കടയ്ക്കാവൂർ: അഞ്ചുതെങ്ങ് പഞ്ചായത്തിൽ ലഹരിമരുന്ന് ഉപയോഗവും കച്ചവടവും വർദ്ധിച്ചിട്ടും അധികൃതർ ശ്രദ്ധിക്കുന്നില്ലെന്ന് പരാതി. കഞ്ചാവ്, സ്റ്റാമ്പ് പോലുളള ലഹരി മരുന്നുകൾ എന്നിവ അഞ്ചുതെങ്ങിൽ ഇപ്പോൾ സുലഭമാണ്. ഇതിനെതിരെ അഞ്ചുതെങ്ങ് നിവാസികൾ അധികൃതർക്ക് പരാതി നൽകിയെങ്കിലും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല. അഞ്ചുതെങ്ങിൽ പലപ്പോഴും അസമയങ്ങളിൽ സംശയാസ്പദമായ രീതിയിൽ സ്കൂൾ കുട്ടികളും ചെറുപ്പക്കാരും ഉൾപ്പെടെ പലരും വന്നു പോകുന്നതായി നാട്ടുകാർ പറയുന്നു. ലഹരിക്ക് അടിമപെട്ട്, സ്കൂളിൽ പോകാതെ വീടുകളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണവും വർദ്ധിക്കുന്നുണ്ട്. ലഹരിമരുന്ന് മാഫിയയെ പേടിച്ച് നാട്ടുകാരിൽ പലരും മൗനം പാലിക്കുകയാണിപ്പോൾ. ലഹരി ഉപയോഗം വർദ്ധിച്ചിട്ടും അധികൃതരു‌ടെ ശ്രദ്ധ ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് അഞ്ചുതെങ്ങ് കോൺഗ്രസ് മണ്ഡലം കമ്മിറ്റി അടുത്തിടെ പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തിയിരുന്നു. ഇതിന് ഉടനെ പരിഹാരം കിട്ടുമെന്ന ഉറപ്പിന്മേലാണ് അന്ന് പ്രതിഷേധിച്ചവർ പിരിഞ്ഞുപോയത്. മാമ്പളളി ഇടവകയും ഇടവക വികാരിയുടെ നേതൃത്വത്തിൽ ലഹരി വിമുക്തറാലി നടത്തിയിരുന്നു. അഞ്ചുതെങ്ങിലെ ലഹരി ഉപയോഗവും വിൽപനയും ഇല്ലാതാക്കുന്നതിന് ഇടവകകളും പൊതുപ്രവർത്തകരും അധികാരികളും ഒരുമിച്ച് പ്രവർത്തിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.