kochi-metro

കൊച്ചി: കൊച്ചി മെട്രോ നിർമാണത്തിനായി എത്തിച്ച 40 ടൺ കമ്പി ഇരുമ്പനത്തുള്ള സ്റ്റോക്കിംഗ് യാർഡിൽ നിന്നും മോഷ്ടിച്ച് കടത്തിയ കേസിൽ അന്വേഷണം എടയാറിലെ സ്ക്രാപ് വ്യാപാരിയിലേക്ക് നീളുന്നു. പ്രാഥമിക അന്വേഷണവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. എടയാറിലെ സ്‌ക്രാപ് വ്യാപാരിയായ ഷംസുദ്ദീന്റെ പറമ്പിൽനിന്നാണ് കടത്തിക്കൊണ്ടുപോയ കമ്പി പൊലീസ് കണ്ടെടുത്തത്.

അതേസമയം, കേസിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെ കേരളകൗമുദി ഫ്ലാഷിനോട് പറഞ്ഞു. കടത്തുമായി ബന്ധമുള്ള ആരും രക്ഷപ്പെടില്ല. എല്ലാവരും അറസ്റ്റിലാകുമെന്നും അദ്ദേഹം പറഞ്ഞു. ഇരുമ്പ് കമ്പി കടത്തുമായി ബന്ധപ്പെട്ട് കെ.എം.ആർ.എല്ലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ആവശ്യപ്പെടുമെന്ന് കെ.എം.ആർ.എൽ. എം.ഡി അൽകേഷ് കുമാർ ശർമ പറഞ്ഞു. കേസിൽ മൂന്ന് പേർ അറസ്റ്റിലായിട്ടും വിവരം എം.ഡി അറിയുന്നത് ഇന്ന് രാവിലെ മാത്രമാണ്. തട്ടിപ്പിന് പിന്നിൽ കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്ന സാഹചര്യത്തിൽ ഇക്കാര്യം മനപൂർവ്വം മറച്ചതിന് പിന്നിൽ മറ്റെന്തിലും ഗൂഢ ലക്ഷ്യങ്ങളുണ്ടോയെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. മെട്രോ നിർമാണത്തിന് എത്തിച്ച സാമഗ്രികൾ മോഷ്ടിച്ച് കടത്തിയ സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് പ്രദേശവാസികൾ.

പാലാരിവട്ടം ഫ്ലൈഓവർ നിർമാണത്തിലെ ക്രമക്കേട് മെട്രോയുടെ നിർമാണത്തിലും സംഭവിച്ചേക്കാമെന്ന ആശങ്കയാണ് നാട്ടുകാരെ പരാതി നൽകാൻ പ്രേരിപ്പിച്ചിരിക്കുന്നത്. അതേസമയം,​ സ്ക്രാപ് വ്യാപാരിയെ രക്ഷിക്കാൻ പൊലീസ് ഒളിച്ചുകളി നടത്തുന്നതായി ആരോപണം ഉയർന്നിട്ടുണ്ട്. കടത്തിക്കൊണ്ടുപോയ കമ്പിയും വാഹനവും എടയാറിലെ സ്‌ക്രാപ് വ്യാപാരിയായ ഷംസുദ്ദീന്റെ പറമ്പിൽ കണ്ടെത്തിയെങ്കിലും ഇയാളിൽ നിന്നും മൊഴിയെടുക്കാൻ പോലും പൊലീസ് തയ്യാറായിട്ടില്ല. 20ലക്ഷത്തിലധികം വിലമതിക്കുന്ന പൊതുമുതൽ സ്‌ക്രാപ്പിന്റെ മറവിൽ കടത്താനായിരിക്കാം എടയാറിലെത്തിച്ചതെന്ന സംശയം നിലനിൽക്കെ തുടർനടപടികൾ മന്ദഗതിയിലായതാണ് പൊലീസിനെതിരെ ആരോപണം ശക്തമാകാൻ കാരണം.

അതേസമയം, കേസിലെ മുഖ്യപ്രതികളായ ആലുവ സ്വദേശി യാസിർ, സുഹൃത്ത് മുഹമ്മദ് ഫറൂഖ് എന്നിവർ ഒളിവിലാണ്. ഇരുവരെയും പിടികൂടിയ ശേഷം കേസിൽ കൂടുതൽപേരെ പ്രതിയാക്കുന്ന കാര്യം തീരുമാനിക്കുകയുള്ളൂ എന്നാണ് പൊലീസ് പറയുന്നത്. യാസിറും ഫറൂഖും ജില്ല വിട്ടിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. ഇവർക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. കേസിൽ റിമാൻഡിൽ കഴിയുന്ന കർണാടക സ്വദേശി ശരണബാസപ്പ (23), കൊല്ലം സ്വദേശി ഷൈൻ (39), തിരുവനന്തപുരം കണിയാപുരം സ്വദേശി വിഷ്ണു (29) എന്നിവരെ അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങും. കഴിഞ്ഞ ദിവസമാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി മെട്രോയുടെ തൃപ്പൂണിത്തുറ പേട്ട മുതൽ എസ്.എൻ ജംഗ്ഷൻ വരെയുള്ള ജോലികൾ ഏറ്റെടുത്ത കമാനി എൻജിനീയറിംഗ് കമ്പനിയുടെ 20 ലക്ഷം രൂപ വിലവരുന്ന കമ്പികളാണ് കഴിഞ്ഞ 18 ന് മോഷ്ടിച്ചത്. പിടിയിലായവരിൽ ശരണബാസപ്പ കമ്പനിയുടെ സ്റ്റോർ അസിസ്റ്റന്റും മറ്റുള്ളവർ കമ്പനിയിലെ ജീവനക്കാരുമാണ്. കമ്പനിയിലേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനങ്ങൾ എത്തിച്ചുകൊടുക്കുന്ന ആലുവ സ്വദേശിയായ യാസർ, സുഹൃത്ത് മുഹമ്മദ് ഫറുഖ് എന്നിവർ ചേർന്ന് ജോലിക്കാരുടെ സഹായത്താൽ സ്റ്റോക്ക് യാർഡിൽ നിന്നും വർക്ക് സൈറ്റുകളിലേക്ക് കൊണ്ട് പോകാനെന്ന വ്യാജേന ലോറിയിൽ കമ്പി കയറ്റി കൊണ്ടു പോകുകയായിരുന്നു.

കമ്പനി നൽകിയ പരാതിയിലുള്ള അന്വേഷണത്തിലാണ് ആലുവ ഇടയാറിലെ ഷംസുദ്ദീന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തു നിന്ന് മോഷണമുതൽ കണ്ടെടുത്തത്. ലോറി ഡ്രൈവറാണ് ഈ സ്ഥലം പൊലീസിന് കാണിച്ചു കൊടുത്തത്. ചില കേസുമായി ബന്ധപ്പെട്ട് ഇന്നലെ തിരിക്കിലായിരുന്നു. മെട്രോയുമായി ബന്ധപ്പെട്ട കേസ് വാർത്തകളിൽ നിന്നാണ് അറിഞ്ഞത്. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസിൽ നിന്ന് ആവശ്യപെടും. കേസിൽ പഴുതുകൾ ഇല്ലാതെ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യും. വിജയ് സാഖറെ സിറ്റി പൊലീസ് കമ്മിഷണർ കമ്പി കടത്ത് കേസുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ആവശ്യപ്പെടും. റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടിയെടുക്കും അൽകേഷ് കുമാർ ശർമ എം.ഡി കെ.എം.ആർ.എൽ