നെടുമങ്ങാട്: പൗരത്വ ബില്ലിൽ പ്രതിഷേധിച്ച് സി.പി.എം പനവൂരിൽ സംഘടിപ്പിച്ച പൊതുയോഗത്തിനുനേരെ പെട്രോൾ ബോംബെറിഞ്ഞതായി പരാതി. പനവൂർ ജംഗ്‌ഷനിൽ വൈകിട്ടു നടന്ന യോഗത്തിലാണ് സംഭവം. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഷിജൂഖാൻ ഉദ്ഘാടന പ്രസംഗം നടത്തുന്നതിനിടെ അടുത്തുള്ള ഒരു വീടിന്റെ മറവിൽ നിന്ന് വേദിയിലേക്ക് അജ്ഞാതൻ ബോംബെറിയുകയായിരുന്നുവെന്ന് നേതാക്കൾ ആരോപിച്ചു. എസ്.ഡി.പി.ഐക്കാരാണ് അക്രമത്തിന് പിന്നിലെന്ന് സി.പി.എം ആരോപിച്ചു. പൊലീസ് അന്വേഷണം തുടങ്ങി. സംഭവത്തിൽ പ്രതിഷേധിച്ച് ലോക്കൽ കേന്ദ്രങ്ങളിൽ യോഗം ചേർന്നു. ഏരിയ കമ്മിറ്റി അംഗം ടി. പദ്മകുമാർ, ലോക്കൽ കമ്മിറ്റി സെക്രട്ടറി ആനാട് ഷജീർ, കെ. റഹീം, മന്നൂർക്കോണം രാജേന്ദ്രൻ, ശ്രീകേശ്, എസ്.എസ്. ബിജു, ആർ.മധു, എം. രാമചന്ദ്രൻ നായർ, തുളസികുമാർ, അഡ്വ.കെ.വി. ശ്രീകാന്ത്, എസ്.കെ. ബിജുകുമാർ, മൂഴി രാജേഷ്, ജി.ഷൈജുകുമാർ, എം.ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു.