population

തിരുവനന്തപുരം: ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻ.പി.ആർ) പുതുക്കാനുള്ള നടപടികൾ നിറുത്തിവയ്ക്കാൻ പൊതുഭരണവകുപ്പിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. ഇതേത്തുടർന്ന് അടുത്തവർഷം ഏപ്രിലിനും മേയ് മാസത്തിനുമിടയിൽ എൻ.പി.ആർ പുതുക്കാൻ നടപടികൾ നിർദ്ദേശിച്ച് കഴിഞ്ഞ മാസം 12ന് ഇറക്കിയ ഉത്തരവ് മരവിപ്പിച്ചു. പുതിയ ഉത്തരവ് ഇന്നലെ രാത്രി പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ പുറത്തിറക്കി. എൻ.പി.ആർ പുതുക്കാനുള്ള ഉത്തരവ് പുറത്തായതോടെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വിമർശനവുമായി രംഗത്തെത്തിയിരുന്നു. ദേശീയ പൗരത്വ രജിസ്റ്ററിന്റെ ആദ്യപടിയായ ജനസംഖ്യാ രജിസ്റ്റർ പുതുക്കൽ പശ്ചിമബംഗാൾ സർക്കാർ നിറുത്തിവച്ചിട്ടും പൗരത്വഭേദഗതിയെ എതിർക്കുന്ന കേരളസർക്കാർ അതുമായി മുന്നോട്ട് പോകുന്നത് ജനവഞ്ചനയും ഇരട്ടത്താപ്പുമാണെന്നായിരുന്നു ചെന്നിത്തലയുടെ വിമർശനം.

പൗരത്വ നിയമ ഭേദഗതിയെ പറ്റിയുള്ള ആശങ്കകൾ കണക്കിലെടുത്ത് ദേശീയ ജനസംഖ്യാ രജിസ്റ്റർ പുതുക്കുന്നതിനുള്ള നടപടികളുമായി സർക്കാർ സഹകരിക്കില്ലെന്ന് മുഖ്യമന്ത്രി രാത്രിയോടെ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഭരണഘടനാ മൂല്യങ്ങളിൽ നിന്ന് വ്യതിചലിക്കുന്നതിനാലും സുപ്രീംകോടതിയുടെ പരിഗണനയിൽ ആയതിനാലും ദേശീയ ജനസംഖ്യാ രജിസ്റ്റർ തയ്യാറാക്കാനുള്ള നടപടികൾ നിറുത്താൻ നിർദ്ദേശിച്ചിട്ടുണ്ട്.

പത്തു വർഷത്തിലൊരിക്കൽ നടത്തുന്ന സെൻസസിന് സർക്കാർ എന്നും സഹായം നൽകിയിട്ടുണ്ട്. അത് തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.