സഫീർ, സെയ്ദാലി കായ്‌പാടി, അബിൻ വർക്കി, ബാഹുൽ കൃഷ്ണ തുടങ്ങിയവർ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകി.