sp

രംഗം തൃശൂർ ജില്ലയിലെ ഏങ്ങണ്ടിയൂരുള്ള ജീവനം പ്രകൃതിചികിത്സാലയം. ഞാൻ ഇവിടെ ചികിത്സയ്‌ക്ക് വിധേയനായി കഴിയുന്നു. ഇവിടെ ചികിത്സയെടുത്തു കഴിയുന്ന ഒരു വല്യമ്മയും രണ്ടു പെൺമക്കളുമുണ്ട്. മക്കൾ രണ്ടുപേരും മദ്ധ്യവയസു കഴിഞ്ഞവർ. ഇളയ മകൾക്കൊരു മകളുണ്ട്. ആ മകൾ ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്നു. ഈ മകളുടെ അമ്മയായ മകൾക്കൊരു സുഖക്കേട് - മകളെ വിട്ടു താമസിച്ചാൽ പലതരം മാനസികാസ്വസ്ഥതകൾ വരും. വാരാന്ത്യത്തിൽ മകൾ ഹോസ്റ്റലിൽ നിന്ന് വീട്ടിലേക്കു വരുന്നു എന്നറിഞ്ഞ അമ്മ ചികിത്സയൊക്കെ മതിയാക്കി വീട്ടിലേക്കോടി.

അവർ പോയിക്കഴിഞ്ഞപ്പോഴോ? അവരുടെ അമ്മയ്ക്ക് ഇവിടെ വലിയ മനോവേദന - മകളെ പിരിഞ്ഞിരിക്കുന്നതിലുള്ള വേദന തന്നെ.

ആഹാരം കഴിക്കുമ്പോഴാണ് ഞങ്ങളെല്ലാം ഒത്തുകൂടുന്നത്. ഇപ്പോൾ കൂടെയുള്ള മൂത്ത മകൾ അനുജത്തിയുടെ ഈ മനോദൗർബല്യത്തെപ്പറ്റി കളിയാക്കിപ്പറഞ്ഞു.

ഞാൻ : ''ഈയിരിക്കുന്ന അമ്മയുടെ മകൾ തന്നെയല്ലേ? എങ്ങനെ കരയാതിരിക്കും?"

അമ്മയോടായി ഞാൻ പറഞ്ഞു : ''അമ്മേ, അമ്മ ഇവിടെയിരുന്ന് എത്ര കരഞ്ഞാലും മകളും അവരുടെ മകളും അവിടെ സന്തോഷമായിത്തന്നെയിരിക്കും. അമ്മ കരയുന്ന കാര്യം അവർ ഓർത്തെന്നും വരില്ല. അമ്മ കരയുന്നതു മാത്രം മിച്ചം.

''പിന്നെ നമ്മളെ കരയിക്കാൻ വേണ്ടത്ര കാര്യങ്ങൾ നമ്മുടെ ചുറ്റിനുമുണ്ട്; അമ്മാതിരി സംഭവങ്ങൾ ധാരാളം ചുറ്റിനും നടക്കുന്നുണ്ട്. നമ്മളെ ചിരിപ്പിക്കാനും സന്തോഷിപ്പിക്കാനുമുള്ള കാര്യങ്ങളും അതുപോലെ ചുറ്റുപാടുമുണ്ട്. അതുപോലെ സംഭവങ്ങളും.

'' ഏതു വേണമെന്ന് വിവേകപൂർവം തീരുമാനിക്കേണ്ടത് അവരവർ തന്നെ. ഈ തീരുമാനമനുസരിച്ചിരിക്കും ജീവിതം ദുഃഖം നിറഞ്ഞതാണോ ചിരിയും സന്തോഷവും നിറഞ്ഞതാണോ എന്നത്."

ആ അമ്മ മനസു തുറന്നു ചിരിച്ചു. ഒപ്പം മകളും. ഉടനെ അമ്മ ഒരറപ്പുമില്ലാതെ ഉറക്കെ പറഞ്ഞു,

''ഞാനിനി കരയില്ല."

അടുത്ത ദിവസം ആ അമ്മ ആശുപത്രിയിൽ നിന്നു പോയി. വീട്ടിൽ ചെന്നതിന്റെ അടുത്ത ദിവസം അനുജത്തി മരിച്ചു. വിവരമറിയിക്കുമ്പോഴും അവർ പറയാൻ മറന്നില്ല. ''ഞാനിനി കരയില്ല."