തിരുവനന്തപുരം: ദൈവം ഒരുക്കിയ ഇടയശ്രേഷ്ഠനാണ് തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ.എം.സൂസപാക്യമെന്ന് മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. ആർച്ച് ബിഷപ് ഡോ.എം.സൂസപാക്യത്തിന്റെ പൗരോഹിത്യ സുവർണ ജൂബിലിയോടനുബന്ധിച്ചു പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലിൽ അർപ്പിച്ച കൃതജ്ഞതാ ബലിമദ്ധ്യേ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. വേദപുസ്തകത്തിൽ നിന്ന് സ്വാംശീകരിച്ച നന്മയാണ് ആർച്ച് ബിഷപ് ഡോ.എം.സൂസപാക്യത്തിന്റേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദൈവം നമ്മുടെ കൂടെയുണ്ടെന്നു ഉറപ്പു വരുത്തുന്ന ഇടയശ്രേഷ്ഠനാണ് ആർച്ച് ബിഷപ് ഡോ.എം. സൂസപാക്യം. അദ്ദേഹത്തിന്റെ ഇടയശുശ്രൂഷയെക്കുറിച്ചു അടുത്തറിയുന്നവരാണ് നാം ഓരോരുത്തരും. സ്‌നേഹിതൻ യജമാനന്റെ മനസ് സ്വന്തമാക്കുന്നു. ദൈവം പകർന്ന ശക്തിയിൽ വലിയ ശുശ്രൂഷകൾ തിരുസഭയിൽ നിർവഹിക്കുന്നതിനു അദ്ദേഹത്തിനു സാധിക്കുന്നു. കേരളത്തിനു അദ്ദേഹം നൽകിയ നേതൃത്വത്തിനു നാം കടപ്പെട്ടിരിക്കുന്നു. കെ.സി.ബി.സി അദ്ധ്യക്ഷനായിരുന്നപ്പോൾ സഭയെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുന്നിന് അദ്ദേഹത്തിനു സാധിച്ചു. സമൂഹത്തിലെ വിവിധ വിഷയങ്ങളിൽ ഇടപെട്ടു കൊണ്ട് പ്രത്യാശ കൈവിടാതെ ദൈവത്തിന്റെ പദ്ധതിക്കായി വിശ്വാസികളെ ഒരുക്കാനായെന്നും അദ്ദേഹം പറഞ്ഞു. കൃതജ്ഞതാബലിയിൽ നൂറുകണക്കിനു വിശ്വാസികൾ പങ്കുകൊണ്ടു.