
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആരംഭിച്ച പ്രതിഷേധം രാജ്യത്തിന്റെ പല ഭാഗങ്ങളിലും വ്യാപകമായ അക്രമങ്ങളിലേക്കും അരാജകത്വത്തിലേക്കും തിരിഞ്ഞിരിക്കുകയാണ്. പ്രക്ഷോഭകാരികളെ അടിച്ചമർത്താൻ അധികാരികൾ കൈക്കൊള്ളുന്ന മർദ്ദക നടപടികൾ ഇതിനകം യു.പിയിലും കർണാടകയിലുമായി പത്തിലധികം മനുഷ്യജീവനുകൾ അപഹരിക്കുകയും ചെയ്തു. ദിവസം ചെല്ലുന്തോറും സംഘർഷം പടരുകയും മൂർച്ഛിക്കുകയും ചെയ്യുന്നത് രാജ്യത്തെ പൊതുവായ സമാധാനാന്തരീക്ഷം തകർത്തുകഴിഞ്ഞു. പ്രക്ഷോഭം അക്രമത്തിലേക്കു തിരിഞ്ഞതോടെ വൻനഗരങ്ങളിൽ ഒട്ടേറെ പൊതു - സ്വകാര്യ മുതലുകൾ നശിപ്പിക്കപ്പെട്ടു കഴിഞ്ഞു.
ക്രിസ്മസ് - നവവത്സര ആഘോഷങ്ങൾക്കായി കാത്തിരിക്കുന്നവരിൽ ഭീതി ജനിപ്പിച്ചുകൊണ്ടാണ് പ്രതിഷേധവുമായി ബന്ധപ്പെട്ട അക്രമങ്ങൾ കത്തിപ്പടരുന്നത്. ഈ നിലയിൽ എത്ര ദിവസം മുന്നോട്ടുപോകാനാവുമെന്ന് ഏവരും ഗൗരവപൂർവം ചിന്തിക്കേണ്ട സമയമെത്തിയിരിക്കുകയാണ്. മഹായുദ്ധങ്ങൾക്കുവരെ പരിഹാരമുണ്ടായത് നിരന്തര കൂടിയാലോചനകളിലൂടെയാണ്. പൗരത്വ നിയമം സംബന്ധിച്ചും തുറന്ന ഒരു ചർച്ചയ്ക്ക് വേദി ഒരുക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ തന്നെയാകണം അതിനു മുൻകൈയെടുക്കേണ്ടത്. നിയമ ഭേദഗതിയെക്കുറിച്ച് തർക്കമോ സംശയമോ ഉണ്ടെങ്കിൽ ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്യാൻ താൻ ഒരുക്കമാണെന്ന് ഇതിനിടെ അദ്ദേഹം സൂചന നൽകിയതാണ്. അത് ആത്മാർത്ഥതയോടെയാണു പറഞ്ഞതെങ്കിൽ ഒട്ടും വൈകാതെ തർക്കകക്ഷികളെ വിളിച്ചുകൂട്ടി തുറന്ന ചർച്ചയ്ക്കു അവസരമൊരുക്കണം. പൗരത്വ ഭേദഗതി നിയമം നിലവിലെ ഒരു ഇന്ത്യൻ പൗരനും ദോഷകരമല്ലെങ്കിലും ഒടുങ്ങാത്ത തെറ്റിദ്ധാരണ ജനമനസുകളിൽ ഇതിനകം കടന്നുകൂടിയിട്ടുണ്ട്. അത്തരം ഭീതിയും സംശയങ്ങളുമാണ് നിയമത്തെ എതിർക്കുന്നവരെ സമരമുഖത്തേക്ക് വൻതോതിൽ കൊണ്ടുവരാൻ ഇടയാക്കുന്നത്. പൗരത്വ ഭേദഗതി നിയമവിരുദ്ധ പ്രക്ഷോഭത്തിന്റെ മറവിൽ സ്വാർത്ഥലക്ഷ്യങ്ങളുമായി നുഴഞ്ഞു കയറിയവർ ഇല്ലെന്നു പറയാനാവില്ല. കലാപത്തിന് എവിടെയും തിരികൊളുത്തുന്നവർ ഈ ഗണത്തിൽ പെടുന്നവരാണ്. പിടിച്ചാൽ പിടികിട്ടാത്തവിധം പ്രക്ഷോഭത്തിന്റെ രൂപവും ഭാവവും മാറുന്നത് സസൂക്ഷ്മം വീക്ഷിച്ചാൽ ഇതു ബോദ്ധ്യമാകും.
രാജ്യത്തെ സാധാരണ നിലയിലേക്കു മടക്കിക്കൊണ്ടുവരാൻ കേന്ദ്ര സർക്കാരിനുള്ള ഉത്തരവാദിത്വം വളരെ വലുതാണ്. എതിരിടലിന്റെ ഭാഷയോ അടിച്ചമർത്തൽ സമീപനമോ കൊണ്ടു പരിഹരിക്കാവുന്നതല്ല രാജ്യത്ത് ഇപ്പോൾ നടക്കുന്ന പ്രതിഷേധ മുന്നേറ്റം. പ്രക്ഷോഭത്തിന്റെ മുൻനിരയിലുള്ള സർവകക്ഷികളെയും വിളിച്ചിരുത്തി പ്രശ്നപരിഹാരം തേടുകയാണു വേണ്ടത്. ഭേദഗതി നിയമത്തിൽ രാഷ്ട്രപതി ഒപ്പുവച്ചിട്ടേയുള്ളൂ. നിയമം പ്രാബല്യത്തിലായിട്ടില്ല. പ്രാബല്യത്തിലാകണമെങ്കിൽ അത് വിജ്ഞാപനം ചെയ്യണം. പൗരത്വഭേദഗതി നിയമത്തിന്റെ പേരിൽ രാജ്യത്ത് ഇപ്പോഴുള്ള ആരെയും ബുദ്ധിമുട്ടിക്കുകയില്ലെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ട്വിറ്ററിലൂടെയല്ലാതെ ചുമതലപ്പെട്ട മന്ത്രി തന്നെ പ്രക്ഷോഭകരുടെ പ്രതിനിധികളെ വിളിച്ചുവരുത്തി നേരിൽ വിശദീകരിക്കുകയായിരുന്നു കൂടുതൽ ഉചിതം. 1971-നു മുമ്പ് ഇവിടെ താമസിച്ചിരുന്നുവെന്നു തെളിയിക്കുന്ന ജനന സർട്ടിഫിക്കറ്റ്, ജനന സ്ഥലരേഖ, തിരിച്ചറിയൽ കാർഡ് തുടങ്ങിയവ നൽകി പൗരത്വം തെളിയിക്കേണ്ട സാഹചര്യം ആർക്കും ഉണ്ടാവില്ലെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉറപ്പ്. എന്നാൽ നിയമത്തിൽ ദഹിക്കാത്ത കാര്യങ്ങൾ വേറെയും ഉണ്ടെങ്കിൽ സംശയനിവാരണം ആവശ്യമാണ്. കൂടിയാലോചനയ്ക്ക് വേദി ഒരുക്കണമെന്നു പറയുന്നത് അതുകൊണ്ടാണ്. പൗരത്വ ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്യുന്ന അറുപതോളം ഹർജികൾ സുപ്രീംകോടതിയുടെ മുമ്പിലിരിക്കുകയാണ്. ഇതിൽ തീർപ്പുണ്ടാകുന്നതുവരെ നിയമം ഏതായാലും നടപ്പാക്കാൻ പോകുന്നില്ലെന്നതു വസ്തുതയാണ്. നിയമത്തിനെതിരെ കല്ലും കട്ടകളും തീപ്പന്തവുമായി തെരുവിലിറങ്ങിയവർക്ക് കോടതി വിധി വരുന്നതുവരെ കാത്തിരിക്കാനുള്ള ക്ഷമയില്ലാതെ പോയി. തർക്കവിഷയം പരമോന്നത കോടതിയുടെ തീർപ്പിനു വിട്ടശേഷം അതേ പ്രശ്നത്തിൽ പ്രക്ഷോഭത്തിലൂടെ പരിഹാരം കാണാനാണു ശ്രമിക്കുന്നത്.
പ്രതിഷേധം കണക്കിലെടുത്ത് ദേശീയ പൗരത്വപട്ടിക രാജ്യവ്യാപകമായി തയ്യാറാക്കുന്ന പദ്ധതി തത്കാലം നിറുത്തിവയ്ക്കാൻ കേന്ദ്രം തീരുമാനിച്ചത് നന്നായി. പൗരത്വ പട്ടികയ്ക്കെതിരെയും വ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. കേരളം ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങൾ എൻ.ആർ.സി നടപ്പാക്കുകയില്ലെന്ന നിലപാടിലാണ്.
പൗരത്വ നിയമത്തിന്റെ പേരിൽ നടന്നുവരുന്ന പ്രക്ഷോഭത്തീ അണയ്ക്കാനുള്ള മാർഗം കണ്ടുപിടിക്കുക എന്നതാണ് അടിയന്തരാവശ്യം. സമരമുഖത്ത് വീറോടെ നിൽക്കുന്നവർക്കും അതിനുള്ള ഉത്തരവാദിത്വമുണ്ട്. പ്രക്ഷോഭം അക്രമത്തിലേക്കും വ്യാപകമായ കൊള്ളിവയ്പിലേക്കും തിരിയാതെ അവർ ശ്രദ്ധിക്കേണ്ടിയിരുന്നു. ജനത്തെ ഇളക്കിവിടാൻ എളുപ്പമാണ്. സ്ഥിതി കൈവിട്ടുപോകാതെ നോക്കാനാണു പ്രയാസം. ബി.ജെ.പി അധികാരത്തിലിരിക്കുന്ന യു.പിയിലും കർണാടകയിലും ഭരണപക്ഷത്തുള്ളവരുടെ പ്രകോപനപരമായ സമീപനങ്ങൾ പ്രക്ഷോഭം കൂടുതൽ ആളിക്കത്തിക്കുന്ന തരത്തിലാണ്. കർണാടകത്തിലെ സാംസ്കാരിക മന്ത്രിയുടെ വാക്കുകൾ ഇതിനുദാഹരണമാണ്. ഭൂരിപക്ഷത്തിന് ക്ഷമ കെട്ടാൽ ഗോധ്ര ആവർത്തിച്ചേക്കുമെന്നാണ് വിവേകശൂന്യമായി ഈ മന്ത്രി വച്ചു കാച്ചിയത്. വാവിട്ട വാക്കുകൾ തിരിച്ചെടുക്കാനായെന്നുവരില്ല. കാലുഷ്യം മനസു നിറയെ കൊണ്ടുനടക്കുന്ന ഇത്തരം നേതാക്കളും അവർക്കു ചേർന്ന ഉദ്യോഗസ്ഥരുമൊക്കെ ചേർന്നാണ് പലേടത്തും സമാധാനം തകർക്കുന്നത്. എതിർചേരിയിലുള്ള ചിലരുടെ പ്രസംഗങ്ങളും എരിതീയിൽ എണ്ണ പകരുന്നവയാണ്. രാജ്യത്തിന്റെ ഭാവിയും താത്പര്യവും ഓർത്ത് ഏവരും വിവേകവും സംയമനവും പ്രദർശിപ്പിക്കേണ്ട സന്ദർഭമാണിത്.