dronar

'ഉൻകേ കപടോം സേ പതാ ചൽ ജാത്താ ഹൈ' എന്ന് ന.മോ.ജി പറയുന്നത് തികഞ്ഞ ആത്മവിശ്വാസത്തോടെയാണ്. ഏത് തുണി എങ്ങനെയുടുക്കണം, ഏത് തുണി ഏതാളുകളുടുക്കണം, ഇനി ഏതാളുകളുടുത്താലാണ് ആ തുണി, തുണിയാവുക എന്ന് ന.മോ.ജിയോളം അറിവുള്ള ഒരാൾ ഈ ഭൂമിയിൽ ജീവിച്ചിരിപ്പില്ലെന്നതാണ് ആ ആത്മവിശ്വാസത്തിന് നിദാനം. ന.മോ.ജി അങ്ങനെയൊക്കെ പറയാമോ എന്ന് ചോദിക്കുന്നവർ വെറും വിവരദോഷികൾ. ന.മോ.ജിയാണ് അതു പറയാൻ സർവഥാ യോഗ്യൻ!

ചിലയാളുകൾ തുണിയുടുത്താലും ഉടുത്തിട്ടുണ്ടെന്ന് തോന്നാറില്ല. അങ്ങനെയുള്ള തുണികൾ തയ്പിക്കാനും ന.മോ.ജിക്കറിയാം. വേണ്ടിവന്നാൽ ന.മോ.ജി അത്തരം തുണികൾ തയ്ക്കുകയും അത് ഉടുക്കുകയും ചെയ്യാറുണ്ട്. ഇത് തിരിച്ചറിയാൻ വയ്യാത്ത ചില ഇസ്പേഡേഴാംകൂലികൾ ഇപ്പോൾ ഡൽഹി തൊട്ട് മംഗലാപുരത്ത് വരെയായി റോഡ് നീളേ നടന്നുനടന്ന്, അയ്യേ രാജാവ് ഉടുത്തിട്ടില്ലേ... എന്ന് വിളിച്ചുകൂവുന്നുണ്ട്. പാവങ്ങൾ! വസ്ത്രാലങ്കാരത്തിന്റെ ആധുനിക ട്രെൻഡ് പോയിട്ട് പൗരാണിക ട്രെൻഡ് പോലും തിരിച്ചറിയാത്ത ഇനങ്ങളാണ്. ഈ വിളിച്ചുകൂവുന്ന ടീംസ് ഉടുത്തിട്ടുള്ള തുണി കണ്ടപാടേ അത് തിരിച്ചറിഞ്ഞതിനാലാണ് ഉൻകേ കപടോം സേ പതാ ചൽ ജാത്താ ഹൈ എന്ന് ന.മോ.ജി വിളിച്ചുപറഞ്ഞത്. ന.മോ.ജിയല്ലാതെ, അമിത് ഷാജിക്കാണ് അത് തിരിച്ചറിയാനാവുക. ചിലപ്പോൾ നമ്മുടെ കേസുരേന്ദ്രൻജിക്കും അത് സാധിച്ചെന്നിരിക്കും.

വസ്ത്രാലങ്കാരത്തിൽ ന.മോ.ജിയെ വെല്ലാൻ എന്തിനേറെ, നമ്മുടെ ഇന്ദ്രൻസിന് പോലും സാധിക്കില്ലെന്ന് നൂറ്റുക്കുനൂറ് ശതമാനം ഉറപ്പാണ്.

ന.മോ.ജി ഏറ്റവും വില കൂടിയ കുർത്തകൾ- ഓന്തിന്റെ നിറം മാറുമ്പോലെ മാറാൻ ശേഷിയുള്ളവ - ചിലപ്പോൾ ധരിക്കാറുണ്ട്. അതൊരു ചേഞ്ചിന് വേണ്ടിയാണ്. ഉലകം ചുറ്റുമ്പോൾ ദേഹത്ത് ചുറ്റാൻ തക്ക പാകത്തിലുള്ള ഉടുപ്പുകൾ ന.മോ.ജിയുടെ തയ്യൽക്കടയിൽ ഇഷ്ടംപോലെ കരുതിവച്ചിട്ടുണ്ട്. അമിത് ഷാജിക്ക് മാത്രമാണ് ചിലപ്പോൾ അതിലൊന്നോ രണ്ടോ ന.മോ.ജി കൊടുക്കാറ്. അത് അങ്ങേയറ്റത്തെ വാത്സല്യം ഒന്ന് കൊണ്ടുമാത്രമാണ്.

ഇപ്പോൾ തെരുവിൽ വിളിച്ചുകൂവുന്നവർ 'കാ, കാ' എന്ന് വിളിക്കുന്നത് കേൾക്കുന്നുണ്ട്. വല്ല കാക്കയേയോ പരുന്തിനെയോ ഓടിക്കാനാണോ ആ വിളിയെന്ന ബോദ്ധ്യത്താലാണ് (തെറ്റായാലും ശരിയായാലും) ആ വിളിച്ചുകൂവുന്നവരേതാണെന്ന് അവരുടെ തുണി മാത്രം നോക്കി ന.മോ.ജി പ്രഖ്യാപിച്ചുകളഞ്ഞത്! പക്ഷേ അവറ്റകളുടെ വിളിയിപ്പോൾ കുറച്ച് കടുക്കുന്നു. ഒരു മാതിരിപ്പെട്ട കൂക്കിവിളികളിലൊന്നും തളരാത്ത പ്രകൃതമാണെങ്കിലും ന.മോ.ജിയും ഷാജിയും ഇമ്മാതിരി വിളി അടുത്തകാലത്തൊന്നും കേട്ടിട്ടില്ല. ഉടുത്ത തുണിയിലല്ല കാര്യം എന്ന് ന.മോ.ജിക്ക് ഇനിയെങ്ങാനും തോന്നിപ്പോയാൽ തെറ്റ് പറയാനാവില്ല. കേരള പാണിനിക്കും ചിലപ്പോൾ വ്യാകരണപ്പിഴവുകൾ സംഭവിക്കാം. മനുഷ്യനല്ലേ. അതുകൊണ്ട് ന.മോ.ജിയായാലും വിലയിരുത്തലുകളിൽ ചില പാളിച്ചകൾ സംഭവിക്കാം.

പണ്ട് വെറുമൊരു തോർത്ത് മുണ്ട് മാത്രമുടുത്ത് നടന്ന മനുഷ്യൻ വിചാരിച്ചപ്പോൾ സൂര്യനസ്തമിക്കാത്ത സാമ്രാജ്യം പോലും പിന്തിരിഞ്ഞ് പോയിട്ടുള്ള നാടാണ്. ആ നാട്ടിൽ തുണിയുടെ സൈസും കളറും നോക്കി ആളുകളെ വെട്ടിമുറിക്കാൻ ന.മോ.ജി ശ്രമിച്ചാലത് അല്പം കടന്ന കൈയായിപ്പോവില്ലേ എന്ന് സംശയിച്ചാൽ ദ്രോണരെ ആരും കുറ്റം പറയരുത്. ഗാന്ധി ഉടുത്ത തുണി നോക്കി, 'ഓ, ഇവനോ' എന്ന് ധരിച്ചവർക്കാണ് പാളിച്ച പറ്റിയത്. നിസ്സഹകരണപ്രസ്ഥാനം വരെ നയിച്ച് സാമ്രാജ്യത്വത്തെ മുട്ടുവിറപ്പിച്ചത് ഈ അർദ്ധനഗ്നനായ ഫക്കീറാണ് എന്നോർത്താൽ തീരാവുന്നതേയുള്ളൂ പ്രശ്നങ്ങൾ, ന.മോ.ജീ!



ചോമ്പാല ഗാന്ധി മുല്ലപ്പള്ളിജിക്ക് പിണറായി സഖാവിനെ കാണുന്നത് ചതുർത്ഥിയാണ്. ബ്രാഹ്മമുഹൂർത്തിലെഴുന്നേറ്റ്, പച്ചവെള്ളം ചവച്ചരച്ച് കുടിച്ച്, ആട്ടിൻപാൽ നുണഞ്ഞ്, രഘുപതിരാഘവ പാടി നൂൽ നൂൽക്കാനിരുന്നാൽ, പിന്നെ ചോമ്പാലഗാന്ധി എഴുന്നേൽക്കുന്നത് പിണറായി സഖാവിനെ നാല് ചീത്ത പറയാൻ മാത്രമാണ്. അതുകഴിഞ്ഞ് വീണ്ടും രഘുപതി രാഘവ പാടി കാലം പോക്കുന്നതാണ് ശീലം. ആ ചോമ്പാലഗാന്ധിയോട് ചെന്നിത്തലഗാന്ധി കാണിച്ചത് അല്പം കടന്ന കൈയായിപ്പോയി.

ഏത് പൗരത്വനിയമത്തിന്റെ പേരിലായാലും ചെന്നിത്തലഗാന്ധി അതൊരിക്കലും ചെയ്യരുതായിരുന്നു. പിണറായി സഖാവിന്റെ കൈയും പിടിച്ച് സമരമിരിക്കുകയെന്നാൽ എന്താ കഥ! പണ്ട് ഗാന്ധിജി ഇതുപോലെ ബ്രിട്ടീഷ് സാമ്രാജ്യത്തിലെ വെല്ലിങ്ടൺ പ്രഭുവിന്റെ കൈക്കും പിടിച്ച് രക്തസാക്ഷിമണ്ഡപത്തിലിരുന്ന് പാട്ടും പാടി സമയം പാഴാക്കിയിരുന്നെങ്കിൽ ഇന്നീ ചെന്നിത്തല ഗാന്ധിക്ക് തന്നെ കൊടിവച്ച കാറിലിരുന്ന് പറക്കാനാകുമായിരുന്നോ? വന്ന വഴി ആരായാലും, ഏത് ചെന്നിത്തലഗാന്ധിയായാലും മറക്കരുത്. അതുകൊണ്ട് പൗരത്വമൊക്കെ അവിടെ നിൽക്കട്ടെ, മേലാൽ സൂര്യനസ്തമിക്കാത്ത പിണറായിസാമ്രാജ്യത്തിൽ ഇനിയൊരു സംയുക്തസമരത്തിന് ചെന്നിത്തലഗാന്ധി ഇറങ്ങിപ്പുറപ്പെടരുത് എന്ന് സ്നേഹബുദ്ധ്യാ ഉപദേശിക്കുകയാണ്!

ഇ-മെയിൽ: dronar.keralakaumudi@gmail.com