തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏജീസ് ഓഫീസിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി. ബാരിക്കേഡ് ചാടിക്കടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇന്നലെ രാത്രി 8 ഓടെയാണ് മുപ്പതോളം വരുന്ന പ്രവർത്തകർ യൂണിവേഴ്‌സിറ്റി കോളേജിന് മുന്നിൽ നിന്നും ഏജീസ് ഓഫീസിലേക്ക് പ്രകടനമായെത്തിയത്. ജലപീരങ്കി പ്രയോഗത്തിനിടെ പരിക്കേറ്റ പ്രവർത്തകനെ ആശുപത്രിയിലേക്ക് മാറ്റി. മാർച്ച് സംസ്ഥാന കമ്മിറ്റി അംഗം ശരത് എം.എസ് ഉദ്‌ഘാടനം ചെയ്‌തു. യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ എ.ആർ. റിയാസ്, ജില്ലാ സെക്രട്ടറി റിയാസ് വഹാബ്, ജില്ലാ പ്രസിഡന്റ് അഭിജിത് എന്നിവർ പങ്കെടുത്തു.