മുടപുരം: ചിറയിൻകീഴിന്റെ സാമൂഹിക ജീവിതത്തിൽ സ്വാധീനം ചെലുത്തിയ തൊഴിൽമേഖലയാണ് കൈത്തറി രംഗം. ഒരു കാലത്ത് പതിനായിരങ്ങളുടെ തൊഴിൽ മേഖലയായിരുന്നു.
കുടിൽ വ്യവസായം എന്ന നിലയിൽ കൈത്തറി സ്ത്രീകളുടെ ഒരു സ്വയം തൊഴിൽ രംഗം കൂടി ആയിരുന്നു. ഇടത്തരം വീടുകളിൽ ചർക്കയും തറിയും മുഖ്യ സ്ഥാനത്തായിരുന്നു. സ്ത്രീകൾ നെയ്‌തെടുക്കുന്ന വസ്ത്രങ്ങൾ ഒരു 'തിപ്പെട്ടി 'ആക്കി തലച്ചുമടായി വിൽക്കുന്ന ഗൃഹനാഥന്മാരും ഏറെയായിരുന്നു. ഈ തൊഴിലാളികളുടെ ക്ഷേമത്തിനായി സർക്കാർ തലത്തിൽ നെയ്തു സഹകരണ സംഘങ്ങൾ രൂപം കൊണ്ടു. നെയ്യുന്ന വസ്ത്രങ്ങൾ വില നൽകി വാങ്ങുന്നതിനും അതിന് ആവശ്യമായ നൂലുകൾ കടമായി നൽകുന്നതിനും ഈ സംഘങ്ങൾ സഹായിച്ചിരുന്നു. പിന്നീട് പ്രവർത്തനം താളം തെറ്രി.
പതിറ്റാണ്ടുകൾക്ക് മുൻപ് പുഷ്കലാവസ്ഥയിൽ നിന്ന ഒരു കൈത്തറി സംഘമാണ് കൈലാത്തുകോണം കൈത്തറി നെയ്ത്ത് വ്യവസായ (ഉത്പാദക വിക്രയ) സഹകരണ സംഘം. കോരാണി മാർക്കറ്റ് ജംഗ്‌ഷനിലെ വാടകകെട്ടിടത്തിലാണ് ഈ സംഘം പ്രവർത്തനം ആരംഭിച്ചത്. 1966 ൽ കുറക്കടയിൽ സ്ഥലം വാങ്ങുകയും പുതിയ മന്ദിരം നിർമ്മിക്കുകയും ചെയ്തു. ഓഫീസ്, സെയിൽസ് ഡിപ്പോ, ഗോഡൗൺ, തറികൾ വെച്ച് നെയ്യുന്നതിനുള്ള സ്ഥലം തുടങ്ങിയവ അടങ്ങുന്നതായിരുന്നു കെട്ടിടം. എന്നാൽ കാലപ്പഴക്കം കൊണ്ട് ഈ കെട്ടിടം ഇപ്പോൾ തകർന്ന നിലയിലാണ്. കോരാണി ചിറയിൻകീഴ് റോഡിലെ പ്രധാന ബസ് സ്റ്റോപ്പിലാണ് ഈ മന്ദിരം സ്ഥിതി ചെയ്യുന്നത്. കെട്ടിടം ജീർണാവസ്ഥയിലായതിനാൽ ഇത് പൊളിച്ച് പുതിയ മന്ദിരം നിർമ്മിക്കാൻ കൈത്തറി സംഘം തയ്യാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
കാലത്തിനനുസരിച്ച് മാറ്റം വരുത്തി വൈവിധ്യവത്കരണവും വിപണിക്ക് ആവശ്യമായ തരത്തിൽ ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കുകയും ചെയ്താൽ ഈ മേഖലയെ തകർച്ചയിൽ നിന്ന് കരകയറ്റാൻ കഴിയുമെന്നാണ് വിദ്ഗ്ദ്ധർ പറയുന്നത്.