ശിവഗിരി: തീർത്ഥാടന ദിവസങ്ങളിൽ റോഡ് സുരക്ഷ ക്രമീകരണങ്ങൾക്കായി 'സേഫ് ശിവഗിരി ' പദ്ധതി ഇക്കൊല്ലവും നടപ്പാക്കാൻ ഗതാഗത മന്ത്റി എ.കെ.ശശീന്ദ്രന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം തീരുമാനിച്ചു. ഡിസംബർ 29 മുതൽ ജനുവരി 1 വരെ മോട്ടോർവാഹനവകുപ്പാണ് സുരക്ഷിതയാത്ര പദ്ധതി നടപ്പാക്കുക. ഇതിനായി വർക്കലയിൽ പ്രത്യേക കൺട്രോൾറൂം പ്രവർത്തിക്കും.
തിരുവനന്തപുരം, കൊല്ലം എൻഫോഴ്സ് മെന്റ് ആർ.ടി.ഒ മാർ ആറ്റിങ്ങൽ, തിരുവനന്തപുരം ആർ.ടി.ഒ മാർ എന്നിവരാണ് നിർവ്വഹണ ഉദ്യോഗസ്ഥന്മാർ. ദക്ഷിണ മേഖല ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ പദ്ധതിയുടെ ക്രമീകരണ ചുമതല വഹിക്കും. റിക്കവറി സൗകര്യവുമുണ്ടായിരിക്കും. തീർത്ഥാടനം പ്രമാണിച്ച് കെ.എസ്.ആർ.ടി.സി ശിവഗിരിയിലേക്ക് സ്പെഷ്യൽ സർവീസുകൾ നടത്തും. 40 തീർത്ഥാടകർ ഉൾപ്പെടുന്ന സംഘത്തിന് തീർത്ഥാടന ദിവസങ്ങളിൽ വന്നുപോകുവാൻ പ്രധാന ഡിപ്പോകളിൽ നിന്നു സ്പെഷ്യൽ ബസുകൾ അനുവദിക്കും. ഇതിനായി ഓപ്പറേഷൻ വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടറെ ബന്ധപ്പെടണം. ഗതാഗതകമ്മിഷണർ ആർ.ശ്രീലേഖ, കെ.എസ്.ആർ.ടി.സി എം.ഡി എ.പി.ദിനേശ്, ശിവഗിരിമഠം പി.ആർ.ഒ കെ.കെ.ജനീഷ്, ഗതാഗതവകുപ്പ് അഡിഷണൽ സെക്രട്ടറി മാലതി, ജോയിന്റ് സെക്രട്ടറി ടി.സി.രാജീവ് പുത്തലത്ത്, കെ.എസ്.ആർ.ടി.സി എക്സിക്യൂട്ടീവ് ഡയറക്ടർ അനിൽകുമാർ, റോഡ് സേഫ്റ്റി കമ്മിഷണറുടെ പ്രതിനിധി എന്നിവർ പങ്കെടുത്തു. തീർത്ഥാടകരുടെ യാത്രാസൗകര്യത്തിന് പ്രത്യേക യോഗം വിളിച്ച മന്ത്റിയെ അഡ്വ. വി.ജോയി എം.എൽ.എ നന്ദി അറിയിച്ചു.