ganguly
ganguly

കൊൽക്കത്ത : കളിക്കളത്തിൽ നിന്ന് വിരമിക്കാൻ പറ്റിയ സമയമേതെന്ന് തീരുമാനിക്കാനുള്ള കഴിവും പരിചയസമ്പത്തും മഹേന്ദ്രസിംഗ് ധോണിക്കുണ്ടെന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ധോണിയുടെ കാര്യത്തെക്കുറിച്ച് മറ്റാരും തീരുമാനമെടുക്കേണ്ടെന്നും ഗാംഗുലി പറഞ്ഞു. കൊൽക്കത്തയിൽ ഐ.പി.എൽ താരലേലത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗാംഗുലി.

ഇംഗ്ളണ്ടിൽ നടന്ന ഏകദിന ലോകകപ്പിനുശേഷം ധോണി ഇന്ത്യൻ ടീമിൽ കളിച്ചിട്ടില്ല. 38 കാരൻ ധോണി അടുത്തവർഷം ആസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പിൽ കളിക്കാൻ ടീമിലുണ്ടാകുമോ എന്നതാണ് ആരാധകരുടെ സന്ദേഹം. ഇൗ സീസൺ ഐ.പി.എല്ലിലും ചെന്നൈ സൂപ്പർ കിംഗ്സിനെ നയിക്കുന്നത് ധോണിയാണ്.

ഗാംഗുലി പറഞ്ഞത്

കളി തുടരണോ വിരമിക്കണോ എന്നുള്ളതൊക്കെ ധോണിയുടെ തീരുമാനത്തിന് വിട്ടിരിക്കുന്നു. തനിക്ക് എന്താണ് നല്ലതെന്ന് തിരിച്ചറിയാനുള്ള പക്വതയും അനുഭവ സമ്പത്തും ധോണിക്കുണ്ട്.

ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെയും പഴയ സെലക്ഷൻ കമ്മിറ്റിയെയും തിരഞ്ഞെടുക്കുക. അതിനുശേഷമേ പുതിയ സെലക്ഷൻ കമ്മിറ്റിയെ നിശ്ചയിക്കൂ. മറ്റുപല തിരക്കുകളും ഉള്ളതിനാൽ പ്രമുഖരായ മുൻകാല താരങ്ങളൊന്നും സെലക്ടർമാരാകാൻ തയ്യാറല്ല.

ഐ.പി.എൽ യുവതാരങ്ങൾക്കും സീനിയേഴ്സിനും ഒരേപോലെ പ്രയോജനം ചെയ്യുന്ന ടൂർണമെന്റാണ്. ക്രിക്കറ്റിന്റെ ആവേശം അലയടിച്ചുയർത്താൻ ഐ.പി.എല്ലിന് കഴിയും. ഇക്കുറിയും നിറഞ്ഞ ഗാലറികളാകും ഐ.പി.എല്ലിനെ വരവേൽക്കുക.