പരിക്കിൽനിന്ന് മോചിതനായ സൂപ്പർ താരം ബർത്തലോമിയോ ഒഗുബച്ചെയെ കൂട്ടിയാണ് ഇന്നലെ ബ്ളാസ്റ്റേഴ്സ് ഇറങ്ങിയത്. ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ മത്സരം തുടങ്ങി അരമണിക്കൂർ പിന്നിട്ടപ്പോൾ തന്നെ മൂന്ന് ഗോളുകൾ ഇരുവലകളിലുമായി വീണുകഴിഞ്ഞിരുന്നു.
നാലാം മിനിട്ടിൽ ചെന്നൈയിൻ താരം ആന്ദ്രേ ഷെംബ്രിയുടെ വകയായിരുന്നു ആദ്യ ഗോൾ. വലത് ഫ്ളാങ്കിൽനിന്ന് പന്തുമായി മുന്നോട്ടുകയറിയ കിവെല്ലാറോ ബ്ളാസ്റ്റേഴ്സ് ഡിഫൻസിന്റെ കഴിവില്ലായ്മ മുതലെടുത്ത് നൽകിയ ക്രോസാണ് ഷെംബ്രി ഗോളാക്കി മാറ്റിയത്. സ്കോർ 1-0.
എന്നാൽ 10 മിനിട്ടിനകം ഇതിന് മറുപടി നൽകാൻ ബ്ളാസ്റ്റേഴ്സിന് കഴിഞ്ഞു. ഒബുഗച്ചെയായിരുന്നു സ്കോറർ. ബോക്സിന് പുറത്ത് തന്നെ ഫൗൾ ചെയ്തതിന് ലഭിച്ച ഫ്രീകിക്കിൽനിന്നാണ് ഒഗുബച്ചെ ചെന്നൈയിൻ വല കുലുക്കിയത്. സ്കോർ 1-1.
30-ാംമിനിട്ടിലാണ് ലാലിയൻ സുവാലെ ചാംഗ് തെയിലൂടെ ചെന്നൈയിൻ വീണ്ടും മുന്നിൽ കയറിയത്. വൽക്കീസിൽനിന്ന് മാർക്ക് ചെയ്യപ്പെടാതെ നിന്ന ചാംഗ് തേയിലേക്ക് വന്ന പാസ് നിസാരമായി വലയിൽ കയറുകയായിരുന്നു. സ്കോർ 2-1.
ആദ്യപകുതി അവസാനിക്കുന്നതിന് മുമ്പ് ഒരു ഗോൾ കൂടി ബ്ളാസ്റ്റേഴ്സിന്റെ വലയിൽ കയറി. 41-ാം മിനിട്ടിൽ ഒരു റീബൗണ്ട് ഷോട്ടിലൂടെയാണ് വൽകീസ് സ്കോർ ചെയ്തത്.