ദോഹ: ഖത്തർ ഇന്റർനാഷണൽ കപ്പ് വെയ്‌റ്റ് ലിഫ്ടിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ വനിതാതാരവും മുൻ ലോക ചാമ്പ്യനുമായ മീരാഭായ് ചാനു സായ്കോം സ്വർണം നേടി. 49 കിലോ വിഭാഗത്തിൽ 194 കി.ഗ്രാം ഉയർത്തിയാണ് മീരാഭായ് സ്വർണം നേടിയത്.
അത്‌ലറ്റിക്സിൽ പ്രായത്തട്ടിപ്പ്
ന്യൂഡൽഹി : കഴിഞ്ഞമാസം തിരുപ്പതിയിൽ നടന്ന ദേശീയ അന്തർജില്ലാ ജൂനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പ്രായത്തട്ടിപ്പ് നടത്തിയ 51 കായിക താരങ്ങളെ കണ്ടെത്തി അത്‌ലറ്റിക്സ് ഫെഡറേഷൻ ഒഫ് ഇന്ത്യ. 14 മുതൽ 16 വരെ പ്രായമുള്ളവർക്കായി നടത്തിയ മീറ്റിൽ 4500 ലധികം പേരാണ് പങ്കെടുത്തത്. ഇവരിൽ ശാസ്ത്രീയ പരിശോധന നടത്തിയാണ് പ്രായകൂടുതലുള്ളവരെ കണ്ടെത്തിയത്. രാജസ്ഥാൻ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നാണ്കൂടുതൽ തട്ടിപ്പുകാർ.
ശ്രീലങ്കയ്ക്ക് ലീഡ്
കറാച്ചി : പാകിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി ശ്രീലങ്ക ആദ്യ ഇന്നിംഗ്സിൽ 191 റൺസിന് ആൾ ഒൗട്ടായിരുന്ന ആതിന്തേയർക്കെതിരെ ലങ്ക ഒന്നാം ഇന്നിംഗ്സിൽ 271 റൺസടിച്ച് ആൾ ഒൗട്ടായി. ദിനേഷ് ചാന്ദീമൽ (74) ആണ് ടോപ് സ്കോറർ. ഷഹീൻ ഷാ അഫ്രീദി അഞ്ചുവിക്കറ്റ് വീഴ്ത്തി. മൊഹമ്മദ് അബാസ് നാലും. തുടർന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ പാകിസ്ഥാൻ രണ്ടാംദിനം കളിനിറുത്തുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 57 റൺസിലെത്തിയിട്ടുണ്ട്. ഇപ്പോഴും 23 റൺസ് പിന്നിലാണ് ആതിഥേയർ.
ബൗമയ്ക്ക് പരിക്ക്
പ്രിട്ടോറിയ : പരിശീലനത്തിനിടെ പേശിക്ക് പരിക്കേറ്റ മദ്ധ്യനിര ബാറ്റ്സ്മാൻ ടെംപ ബഭു ഇംഗ്ളണ്ടിനെതിരായ ആദ്യടെസ്റ്റിനുള്ള ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിൽ ഉണ്ടാവില്ല.
മിനാമിനോ ലിവർപൂളിൽ
ലണ്ടൻ : ഏതാനും മാസങ്ങളായി മാഞ്ചസ്റ്റർ യുണൈറ്റഡ് നോട്ടമിട്ടിരുന്ന ജാപ്പനീസ് അന്താരാഷ്ട്ര താരം തക്കുമി മിനാമിനോയെ ഇംഗ്ളീഷ് ഫുട്ബാൾ ക്ളബ് ലിവർപൂൾ സ്വന്തമാക്കി. ആസ്ട്രിയൻ ക്ളബ് റെഡ്ബുൾ സാൽസ്ബർഗിൽ നിന്ന് 95 ലക്ഷം ഡോളറിനാണ് ലിവർപൂൾ മിനാമിനോയെ റാഞ്ചിയത്.
ദേശീയ റോൾബാൾ
തിരുവനന്തപുരം : 13-ാമത് ദേശീയ ജൂനിയർ റോൾബാൾ ചാമ്പ്യൻഷിപ്പ് ഇന്നുമുതൽ 24 വരെ സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും. 26 സംസ്ഥാനങ്ങളിൽനിന്നുള്ള ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ടീമുകൾ പങ്കെടുക്കും. കഴിഞ്ഞമാസം നടന്ന റോൾ ബാൾ ലോകകപ്പിൽ വെള്ളിമെഡൽ നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്ന മലയാളിതാരം ശ്രീലക്ഷ്മി ചാമ്പ്യൻഷിപ്പിന്റെ അംബാസഡറായി തിരഞ്ഞെടുത്തു.
ആർട്ടേറ്റ ആഴ്സനൽ കോച്ച്
ലണ്ടൻ : കഴിഞ്ഞയാഴ്ച പുറത്താക്കിയ ഉനേയ് എംറേയ്ക്ക് പകരം തങ്ങളുടെ മുൻ മിഡ്ഫീൽഡർ മൈക്കേൽ ആർട്ടേറ്റയെ ഇംഗ്ളീഷ് ഫുട്ബാൾ ക്ളബ് ആഴ്സനൽ പരിശീലകനായി നിയമിച്ചു. മൂന്നര വർഷത്തേക്കാണ് കരാർ.
ക്യാപ്ഷൻ
സംസ്ഥാന മാസ്റ്റേഴ്സ് നീന്തൽ ചാമ്പ്യൻഷിപ്പിൽ 200 മീറ്റർ , 100 മീറ്റർ, 50 മീറ്റർ ഫ്രീസ്റ്റൈൽ മത്സരങ്ങളിൽ സ്വർണം നേടിയ കെ.എ.ജോൺസൺ (വേളി ഷാജി).