തിരുവനന്തപുരം: നഗരത്തിൽ രണ്ടരടണ്ണോളം മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ച കോർപ്പറേഷൻ ഹെൽത്ത് സ്‌ക്വാഡിന്റെ നടപടി തെറ്റെന്ന് ചൂണ്ടിക്കാട്ടി ഭക്ഷ്യസുരക്ഷാവകുപ്പ് രംഗത്തെത്തിയതോടെ ഇരൂകൂട്ടരും പരസ്‌പരം ഏറ്റുമുട്ടുന്നു. നശിപ്പിച്ച മത്സ്യത്തിൽ ഫോർമാലിന്റെ അംശം ഉണ്ടെന്ന് ഹെൽത്ത് ‌സ്‌ക്വാഡ് ഉറപ്പിക്കുമ്പോൾ ഫോർമാലിൻ ഇല്ലെന്ന പരിശോധനാ ഫലമാണ് ഭക്ഷ്യസുരക്ഷ സുരക്ഷ വകുപ്പ് നൽകിയിരിക്കുന്നത്. ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നിലപാടിൽ ദുരൂഹതയുണ്ടെന്ന വിമർശനമായി കോർപ്പറേഷൻ രംഗത്തെത്തിയിട്ടുണ്ട്. മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന കണ്ടെയ്‌നർ ലോറിയിലെ രണ്ടര ടണ്ണോളം വരുന്ന നവര മത്സ്യമാണ് കഴിഞ്ഞ ദിവസം രാവിലെ നശിപ്പിച്ചത്. കോർപ്പറേഷൻ നടത്തിയ പരിശോധനയിൽ ഫോർമാലിന്റെ അംശം ഉണ്ടെന്നും ഭക്ഷ്യസുരക്ഷ വകുപ്പ് അനലറ്റിക്കൽ ലാബിൽ നടത്തിയ പരിശോധനയിൽ ഫോർമാലിൻ ഇല്ലെന്നുമാണ് കണ്ടെത്തിയത്. ഫോർമാലിന്റെ സാന്നിദ്ധ്യം കണ്ടെത്തുന്നതിനുള്ള അംഗീകൃത പരിശോധനാ കിറ്റായ ഹൈ റാപ്പിഡ് ഫോർമലിൻ ടെസ്റ്റ് കിറ്റ് ഉപയോഗിച്ചാണ് ഇരുവിഭാഗവും പരിശോധന നടത്തിയത്. ഫോർമാലിന്റെയും മറ്റ് രാസവ‌സ്‌തുക്കളുടെയും അംശം കണ്ടെത്താനുള്ള എച്ച്.പി.എൽ.സി, ജി.സിഎം.എസ് എന്നീ വിശദമായ തുടർ പരിശോധനകളാണ് കോർപ്പറേഷൻ ആവശ്യപ്പെട്ടിരുന്നത്. ഇതൊഴിവാക്കി റാപ്പിഡ് ഫോർമാലിൻ ടെസ്റ്റ് കിറ്റ് ഉപയോഗിച്ചുള്ള പരിശോധനയായിരുന്നു ലക്ഷ്യമെങ്കിൽ ഭക്ഷ്യസുരക്ഷ വകുപ്പിന് അത് കോർപ്പറേഷൻ ഓഫീസിനു മുമ്പിൽ പൊതുജനങ്ങളുടെയും മാദ്ധ്യമങ്ങളുടെയും മുന്നിൽ ചെയ്യാൻ കഴിയുമായിരുന്നുവെന്നും കോർപ്പറേഷൻ അധികൃതർ ചൂണ്ടിക്കാട്ടുന്നു. പിടിച്ചെടുത്ത മത്സ്യത്തിൽ നിന്ന് പ്ലാസ്റ്റിക്ക് കവറിലെ മത്സ്യം ശേഖരിച്ച് മറ്റൊരു സ്ഥലത്തേയ്ക്ക് കൊണ്ടുപോയി ദീർഘനേരം കഴിഞ്ഞശേഷം കിറ്റുപയോഗിച്ച് പരിശോധിച്ചാൽ ശരിയായ ഫലം ലഭിക്കില്ലെന്നും കോർപ്പറേഷൻ അധികൃതർ പറയുന്നു. സാധാരണ അനലറ്റിക്കൽ ലാബിലെത്തുന്ന മത്സ്യത്തിൽ ആദ്യം ഫോർമാലിൻ കിറ്റ് ഉപയോഗിച്ച് തന്നെയാണ് പരിശോധന നടത്തുന്നതെന്ന് ഭക്ഷ്യസുരക്ഷ വിഭാഗം ചൂണ്ടിക്കാട്ടുന്നു. ഇതിൽ ഫോർമാലിന്റെ അംശം കണ്ടെത്തിയാൽ മാത്രമ്രേ വിശദമായ പരിശോധനകളിലേക്ക് കടക്കുകയൂള്ളു. ഇത്തവണയും അത് തന്നെയാണ് ചെയ്‌തത്. ഈ മത്സ്യത്തിന്റെ സാമ്പിൾ അനലറ്റിക്കൽ ലാബിൽ സൂക്ഷിച്ചിട്ടുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. നേരിയ അളവിൽ ഫോർമാലിന്റെ അംശം മത്സ്യങ്ങളിൽ കാണാറുണ്ട്. ഇത് ഒരു പ്രത്യേക അളവിൽ കൂടിയാലേ കേസെടുക്കാനാകുവെന്നുമാണ് ഭക്ഷ്യസുരക്ഷ അധികൃതർ പറയുന്നു