തിരുവനന്തപുരം:ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ മുറജപം ലക്ഷദീപത്തോടനുബന്ധിച്ച് നടത്തുന്ന ദേശീയ വേദിക് കോൺഫറൻസ് ജനുവരി 2ന് തുടങ്ങും. പടിഞ്ഞാറെ നടയിലെ പാഞ്ചജന്യം ആഡിറ്റോറിയത്തിൽ നടക്കുന്ന കോൺഫറൻസ് 2ന് രാവിലെ 9.30ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും.മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.അഞ്ചുവരെയാണ് സമ്മേളനം.

10 സെക്‌ഷനുകളായാണ് കോൺഫറൻസ്.വേദ പണ്ഡിതരായ ഡോ.സി.എം.നീലകണ്ഠൻ, ഡോ.സുലോചനാദേവി,ഡോ.രവീന്ദ്രൻ, ഡോ.വി.ശിശുപാലപണിക്കർ,ഡോ.മണി ദ്രാവിഡ്, ഡോ.ജി.ഗംഗാധരൻനായർ,ഡോ.കെ.എച്ച്. സുബ്രഹ്മണ്യൻ,ഡോ.വസന്തകുമാരി എന്നിവർ പ്രബന്ധാവതാരകരാവുക. ഉദ്ഘാടന സമ്മേളനത്തിൽ കെ. ജയകുമാറും സമാപനസമ്മേളനത്തിൽ ഡോ. രാജൻ ഗുരുക്കളും മുഖ്യപ്രഭാഷണം നടത്തും.കേരളത്തിലെയും മറ്റ് സംസ്ഥാനങ്ങളിലെയും പ്രമുഖ പണ്ഡിതർ സമ്മേളനത്തിൽ പങ്കെടുക്കും.വേദങ്ങളുടെ സംഗീതം,താളം, ഉച്ചാരണം,പഠനത്തിലെ ഓർമ്മശക്തി തുടങ്ങി വൈവിദ്ധ്യമായ പ്രബന്ധങ്ങൾ കോൺഫറൻസിലുണ്ടാകുമെന്ന് തന്ത്രി തരണനല്ലൂർ പ്രദീപ് നമ്പൂതിരി വാർത്താസമ്മേളനത്തിൽ അറിയിച്ചു.ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ വി.രതീശൻ,​ഫിനാൻസ് ഓഫീസർ ഉദയഭാനു കണ്ടേത്ത്,സംസ്കൃത പണ്ഡിതരായ ഡോ.സി.എം.നീലകണ്ഠൻ,​പ്രൊഫ.എ.സുബ്രഹ്മണ്യ അയ്യർ തുടങ്ങിയവർ പങ്കെടുത്തു.

ശ്രീപദ്മനാഭം പുരസ്‌കാരം ഡോ. കെ.എം. ജാതവേദൻ

നമ്പൂതിരിക്കും കുപ്പ രാമഗോപാല സോമയാജിക്കും

മുറജപത്തോടനുബന്ധിച്ച് ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ഏർപ്പെടുത്തിയ ശ്രീപദ്മനാഭം പുരസ്‌കാരത്തിന് ഋഗ്വേദ പണ്ഡിതനായ ഡോ.കെ.എം.ജാതവേദൻ നമ്പൂതിരിയും ആന്ധ്രയിലെ യജുർവേദ പണ്ഡിതനായ കുപ്പ രാമഗോപാല സോമയാജിയും അർഹരായി.50,​001 രൂപ വീതവും ശ്രീപദ്മനാഭന്റെ ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.പുരസ്കാരം വേദിക് കോൺഫറൻസിന്റെ സമാപന ദിവസമായ ജനുവരി 5ന് ഉച്ചയ്ക്ക് തന്ത്രി തരണനല്ലൂർ പരമേശ്വരൻ നമ്പൂതിരിപ്പാട് സമ്മാനിക്കും.