ff

നെയ്യാറ്റിൻകര: കൊല്ലയിൽ കളത്തറയ്ക്കൽ പാടത്ത് നെൽകൃഷി ഇറക്കുമ്പോൾ കർഷകർക്ക് ലാഭിക്കുന്ന ലാഭത്തിന്റെ വാഗ്ദാനങ്ങളായിരുന്നു മുന്നിൽ.എന്നാൽ ലാഭം സ്വപ്നം കണ്ട് കൃഷിയിറക്കിയ കർഷകരിന്ന് കടക്കെണിയിലാണ്. തുടർച്ചയായുള്ള കൃഷിനാശവും കൃഷിയിലെ തെറ്റായ സാങ്കേതിക ഉപദേശവും കർഷകരെ തള്ളിവിട്ടത് നഷ്ടങ്ങളുടെ കൂമ്പാരത്തിലേക്കാണ്. ഇക്കഴിഞ്ഞ മഴക്കാലത്ത് പാടം വെള്ളത്തിൽ മുങ്ങി. കനത്ത കൃഷിനാശവും നഷ്ടവും ഉണ്ടായിട്ടും കർഷകർക്ക് വിള ഇൻഷ്വറൻസ് ലഭിച്ചില്ല. തുടർന്ന് കൃഷി ചെയ്യാത്തതുകാരണം പാടശേഖരം കളകൾ കൊണ്ട് നിറഞ്ഞു. കൃഷിയും കൃഷിപ്പാടവും ഉപയോഗശൂന്യമായി മാറി.

കളത്തറയ്ക്കൽ പാടത്തെ കൃഷി തുടക്കത്തിൽ ലാഭകരമായിരുന്നെങ്കിലും കഴിഞ്ഞ പ്രളയം മുതൽ കർഷകരുടെ ദുരിതം തുടങ്ങി. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ നാല് തവണ കൃഷിയിറക്കി. ആദ്യ തവണ

പ്രളയത്തിൽ കനത്ത നാശനഷ്ടമുണ്ടായി. രണ്ടാം തവണ കർഷകർ വിത്തിറക്കി കൃഷി തുടങ്ങിയെങ്കിലും വേണ്ടത്ര ജലം ലഭ്യമല്ലാതെ കൃഷി നഷ്ടത്തിലായി.

നെയ്യാറ്റിൻകര, പാറശാല മേഖലകളിൽ നെൽകൃഷി പുനരുജ്ജീവിപ്പിക്കാനായി കളത്തറയ്ക്കൽ പാടത്ത് 2017ലാണ് പദ്ധതി തുടങ്ങിയത്. മുഖ്യമന്ത്രി നേരിട്ടെത്തിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. 12 ഏക്കർ നെൽക്കൃഷി മാത്രമുണ്ടായിരുന്നിടത്ത് 36 ഏക്കർ പ്രദേശത്തായി വ്യാപിപ്പിച്ചു. കൊല്ലയിൽ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും ഇടപെടലാണ് നെൽകൃഷി വർദ്ധിപ്പിക്കാനുള്ള പദ്ധതിക്ക് തുടക്കമിട്ടത്.

കൃഷികളെല്ലാം നഷ്ടത്തിലായപ്പോൾ മൂന്നാം തവണ കൃഷിയിറക്കിയത് വിദഗ്ധോപദേശത്തോടെയാണ്. വെള്ളായണി കാർഷിക കോളേക് കൃഷി വിഭാഗം ഒരു പുതിയ പ്രോജക്ടും മുന്നിൽവച്ചു. ഇതിൽ കാർഷിക ഉപകരണങ്ങളും അനുബന്ധ ചെലവും കർഷകർ വഹിച്ചാൽ മതി. കൃഷിയുടെ മൊത്ത ചെലവും പ്രോജക്ടിൽ ഉൾപ്പെടും. തുടർന്ന് നടീൽയന്ത്രത്തിന്റെ സാഹയത്തോടെ കൃഷിയിറക്കി. നല്ല മണ്ണും ജൈവവളവും മണലും ചേർത്ത് കൃഷിയിടം തയാറാക്കുന്നതിന് പകരം വയലിലെ തന്നെ മേൽമണ്ണ് ഉപയോഗിച്ച് കൃഷിയിടം തയാറാക്കി. ഇത് അശാസ്ത്രീയമായ കൃഷിയിറക്കലാണെന്ന് കർഷകർ പറയുന്നു. നെല്ലിനോടൊപ്പം കളയും വളർന്നു. പാടത്ത് കള പെരുകിതോടെ വിളവുകുറഞ്ഞ് കൃഷി നഷ്ടത്തിലായി. കള പറിച്ചു കളയുവാൻ കൃഷി ഇറക്കുന്നതിനേക്കാൾ ചെലവായി.