''എന്താ ഒന്നും പറയാത്തത്. നിങ്ങൾ തയ്യാറാണോ അല്ലയോ? അത് മാത്രം അറിഞ്ഞാൽ മതി എനിക്ക്."
പരുന്ത് റഷീദ് വീണ്ടും ഒച്ച താഴ്‌ത്തി സംസാരിച്ചു.
''ആദ്യം കാര്യം വ്യക്തമായിട്ട് പറ പരുന്തേ... അതിനുശേഷമേ ഒരു തീരുമാനമെടുക്കാൻ കഴിയൂ" ചന്ദ്രകലയാണു പറഞ്ഞത്.
പരുന്ത് കല്ലറയിൽ നിന്നെടുത്ത നിധിയുടെ കാര്യം പറഞ്ഞു.
''ങ്‌ഹേ?"
ചന്ദ്രകലയ്ക്കും പ്രജീഷിനും അതു വിശ്വസിക്കാൻ കഴിഞ്ഞില്ല."
''സത്യമാണോ ഇതൊക്കെ?"
''പിന്നെ ഞാനെന്തിനു കള്ളം പറയണം?"
പരുന്തിന് ഈർഷ്യ വന്നു.
''അപ്പോൾ ഇനിയും നിധിയുണ്ടാകുമല്ലോ..."
പ്രജീഷിന് അളവറ്റ ആഹ്ളാദം തോന്നി.
''തീർച്ചയായും. പക്ഷേ മുഴുവൻ എടുത്തുകഴിയുമ്പോൾ അവർ നമ്മളെ മൂന്നുപേരെയും കൊല്ലും. ഒളിച്ചുനിന്ന് കേട്ടതാ ഞാൻ അവരുടെ സംഭാഷണം."
വീണ്ടും ഒരു നിശ്ശബ്ദത.
''നമ്മൾ ഏതുവഴി രക്ഷപെടും?"
പ്രജീഷിന് അതറിയണം.
''തട്ടിൻപുറത്തുകൂടി."
അത്രയുമേ പറഞ്ഞുള്ളു പരുന്ത്.
''ഞങ്ങൾക്കു സമ്മതം. എന്നാൽ കിട്ടുന്ന ഡയമണ്ട്‌സ് കൃത്യമായി വീതിക്കണം."
പരുന്തും സമ്മതിച്ചു.
''ഒരു കാര്യം കൂടി." ചന്ദ്രകല ഓർമ്മപ്പെടുത്തി. ''നിങ്ങൾ നിധിയെടുക്കാൻ ഇനി പോകും മുൻപ് ഈ വാതിലിന്റെ ഓടാമ്പൽ നീക്കിവയ്ക്കണം. കിടാക്കന്മാർ അറിയാതെ... എങ്കിലേ നിനക്ക് ആപത്തുവരികയാണെങ്കിൽ ഞങ്ങൾക്ക് രക്ഷപെടുത്താൻ പറ്റൂ."
ആ പറഞ്ഞതിൽ കാര്യമുണ്ടെന്ന് പരുന്തിനും അറിയാം.
''ശരി. അങ്ങനെ ചെയ്യാം."
പരുന്ത് മുറി വിട്ടു. വാതിൽ പഴയ പടി പുറത്തുനിന്ന് ലോക്കു ചെയ്തു.
അടുത്ത പ്രഭാതം.
കരുളായിയിൽ ബലഭദ്രൻ തമ്പുരാന്റെ ഗേറ്റിനു മുന്നിൽ ആംബുലൻസ് വന്നുനിന്നു. പിന്നിൽ കാറും.
വിവരം അറിഞ്ഞതിനാൽ ധാരാളം ആളുകൾ അവിടെ തടിച്ചുകൂടിയിരുന്നു.
കാറിൽ നിന്ന് ആദ്യമിറങ്ങിയത് ബലഭദ്രനാണ്. പിന്നെ അയാൾ പിറകിലെ ഡോർ തുറന്നു.
''ഇറങ്ങ്."
നിലവിളിച്ചുകൊണ്ട് സുമംഗലയും ഇന്ദിരാഭായിയും ഇറങ്ങി. ശേഷം വീടിനുള്ളിലേക്കോടി. കട്ടിലിൽ കമിഴ്‌ന്നു വീണു തേങ്ങി.
ബന്ധുക്കളായ സ്‌ത്രീകൾ അവർക്കു പിന്നാലെ ചെന്നു.
നാട്ടുകാരിൽ ഒരാൾ ആംബുലൻസിന്റെ പിന്നിലെ ഡോർ തുറന്നു.
ഏതാനും പേർ അകത്തേക്കു കയറി.
ആംബുലൻസ് ജീവനക്കാരുടെ സഹായത്തോടുകൂടി ദേവനന്ദയുടെ മൃതദേഹം മൊബൈൽ മോർച്ചറിക്കൊപ്പം പുറത്തിറക്കി.
ആദ്യം അത് വീടിന്റെ ഹാളിൽ കൊണ്ടുവച്ചു. മുറ്റത്തെ പന്തലിൽ ബോഡി വയ്ക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
പന്തലിൽ നിന്ന് ജനങ്ങൾ ഹാളിലേക്ക് ഇരച്ചുകയറി.
നിലമ്പൂർ സ്റ്റേഷനിൽ നിന്ന് നാലു പൊലീസുകാരെ സി.ഐ അലിയാർ അവിടെ ഡ്യൂട്ടിക്കിട്ടിട്ടുണ്ട്.
''ഇങ്ങനെ തള്ളിക്കയറണ്ടാ. എല്ലാവർക്കും കാണാം."
പൊലീസ് ജനങ്ങളെ നിയന്ത്രിച്ചു. വീടിനുള്ളിൽ നിന്ന് കൂട്ടനിലവിളികൾ ഉയർന്നു.
ഹാളിലെ ഒരു സെറ്റിയിൽ ജീവച്ഛവമായി ബലഭദ്രൻ തളർന്നിരുന്നു.
വിവരമറിഞ്ഞ് എസ്.പി ഷാജഹാനും എത്തി. കൂടെ അലിയാരും ഉണ്ടായിരുന്നു.
ഷാജഹാൻ, ബലഭദ്രന്റെ അടുത്തിരുന്നു.
''വിഷമിക്കരുതെന്നു പറയുന്നതിൽ അർത്ഥമില്ലെന്ന് അറിയാം തമ്പുരാനേ. പക്ഷേ നിയന്ത്രിക്കണം."
ഷാജഹാൻ, ബലഭദ്രന്റെ കയ്യിൽ പിടിച്ചു.
തമ്പുരാന്റെ മുഖത്ത് നിന്ദ കലർന്ന ഒരു ഭാവം വന്നു.
''ഇനി വിഷമിച്ചിട്ടോ സ്വയം നിയന്ത്രിച്ചിട്ടോ കാര്യമില്ലെന്ന് എനിക്കറിയാം സാർ.... പക്ഷേ എന്റെ മകൾക്ക് ഈ ഗതിയുണ്ടാക്കിയവനെ ഞാനിങ്ങെടുക്കും. ഭൂമി കുഴിച്ച് അവിടെപ്പോയി ഒളിച്ചിരുന്നാലും ആ സമയത്ത് നിങ്ങൾ എന്നെ തടയരുത്. ഞാൻ സ്വയം വന്ന് നിങ്ങളുടെ മുന്നിൽ കീഴടങ്ങിക്കൊള്ളാം.,"
തമ്പുരാന്റെ പല്ലുകൾക്കിടയിൽ വാക്കുകൾ ചതഞ്ഞു.
മറുപടി പറയാതെ ഷാജഹാൻ സി.ഐ അലിയാരെ ഒന്നു നോക്കി.
അർത്ഥഗർഭമായ നോട്ടം!
ബലഭദ്രൻ തമ്പുരാനെ അറിയാത്തവർ നിലമ്പൂരിൽ ആരുമില്ല. അതിനാൽത്തന്നെ ജനം അവിടേക്ക് ഒഴുകിയെത്തിക്കൊണ്ടിരുന്നു....
ഉച്ചയ്ക്കുശേഷമാണ് ശവസംസ്കാരം തീരുമാനിച്ചിരിക്കുന്നത്.
8 മണി.
വടക്കേ കോവിലകത്ത് നിലവറയിലേക്ക് പോകുവാൻ ഭാവിക്കുകയായിരുന്നു കിടാക്കന്മാരും പരുന്ത് റഷീദും.
''ഇന്നത്തെ രാത്രിയോടെ എല്ലാ കല്ലറകളും നമുക്ക് പൊളിക്കണം."
ശ്രീനിവാസകിടാവ് പരുന്തിനു നേർക്കു കണ്ണയച്ചു.
''കഴിവതും ഞാൻ ശ്രമിക്കാം സാർ." പരുന്ത് പറഞ്ഞു.
എന്നാൽ എന്തുവന്നാലും അങ്ങനെ ചെയ്യില്ലെന്ന് അയാൾ മനസിൽ ഉറപ്പിക്കുകയും ചെയ്തു.
നിലവറയ്ക്കുള്ളിൽ ഇനിയും പൊളിക്കുവാൻ ആറേഴ് കല്ലറകൾ കൂടിയുണ്ട്.
അവർ നിലവറയ്ക്കു നേർക്കു പോകുന്നത് തങ്ങളെ അടച്ചിരുന്ന മുറിയുടെ താക്കോൽ പഴുതിലൂടെ കാണുന്നുണ്ടായിരുന്നു ചന്ദ്രകല.
വിശപ്പും ദാഹവും കൊണ്ട് ആകെ വശംകെട്ടിരിക്കുകയായിരുന്നു ഇരുവരും.
അത്യാവശ്യത്തിന് അവർ ബാത്ത്‌റൂമിൽ നിന്നാണു വെള്ളമെടുത്തു കുടിച്ചത്.
''കലേ..." പ്രജീഷ് വിളിച്ചു. ''നമ്മൾ കഥയിൽ ഒരു മാറ്റം വരുത്താൻ പോകുകയാണ്."
ചന്ദ്രകലയുടെ നെറ്റി ചുളിഞ്ഞു.
(തുടരും)