സ്വകാര്യ ചികിത്സ നടത്തുന്ന ജസ്‌പ്രീത് ബുംറയ്ക്ക്
ഫിറ്റ്നെസ് ടെസ്റ്റ് നടത്തില്ലെന്ന് നാഷണൽ ക്രിക്കറ്റ്
അക്കാഡമി
ബംഗളുരു : ഇന്ത്യൻ പേസ്ബൗളർ ജസ‌്‌പ്രീത് ബുംറയുടെ ഫിറ്റനസ് ടെസ്റ്റ് നടത്താൻ കഴിയില്ലെന്ന നിലപാടുമായി ബംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാഡമിയുടെ ഡയറക്ടറും മുൻ ഇന്ത്യൻ ക്യാപ്ടനുമായ രാഹുൽ ദ്രാവിഡ്. ആഗസ്റ്റിൽ നടന്ന വിൻഡീസ് പര്യടനത്തിനുശേഷം നടുവിനേറ്റ പരിക്കിന്റെ പേരിൽ കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുന്ന ബുംറ സ്വകാര്യ ചികിത്സ തേടിയതോടെയാണ് ഫിറ്റ്നസ് ടെസ്റ്റ് നടത്തിക്കൊടുക്കാൻ മാത്രം തങ്ങൾക്ക് കഴിയില്ലെന്ന് എൻ.സി.എ നിലപാട് സ്വീകരിച്ചത്.
പരിക്കിൽനിന്ന് ഏറക്കുറെ മോചിതനായ ബുംറ കഴിഞ്ഞദിവസം വിശാഖപട്ടണത്ത് നടന്ന രണ്ടാം ഏകദിനത്തിന് മുമ്പ് ഇന്ത്യൻ ടീമിനൊപ്പം പരിശീലനം നടത്തിയിരുന്നു. അവിടെനിന്ന് ഇന്നലെ ഫിറ്റ്നസ് ടെസ്റ്റിനായി ബുംറ ബംഗ്ളുരുവിലെത്തിയപ്പോഴാണ് തങ്ങളെ കൊണ്ട് അതിന് കഴിയില്ലെന്ന് ദ്രാവിഡും എൻ.സി.എയിലെ ഫിസിയോതെറാപ്പിസ്റ്റ് ആഷിക് കൗശിക്കും വിനീതമായി അറിയിച്ചതെന്ന് എൻ.സി.എ വൃത്തങ്ങൾ പറഞ്ഞു.
പരിക്കേൽക്കുന്ന ദേശീയ താരങ്ങൾ ബംഗ്ളുരുവിലെ ദേശീയ അക്കാഡമിയിൽ ചികിത്സയും ഫിറ്റ്നസ് റിക്കവറിയും നടത്തണമെന്നാണ് ബി.സി.സി.ഐ ചട്ടം . എൻ.സി.എയിലെ വിദഗ്ദ്ധ ഡോക്ടർമാരുടെ അഭിപ്രായമനുസരിച്ചേ പുറത്ത് ചികിത്സയ്ക്ക് പോകാനാകൂ. എന്നാൽ ബുംറ ബ്രിട്ടനിൽ സ്വകാര്യ ഡോക്ടറെ കണ്ടാണ് ചികിത്സ നടത്തിയത്. നാട്ടിൽ മടങ്ങിയെത്തിയിട്ടും എൻ.സി.എയിൽ പരിശീലനത്തിന് വരാൻ ബുംറ തയ്യാറായില്ല. നേരത്തെ ഭുവനേശ്വർ കുമാറിന്റെ പരിക്കിന്റെ കാര്യത്തിലും സമാനമായ സ്ഥിതിവിശേഷമുണ്ടായിരുന്നു. ഭുവിയുടെ പരിക്ക് സ്വകാര്യ ചികിത്സയിൽ കണ്ടെത്താനാകാതെ പോയതും വിവാദത്തിലായിരുന്നു. ഇതിനെ തുടർന്നാണ് എൻ.സി.എയിൽ ചികിത്സയും പരിശീലനവും നടത്തുന്നവരുടെ മാത്രം ഫിറ്റ്നസ് ടെസ്റ്റ് നടത്തിയാൽ മതിയെന്ന് ദ്രാവിഡ് തീരുമാനിച്ചത്. പുറത്ത് ചികിത്സ കഴിഞ്ഞുവരുന്നവർക്ക് തങ്ങൾ ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് നൽകിയാൽ പിന്നീട് ഉണ്ടാകുന്ന പരിക്കുകൾക്ക് ഉത്തരവാദിത്വം ഏൽക്കേണ്ടിവരുമെന്നതാണ് ഇൗ കടുത്ത തീരുമാനത്തിലേക്ക് പോകാൻ ദ്രാവിഡിനെ പ്രേരിപ്പിച്ചത്. ഇക്കാര്യം ദ്രാവിഡുമായി ഉടൻ ചർച്ച ചെയ്യുമെന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി അറിയിച്ചിട്ടുണ്ട്.
രാഹുൽ ദ്രാവിഡിന്റെ മകന് ഇരട്ടസെഞ്ച്വറി
ബംഗളുരു :അച്ഛന്റെ വഴിയേ തന്നെയാണ് താനുമെന്ന് തെളിയിച്ച് രാഹുൽ ദ്രാവിഡിന്റെ മകൻ സമിത് രാഹുൽ സംസ്ഥാന അണ്ടർ 14 ക്രിക്കറ്റ് മത്സരത്തിൽ ഇരട്ടസെഞ്ച്വറി നേടി. വൈസ് പ്രസിഡന്റ്സ് ഇലവനുവേണ്ടി ധർവാഡ് സോണിനെതിരെയാണ് സമിത് 201 റൺസടിച്ചത്.