തിരുവനന്തപുരം: വിദേശത്ത് ജോലി ശരിയാക്കാമെന്ന് പറഞ്ഞ് പലരിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതിയെ ഫോർട്ട് പൊലീസ് അറസ്റ്റുചെയ്‌തു. ആൾ സെയിന്റ്സ് കോളേജിന് സമീപം ടി.സി 32 / 771ൽ കൊച്ചനി എന്ന അനിൽകുമാറിനെയാണ് (38) അറസ്റ്റുചെയ്‌തത്. തട്ടിപ്പിനിരയായ വള്ളക്കടവ് സ്വദേശി മുഹമ്മദ് റിയാസിന്റെ പരാതിയിലാണ് അറസ്റ്റ്. വിദേശത്ത് ജോലിക്ക് വേണ്ടി മെഡിക്കൽ പരിശോധനയ്ക്ക് 12,500 രൂപയും വിസയ്‌ക്ക് 25,000 ഉൾപ്പടെ 37,500 രൂപ വീതം നിരവധി പേരിൽ നിന്നും ഇയാൾ കൈക്കലാക്കിയിരുന്നു. 2,25,000 രൂപ ഇങ്ങനെ പലരിൽ നിന്നും വാങ്ങിയതായി ഇയാൾ സമ്മതിച്ചിട്ടുണ്ട്. വഞ്ചിയൂർ കോട്ടയ്‌ക്കകം പത്മാനഗറിൽ ജ്യോതി ലോഡ്‌ജിലെ പത്താം നമ്പർ മുറിയിലാണ് അനധികൃതമായി സ്ഥാപനം പ്രവർത്തിച്ചിരുന്നത്. തട്ടിപ്പിന് ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും രേഖകളും പൊലീസ് കണ്ടെടുത്തു. വലിയതുറ, വഞ്ചിയൂർ, മംഗലാപുരം എന്നീ പൊലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുണ്ട്. ഫോർട്ട് സി.ഐ എ.കെ. ഷെറി, എസ്.ഐമാരായ വിമൽ, പ്രമോജ്, ക്രൈം എസ്.ഐ സജു എബ്രഹാം, എസ്.ഐ ദിനേശ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.